എ.ഐ കാമറകള്‍ കുടുക്കി 37000 നിയമലംഘനങ്ങള്‍

റോഡപകടങ്ങള്‍ കുറയ്ക്കുന്നതിനും ഗതാഗത നിയമലംഘനം തടയുന്നതിനുമായി ആവിഷ്‌കരിച്ച സേഫ് കേരള പദ്ധതിയുടെ ഭാഗമായി സ്ഥാപിച്ച ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കാമറകളില്‍ കുടുങ്ങിയത് നിരവധിപേര്‍. രാത്രിയിലുള്‍പ്പെടെ നടക്കുന്ന നിയമലംഘനങ്ങള്‍ വ്യക്തതയോടെ തിരിച്ചറിയാന്‍ സാധിക്കുമെന്നതാണ് എ.ഐ ക്യാമറകളുടെ പ്രത്യേകത.
MUBEENA.K
Published on 08 August 2023 IST

ജൂണ്‍ അഞ്ചുമുതല്‍ കഴിഞ്ഞ ദിവസം വരെ ജില്ലയില്‍ എ.ഐ കാമറ വഴി 37000 നിയമലംഘനങ്ങള്‍ കണ്ടെത്തി രജിസ്റ്റര്‍ ചെയ്തു. 18,50,000 രൂപ പിഴ ചുമത്തി. ജില്ലയില്‍ 50 കാമറകളാണുള്ളത്. എപ്രില്‍ 20 മുതലാണ് എ.ഐ കാമറ വഴി നിയമലംഘനം കണ്ടെത്തുന്ന സംവിധാനം നിലവില്‍ വന്നത്. ആദ്യത്തെ ഒരുമാസം നിയമലംഘനങ്ങള്‍ കണ്ടെത്തിയാല്‍ ബോധവല്‍ക്കരണം നല്‍കുകയാണ് ചെയ്തത്. ജൂണ്‍ അഞ്ചുമുതലാണ് പിഴ ഈടാക്കാന്‍ തുടങ്ങിയത്. മാര്‍ച്ച്, ഏപ്രില്‍, മെയ്, ജൂണ്‍ മാസങ്ങളിലായി എന്‍ഫോഴ്സ്മെന്റിന്റെ നേതൃത്വത്തില്‍ മാത്രം ജില്ലയില്‍ 35,156 പരിശോധനകള്‍ നടത്തിയിട്ടുണ്ട്. ഹെല്‍മറ്റ് ധരിക്കാതെ യാത്ര ചെയ്തതിനാണ് ഏറ്റവും കൂടൂതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. മാര്‍ച്ച് മാസം 1289, ഏപ്രില്‍-3730, മെയ്-1289, ജൂണ്‍-2977 എന്നിങ്ങനെയാണ് ഹെല്‍മറ്റ് ധരിക്കാത്തതുമായി ബന്ധപ്പെട്ട നിയമലംഘനം കണ്ടെത്തിയത്.

കണ്‍ട്രോള്‍ ആണ് എല്ലാ വിവരങ്ങളും

രാത്രിയിലുള്‍പ്പെടെ നടക്കുന്ന നിയമലംഘനങ്ങള്‍ വ്യക്തതയോടെ തിരിച്ചറിയാന്‍ സാധിക്കുമെന്നതാണ് എ.ഐ ക്യാമറകളുടെ പ്രത്യേകത. മട്ടന്നൂരിലെ എന്‍ഫോഴ്സ്മെന്റ് ആര്‍.ടി ഓഫിസിലാണ് കണ്‍ട്രോള്‍ റൂം. നിയമലംഘനം കണ്ടെത്തുന്ന കാമറയില്‍ നിന്നു തിരുവനന്തപുരത്തുള്ള സെന്‍ട്രല്‍ കണ്‍ട്രോള്‍ റൂമിലാണു ആദ്യം വിവരം ലഭിക്കുക. അവിടെ നിന്ന് ജില്ലാ കണ്‍ട്രോള്‍ റൂമിലേക്ക് വിവരം കൈമാറും. തുടര്‍ന്ന് വീടുകളിലേക്ക് നോട്ടിസ് എത്തുന്നതിനൊപ്പം വാഹനം രജിസ്റ്റര്‍ ചെയ്തപ്പോള്‍ നല്‍കിയ ഫോണ്‍ നമ്പറിലേക്ക് പിഴയീടാക്കുന്നത് സംബന്ധിച്ച വിവരം മെസേജായും ലഭിക്കും. ചക്കരക്കല്‍(കണ്ണൂര്‍-മട്ടന്നൂര്‍) റോഡില്‍ സ്ഥാപിച്ച കാമറ ഒരു വാഹനാപടത്തെ തുടര്‍ന്ന് തകര്‍ന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട കേസ് കോടതിയില്‍ നടക്കുകയാണ്.


