രുചിയും മണവുമുള്ള ഇലകളുമായി ആനന്ദയും നാഗയും

കണ്ണൂര്‍ മാര്‍ക്കറ്റ് റോഡില്‍ വില്‍പനയ്ക്ക് 
റഹ്മ കരീം
Published on 05 February 2018 3:19 pm IST
×

കണ്ണൂര്‍: രുചിയും മണവുമുള്ള വിഭവങ്ങളോട് പ്രിയമുള്ളവരാണ് മലയാളികള്‍. മസാല പൊടികളുടെ ഉപയോഗം കൂടുതലുള്ള സംസ്ഥാനമാക്കി കേരളത്തെ മാറ്റിയതും മലയാളിയുട ഈ പ്രിയം തന്നെയാണ്. സുഗന്ധ വ്യഞ്ജനങ്ങള്‍ക്ക് സമാനമായ കുറേ ഇലകള്‍ ഉണ്ട് നമുക്ക്. ഉണക്കിപ്പൊടിച്ച് മസാലകളായി കയ്യില്‍ കിട്ടിയാല്‍ മാത്രം നാം ഉപയോഗിക്കുന്ന ഇലകളെ പച്ച ഇലയായി തന്നെ കണ്ണൂര്‍ മാര്‍ക്കറ്റ് റോഡില്‍ വില്‍പനയ്ക്ക് എത്തിച്ചിരിക്കുകയാണ് കര്‍ണ്ണാടക സ്വദേശികളായ ആനന്ദയും നാഗയും.
         സ്വന്തമായി നട്ടുനനച്ചുണ്ടാക്കിയ ഉലുവ ഇല, ജീരക ഇല, മല്ലി ഇല, പുതീന തുടങ്ങി രുചി വൈഭവങ്ങള്‍ ഉണ്ടാക്കുന്ന ഇലകള്‍ക്ക് പുറമെ ഔഷധ ഗുണങ്ങളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന പാലക്ക ചീരയും മുള്ളങ്കിയുമാണ് വിപണിയിലെ മറ്റിനങ്ങള്‍. ഇലകള്‍ക്കെല്ലാം ഒരു കെട്ടിന് പത്ത് രൂപയാണ് വില. മുള്ളങ്കി പത്ത് രൂപയ്ക്ക് മൂന്നെണ്ണവും. ഏറ്റവും കൂടുതല്‍ വില്‍പ്പന നടക്കുന്നത് രുചി വൈഭവങ്ങള്‍ ഉണ്ടാക്കുന്ന ഉലുവ ഇലകള്‍ക്കും ജീരക ഇലയ്ക്കുമാണ്.
         മല്ലി ഇലയും പുതീനയും പ്രിയമായപോലെ തന്നെ ഉണക്കിപ്പൊടിച്ച ഉലുവ ഇലയ്ക്ക് മാര്‍ക്കറ്റില്‍ നല്ല ഡിമാന്റാണ്. എന്നാല്‍ ഉണക്കി പൊടിച്ച ഇലകളേക്കാള്‍ കൂടുതല്‍ ഗുണങ്ങള്‍ ഉള്ളതാണ് പച്ച ഇലകളെന്ന് ആനന്ദ പറയുന്നു. ചില ആഹാരങ്ങള്‍ കഴിക്കുമ്പോള്‍ ദഹനക്കുറവ്, പുളിച്ചു തികട്ടല്‍, ഗ്യാസ് സ്ട്രബിള്‍ തുടങ്ങിയ പ്രശ്നങ്ങള്‍ ഉള്ളവര്‍ മസാല പൊടികള്‍ക്ക് പകരം ഇത്തരം ഇലകള്‍ കറിയില്‍ ഉപയോഗിക്കുകയാണെങ്കില്‍ പല രോഗങ്ങളെയും തടയാന്‍ ആഹാരത്തിലൂടെ സാധിക്കുമെന്ന് ഇവര്‍ പറയുന്നു. മാര്‍ക്കറ്റില്‍ എന്ത് കണ്ടാലും അതിന്റെ രുചി ഒന്ന് നോക്കണമല്ലൊ എന്ന രീതിയാണ് പൊതുവെ മലബാറുകാര്‍ക്ക് അതുകൊണ്ട് തന്നെ ഇങ്ങോട്ടേക്ക് വണ്ടി കയറുമ്പോള്‍ പട്ടിണിയും നഷ്ടവും ഉണ്ടാവില്ലെന്ന ഉറപ്പ് ഉണ്ടായിരുന്നു എന്ന് ഇരുവരും പറയുന്നു.
  

 


 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Latest News

Loading...please wait