മണിപ്പുരിലെ വിദ്യാര്‍ഥികള്‍ക്ക് പഠനം മുടങ്ങില്ല കണ്ണൂര്‍ സര്‍കലാശാലയിലേക്ക് സ്വാഗതം

മണിപ്പുരില്‍ നിന്ന് വരുന്ന അപേക്ഷകര്‍ക്കായി അധിക സീറ്റുകള്‍ നല്‍കാനാണ് തീരുമാനം എടുത്തിരിക്കുന്നത്. പഠനം തുടരാനാഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് തുടര്‍ പഠനത്തിനാവശ്യമായ സാമ്പത്തിക സഹായമടക്കമുള്ള കാര്യങ്ങള്‍ കണ്ണൂര്‍ യൂണിവേഴ്‌സിറ്റി നല്‍കും
Published on 08 August 2023 IST

കണ്ണൂര്‍: മണിപ്പുരിലെ ഉന്നത വിദ്യാഭ്യാസ മേഖലയില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് പഠനം മുടങ്ങില്ല, അവര്‍ക്കായി കാത്തിരിക്കുകയാണ് കണ്ണൂര്‍ സര്‍വകലാശാല. മണിപ്പുരിലെ വിദ്യാര്‍ഥികള്‍ക്ക് തുടര്‍ പഠനത്തിനാവശ്യമായ എല്ലാ സഹായവും കണ്ണൂര്‍ സര്‍വകലാശാല നല്‍കുമെന്ന് വൈസ് ചാന്‍സലര്‍ പ്രഫ.ഗോപിനാഥ് രവീന്ദ്രന്‍. മണിപ്പുരില്‍ നിന്ന് വരുന്ന അപേക്ഷകര്‍ക്കായി അധിക സീറ്റുകള്‍ നല്‍കാനാണ് തീരുമാനം എടുത്തിരിക്കുന്നത്. പഠനം തുടരാനാഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് തുടര്‍ പഠനത്തിനാവശ്യമായ സാമ്പത്തിക സഹായമടക്കമുള്ള കാര്യങ്ങള്‍ കണ്ണൂര്‍ യൂണിവേഴ്‌സിറ്റി നല്‍കും. നിലവില്‍ കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയുടെ കീഴില്‍ പഠിക്കുന്ന തദ്ദേശവാസികള്‍ക്ക് അര്‍ഹമായ സീറ്റുകള്‍ ഉണ്ടാകും. നിലവിലെ സാഹചര്യത്തില്‍ മണിപ്പുരില്‍ വിദ്യാര്‍ഥികളുടെ പഠനം മുടങ്ങിയിരിക്കുകയാണ്. പലര്‍ക്കും അഡ്മിഷന്‍ എടുക്കാനോ അഡ്മിഷന്‍ എടുത്തവര്‍ക്ക് പഠിക്കാനോ കഴിയാത്ത അവസ്ഥയാണ്. പഠിക്കാനാവശ്യമായ സഹായം നല്‍കണം എന്നാവശ്യപ്പെട്ട് കുക്കീസ് സ്റ്റ്യുഡന്‍സ് ഓര്‍ഗനൈസേഷന്റെ നേതൃത്വത്തില്‍ എല്ലാ സംസ്ഥാനത്തെ യൂണിവേഴ്‌സിറ്റി ചാന്‍സലര്‍മാര്‍ക്കും കത്തയച്ചിരുന്നു. ഈ സാഹചര്യത്തിലാണ് അടിയന്തിര സിന്‍ഡിക്കേറ്റ് ചേര്‍ന്ന് തീരുമാനം എടുത്തത്. ഉപാധികളോടെയായിരിക്കും സീറ്റ് അപേക്ഷകര്‍ക്ക് നല്‍കുക. കലാപം രൂക്ഷമായ സാഹചര്യത്തില്‍ ചിലപ്പോള്‍ അവരുടെ കൈയില്‍ തുടര്‍ പഠനത്തിന് വേണ്ട സര്‍ട്ടിഫിക്കറ്റുകള്‍ കാണില്ല. അത് പഠനം പൂര്‍ത്തിയാക്കുന്നതിന് മുന്നെ സമര്‍പ്പിച്ചാല്‍ മതിയാകും. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയുടെ ഏത് കാംപസിലാണോ പഠനം നടത്തുന്നത് അവിടെ ഹോസ്റ്റല്‍ സൗകര്യം ഒരുക്കും. അപേക്ഷകള്‍ നേരിട്ടോ ഓണ്‍ലൈനായോ സമര്‍പ്പിക്കാവുന്നതാണ്. പിജി അഡ്മിഷനും യുജി അഡ്മിഷനും നല്‍കുമെന്ന് വിസി പറഞ്ഞു. അവര്‍ക്ക് ആവശ്യമായ സാമ്പത്തിക സഹായം നല്‍കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടും. കൂടാതെ കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയുടെ കീഴില്‍ പഠിക്കാനെത്തുന്നവര്‍ക്കായി ജനകീയമായി പണം ശേഖരിക്കുമെന്നും വിസി പറഞ്ഞു.

 

 






സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Latest News

Loading...please wait