മാസം, നടത്തിയ പരിശോധനകള്‍, പിഴ ചുമത്തിയത്

മാര്‍ച്ച്            6912        92,63,095
ഏപ്രില്‍        6403        74,68,455
മെയ്            6286        86,57,270
ജൂണ്‍            15,555        1,24,52,425    

 

എ.ഐ കാമറ വന്നതിനുശേഷം ഹെല്‍മറ്റ് ധരിക്കാതെയുള്ള യാത്ര, വാഹനം ഓടിക്കുമ്പോഴുള്ള മൊബൈല്‍ ഉപയോഗം എന്നിവ ഏറെക്കുറെ കുറഞ്ഞിട്ടുണ്ടെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്്. രണ്ടുപേരും സീറ്റ് ബെല്‍റ്റ് ധരിക്കണമെന്നുള്ള കാര്യമാണ് പലരും കാര്യമാക്കാത്തത്. മൂന്നുമാസം കഴിയുന്നതോടെ വാഹനാപകടം, മരണനിരക്ക് എന്നിവ കുറയും. കാമറ സ്ഥാപിച്ചതോടെ പിഴ പേടിച്ചാണെങ്കിലും വാഹനം ഓടിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ജനങ്ങളുടെ ജീവിതത്തിന്റെ ഭാഗമായി മാറുന്നുണ്ടെന്ന് കണ്ണൂര്‍ എന്‍ഫോഴ്സ്മെന്റ് ആര്‍.ടി.ഒ എ.സി ഷീബ പറഞ്ഞു.


ജനപ്രതിനിധികളും കുടുങ്ങി
എംപി പത്ത് തവണയും ഒരു എംഎല്‍എ ഏഴ് തവണയും നിയമംലംഘിച്ചു

എഐ കാമറ വന്നാലും വിഐപി വാഹനങ്ങള്‍ നിയമലംഘനം നടത്തിയാല്‍ പിഴ ഈടാക്കില്ലെന്ന തരത്തില്‍ ആരോപണം ഉയര്‍ന്നിരുന്നു. ഒരുമാസത്തെ നിയമലംഘനത്തിന്റെ കണക്കാണ് മന്ത്രി പുറത്തുവിട്ടത്. എന്നാല്‍ എംപിമാരുടെയോ എംഎല്‍എമാരുടെയോ പേര് മന്ത്രി പറഞ്ഞിട്ടില്ല. ഒരുമാസത്തിനിടെ ഗതാഗത നിയമലംഘനത്തിന് എഐ കാമറയില്‍ കുടുങ്ങിയത് 29 ജനപ്രതിനിധികളുടെ വാഹനങ്ങള്‍. 19 എംഎല്‍എമാരും പത്ത് എംപിമാരുമാണ് കുടുങ്ങിയതെന്ന് ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചത്. ഒരു എംപി പത്ത് തവണയും ഒരു എംഎല്‍എ ഏഴ് തവണയും നിയമംലംഘിച്ചു. 328 സര്‍ക്കാര്‍ വാഹനങ്ങളും ഇക്കൂട്ടത്തിലുണ്ടെന്ന് മന്ത്രി പറഞ്ഞു. ഇവരില്‍ നിന്ന് പിഴ ഈടാക്കാനുള്ള നടപടികള്‍ ആരംഭിച്ചതായും മന്ത്രി പറഞ്ഞു. നിയമലംഘനമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ജനപ്രതിനിധികള്‍ക്ക് നോട്ടീസ് അയക്കും. ആവശ്യമെങ്കില്‍ ജനപ്രതിനിധികള്‍ക്ക് ഗതാഗതവകുപ്പിന്റെ ഓഫീസുകളില്‍ അപ്പീല്‍ നല്‍കാം. അല്ലെങ്കില്‍ അടുത്തദിവസം തന്നെ പിഴ അടയ്‌ക്കേണ്ടി വരും. കാസര്‍കോട്  കേന്ദ്രീകരിച്ചുള്ള റോഡിലാണ് നിയമലംഘനം കൂടുതല്‍ ആയി ഉണ്ടായിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു. ഇനി മുതല്‍ വാഹനങ്ങളുടെ ഇന്‍ഷുറന്‍സ് പുതുക്കാന്‍ ഗതാഗത നിയമ ലംഘനങ്ങള്‍ക്കുള്ള പിഴ അടച്ചുതീര്‍ക്കണമെന്ന് മന്ത്രി പറഞ്ഞു. ഇതിനായി ഇന്‍ഷുറന്‍സ് കമ്പനികളുമായി ചര്‍ച്ച നടത്തുമെന്നും മന്ത്രി പറഞ്ഞു.

വാഹനപകടം കുറഞ്ഞു

എഐ കാമറ സ്ഥാപിച്ചതിന് ശേഷം വാഹനാപകടത്തില്‍ മരിക്കുന്നവരുടെ എണ്ണം ഗണ്യമായി കുറഞ്ഞു. 2022 ജൂലൈയില്‍ അപകടങ്ങളില്‍ പരിക്കേറ്റവരുടെ എണ്ണം 3,992 ആയിരുന്നു. 2023 ജൂലൈയില്‍ വാഹനാപകടത്തില്‍ പരിക്കേറ്റവരുടെ എണ്ണം 3316 ആയി കുറഞ്ഞു. ജൂണ്‍ 5 മുതല്‍ ഓഗസ്റ്റ് 2 വരെ 32,42,277 നിയമലംഘനം കണ്ടെത്തി. 15,83,367 നിയമലംഘനങ്ങള്‍ക്ക് നടപടിയെടുത്തു. 3,82,580 നിയമ ലംഘനങ്ങള്‍ക്ക് പിഴ ഈടാക്കാന്‍ ചലാന്‍ നല്‍കി. 25 കോടി 81 ലക്ഷം രൂപ ഇ ചലാന്‍ വഴി കിട്ടിയതായും മന്ത്രി അറിയിച്ചു. ഓണ്‍ലൈന്‍ അപ്പീല്‍ നല്‍കാനുള്ള സംവിധാനം സെപ്റ്റംബര്‍ ഒന്ന് മുതല്‍ ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.

 

 






സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Latest News

Loading...please wait