ഒണ്ടേന്‍ എന്ന് പേരിട്ടത് റോഡിന്; അറിയപ്പെട്ടത് ഹോട്ടല്‍

മനോജ് മയ്യില്‍
Published on 06 April 2018 6:59 pm IST
×

കണ്ണൂര്‍: കണ്ണൂര്‍ നഗരസഭാധികൃതര്‍ പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ഒണ്ടേന്‍ എന്ന പേരിട്ടത് റോഡിനായിരുന്നു. എന്നാല്‍ ഇന്നത് റോഡ് മാത്രമല്ല ഹോട്ടലും കൂടിയാണ്. വായില്‍ കപ്പലോടും ഈ പേര് കേള്‍ക്കുമ്പോള്‍ തന്നെ. കണ്ണൂരിന്റെ പെരുമക്കൊപ്പം നില്‍ക്കുന്നതാണ് ഒണ്ടേന്‍ എന്ന വിളിപ്പേരിലറിയപ്പെടുന്ന ഹോട്ടല്‍ ഒതേന്‍സ്. 
ഹോട്ടല്‍ തുടങ്ങിയിട്ട് വര്‍ഷം 70 ആയി. വടകര സ്വദേശി ഒതേനനാണ് 'പേരില്ലാത്ത' ഹോട്ടല്‍ കണ്ണൂര്‍ ഒണ്ടേന്‍ റോഡില്‍ തുടങ്ങിയത്.  ഭാര്യ നാരായണിയായിരുന്നു പ്രധാന പാചകക്കാരി. മത്സ്യം പൊരിച്ചതും ഊണുമൊക്കെയായി ഹോട്ടല്‍ നാട്ടുകാരുടെ മനം നിറച്ചു. പേരില്ലാത്ത ഹോട്ടലിന് ഒണ്ടേന്‍ ഹോട്ടലെന്ന പേരും പെരുമയുമായി. 
ഒതേനന്‍ തുടങ്ങി വെച്ചത് ഭാര്യയും മക്കളായ പ്രേമരാജന്‍, ജയപ്രകാശ്, വിനോദ് എന്നിവര്‍ മുന്നോട്ട് നയിച്ചു. ഇവിടുത്തെ ഭക്ഷണപെരുമ വാര്‍ത്തകളില്‍ നിറഞ്ഞു. ഹോട്ടല്‍ ഒതേന്‍സ് അങ്ങനെ വമ്പന്‍ ഹിറ്റായി. മീന്‍ പൊരിച്ചത് കഴിക്കാനായി മാത്രം ഉച്ചയൂണിന് ദൂരെസ്ഥലങ്ങളില്‍ നിന്നുപോലും ആളുകള്‍ എത്താന്‍ തുടങ്ങി. 
ഭക്ഷണപ്രിയരുടെ ഇഷ്ടവിഭവം അയക്കൂറ പൊരിച്ചതാണ്. വില മറ്റ് ഹോട്ടലുകളിലേത് പോലെ തന്നെയാണെങ്കിലും അയക്കുറയുടെ വലുപ്പത്തില്‍ നടത്തിപ്പുകാര്‍ പിശുക്ക് കാണിക്കാറില്ല. ആവോലി, ചെമ്മീന്‍, കൂന്തല്‍, കല്ലുമ്മക്കായ, അയല, മത്തി, മീന്‍മുട്ട, വേളൂരി, നത്തോലി, സ്രാവ് എന്നിങ്ങനെ കടല്‍ മത്സ്യങ്ങള്‍ മിക്കതും ഇവിടെ കിട്ടും; അതും പഴക്കമില്ലാതെ. ഒതേന്‍സിനെ വേറിട്ടു നിര്‍ത്തുന്ന മറ്റൊരു ഘടകം മത്സ്യം പൊരിക്കാന്‍ ഉപയോഗിക്കുന്ന മസാലക്കൂട്ടാണ്. പരമ്പരാഗതമായി കൈമാറിക്കിട്ടിയ മസാലക്കൂട്ട് ഹോട്ടലിന്റെ വിജയഘടകങ്ങളില്‍ ഒന്നാണ്. 
നല്ല എരിവോടു കൂടിയുളള മസാലയില്‍ യാതൊരു മായവും ഇല്ലെന്നാണ് നടത്തിപ്പുകാര്‍ പറയുന്നത്. മായമില്ലാത്ത ഭക്ഷണത്തിനായി പാക്കറ്റ് മസാല പൊടികള്‍ ഇവിടെ ഉപയോഗിക്കുന്നില്ല. എല്ലാം വാങ്ങി പൊടിച്ചെടുക്കുകയാണ് ചെയ്യുന്നത്. ഉച്ചക്ക് 12 മണി മുതലാണ് ഊണ്‍ സമയം. 4 മണിവരെ തുടരും. ദിവസവും ആയിരങ്ങളാണ് ഉച്ചയൂണിന് ഇവിടയെത്തുന്നത്. മിക്കവരും സ്ഥിരമായി എത്തുന്നവര്‍. ഒരിക്കല്‍ ഒണ്ടേന്‍ റോഡിലെ ഈ ഹോട്ടലിലെത്തിയാല്‍ അയാളുടെ അടുത്ത വരവ് ഏതെങ്കിലും അതിഥിയുമായിട്ടായിരിക്കും. ഉപഭോക്താക്കളുടെ ഈ പിന്തുണയാണ് ഹോട്ടലിന്റെ പെരുമയെ നാടുകടത്തിയത്. 
മത്സ്യങ്ങളുടെ കനത്ത വിലയാണ് ഹോട്ടല്‍ നടത്തിപ്പിലെ പ്രധാന വെല്ലുവിളിയെന്നാണ് ഉടമകള്‍ പറയുന്നു. അയക്കൂറയുടെ വിലയാണ് താങ്ങാന്‍ പറ്റാത്തത്. നല്ല ഇനം അയക്കൂറക്ക് കിലോവിന് 600 രൂപവരെയുണ്ട്. അതുകൊണ്ട് തന്നെ വ്യവസായം വലിയ ലാഭമെന്ന് പറയാന്‍ കഴിയില്ല. 
ലാഭം മാത്രം നോക്കിയല്ല തങ്ങളുടെ പ്രവര്‍ത്തനം. കണ്ണൂരില്‍ എത്തുന്നവര്‍ ഊണ്‍ കഴിക്കാന്‍ നല്ല ഹോട്ടല്‍ ഏതെന്ന് ചോദിച്ചാല്‍ ആദ്യം പറയുന്ന പേരാണ് ഒണ്ടേന്‍ എന്നത്. ഇത് തങ്ങളിലുണ്ടാക്കുന്ന ഉത്തരവാദിത്തം വലുതാണെന്നും ഉടമകള്‍ പറയുന്നു.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Tags

onden

Latest News

Loading...please wait