അന്വേഷണം ശക്തമാക്കി പോലിസ്

ചന്ദനമുട്ടിയും തോക്കും കണ്ടെത്തിയ സംഭവം
Published on 11 August 2023 IST

പാണപ്പുഴയില്‍ നിന്നു ചന്ദനമുട്ടിയും തോക്കും കണ്ടെത്തിയ സംഭവത്തില്‍ വനം വകുപ്പും പോലിസും അന്വേഷണം ശക്തമാക്കി. കഴിഞ്ഞ ദിവസം വൈകിട്ട് പാണപ്പുഴ ആലിന്റെ പാറയില്‍ വച്ചു വനംവകുപ്പ് സംഘം നടത്തിയ പരിശോധനയിലാണു ചന്ദനമുട്ടികളും തോക്കും ആയുധവും കണ്ടെത്തിയത്. തോക്ക് വനം വകുപ്പ് തുടര്‍ അന്വേഷണത്തിനായി പരിയാരം പോലിസിനു കൈമാറി. 55 കിലോഗ്രാം വരുന്ന ചന്ദനമുട്ടിയാണു പച്ചക്കറി ചാക്കുകളിലായി പിടിച്ചെടുത്തത്. ഇതില്‍ 9.900 കിലോഗ്രാം ശുദ്ധമായ ചന്ദനം, ചെത്തിയൊരുക്കാത്ത 3.5 കിലോ, 27 കിലോ ചീളുകള്‍, 15.300 കിലോഗ്രാം ചെറിയ ചീളുകള്‍ എന്നിവയാണു മൂന്നു ചാക്കുകളിലായി കണ്ടെത്തിയത്. ഒരു സംഘം ചന്ദനം വാങ്ങാന്‍ പാണപ്പുഴയില്‍ എത്തുന്നതായി രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്നാണു വനം വകുപ്പ് സംഘം പാണപ്പുഴയില്‍ പരിശോധന നടത്തിയത്. തുടര്‍ന്നു നടത്തിയ റെയ്ഡിലാണു മൂന്നു ചാക്കുകളിലായി പച്ചക്കറിയോടൊപ്പം ചന്ദനമുട്ടിയും ഇതിനു സമീപത്തെ കെട്ടിടത്തില്‍ നിന്ന് അഴിച്ചു കഷണങ്ങളാക്കിയ നിലയില്‍ തോക്കും മരം മുറിക്കാന്‍ ഉപയോഗിക്കുന്ന ആയുധവും വനം വകുപ്പ് പിടികൂടിയത്.






സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Latest News

Loading...please wait