സംസ്ഥാനത്ത് ശനിയാഴ്ച മുതല്‍ ശക്തമായ മഴയ്ക്ക് സാധ്യത 

Published on 10 June 2021 8:27 pm IST
×

തിരുവനന്തപുരം: നാളെയോടെ വടക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയുള്ളതായി കാലാവസ്ഥാ വകുപ്പ് പ്രവചനം. ഇന്നും നാളെയും ദുര്‍ബലമായി തുടരുന്ന കാലവര്‍ഷം ശനിയാഴ്ചയോടെ സജീവമാകും. വടക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ നാളെ രൂപപ്പെടുന്ന ന്യൂനമര്‍ദം ശക്തി പ്രാപിക്കുന്നതിനാലാണ് ഇത്.

തിരുവനന്തപുരം, തൃശൂര്‍, പാലക്കാട് ഒഴികെയുള്ള 13 ജില്ലകളില്‍ ശനിയാഴ്ച യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഞായറാഴ്ച 13 ജില്ലകളില്‍ മഴ മുന്നറിയിപ്പ് നല്‍കി. തിങ്കളാഴ്ച അതിശക്തമായ മഴയുണ്ടാകുമെന്നാണ് പ്രവചനം. ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ തിങ്കളാഴ്ച ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. പൊതുജനങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങളും ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശം നല്‍കി.

കേരള തീരത്ത് മണിക്കൂറില്‍ പരമാവധി 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റിനും ഉയര്‍ന്ന തിരമാലയ്ക്കും സാധ്യതയുണ്ട്. വെള്ളി മുതല്‍ തിങ്കള്‍ വരെ കേരള തീരത്ത് നിന്നുള്ള മത്സ്യബന്ധനം പൂര്‍ണമായി നിരോധിച്ചു. കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണമെന്നും ദുരന്തനിവാരണ അതോറിറ്റി നിര്‍ദേശം നല്‍കി.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait