ഓണ്‍ലൈന്‍ പഠനം: ഉപകരണമില്ലാത്ത വിദ്യാര്‍ഥികള്‍ക്ക് ഉപകരണം നല്‍കാന്‍ 1.45 കോടി അനുവദിച്ചു

Published on 09 June 2021 9:20 pm IST
×

കണ്ണൂര്‍: ഓണ്‍ലൈന്‍ പഠനത്തിന് സൗകര്യമില്ലാത്ത ജില്ലയിലെ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും ഉപകരണങ്ങള്‍ നല്‍കാന്‍ നടപടിയാകുന്നു. ജില്ലാ കലക്ടര്‍ ടി.വി സുഭാഷിന്റെ അധ്യക്ഷതയില്‍ ഇതു സംബന്ധിച്ച്് ചേര്‍ന്ന അവലോകന യോഗത്തിലാണ് തീരുമാനം. ഇവര്‍ക്ക് ഉപകരണം ലഭ്യമാക്കാനായി 1.45 കോടി രൂപ ലഭ്യമാക്കാന്‍ നടപടിയായി.

ജില്ലയില്‍ 3605 കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിന് അപര്യാപ്തതയുള്ളതായി 2021-22 അക്കാദമിക വര്‍ഷത്തില്‍ കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ സംവിധാനം വഴി പഠന സൗകര്യം ഒരുക്കുന്നതിന്റെ മുന്നോടിയായി എസ്.എസ്.എ നടത്തിയ അപര്യാപ്തത പഠന സര്‍വ്വേ കണ്ടെത്തിയിരുന്നു. അതില്‍ ഏഴ് കാരണങ്ങളാണ് പൊതുവെ പരിഹരിക്കേണ്ടതായി കണ്ടെത്തിയത് (ഡിജിറ്റല്‍ ഗാപ്). വൈദ്യുതി സപ്ലൈ, നെറ്റ് കണക്ടിവിറ്റി, ഗാഡ്ജറ്റ് തീരെ ഇല്ലാത്തത്, അടിസ്ഥാന സൗകര്യം ഇല്ലാത്തത്, അധ്യാപകര്‍ക്ക് ബന്ധപ്പെടാന്‍ കഴിയാത്ത വിദൂര പ്രദേശങ്ങളില്‍ താമസിക്കുന്നത്, സാങ്കേതിക സംവിധാനങ്ങള്‍ കൈകാര്യം ചെയ്യാന്‍ സാധിക്കാത്ത പ്രത്യേക പരിഗണന ആവശ്യമുള്ള കുട്ടികള്‍, പൊതു പഠന കേന്ദ്രങ്ങളിലേക്ക് വരാനും പോകാനുമുള്ള അസൗകര്യങ്ങള്‍ എന്നിവയാണവ.

പഠനോകരണം ഇല്ലാത്തവരായി ജില്ലയില്‍ ആകെയുള്ളത് രണ്ടായിരത്തോളം കുട്ടികളാണ്. ഇവര്‍ക്ക് സര്‍ക്കാര്‍ മുന്‍കൈ എടുത്താണ് ഉപകരണങ്ങള്‍ ലഭ്യമാക്കുന്നത്. ഉപകരണം നല്‍കുന്നതില്‍ ആദ്യ പരിഗണന പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്കായിരിക്കും. ജില്ലയില്‍ പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട 5882 വിദ്യാര്‍ഥികളാണ് ഒന്നുമുതല്‍ പത്തുവരെയുള്ള ക്ലാസുകളില്‍ പഠിക്കുന്നത്. ഇവരില്‍ 655 പേര്‍ക്കാണ് സ്വന്തമായി ഓണ്‍ലൈന്‍ പഠനത്തിനുള്ള ഉപകരണം ഇല്ലാത്തതായി കണ്ടെത്തിയിട്ടുള്ളത്. ഒന്നാമത്തെ മുന്‍ഗണനയെന്ന രീതിയില്‍ പരമാവധി പേര്‍ക്ക് ടാബ്ലറ്റ് നല്‍കാനാണ് ഉദ്ദേശിക്കുന്നതെന്ന് കലക്ടര്‍ അറിയിച്ചു.

ജില്ലയില്‍ ഇന്റനെറ്റ് ലഭ്യത പൂര്‍ണ്ണമായും ഭാഗികമായും പ്രശ്‌നങ്ങളുണ്ട്. ഇത് പരിഹരിക്കുന്നതിന് ടെലികോം കമ്പനികളുടെ യോഗം കഴിഞ്ഞ ദിവസം ജില്ലാ കലക്ടര്‍ വിളിച്ചു ചേര്‍ത്തിരുന്നു. മൊബൈല്‍ ടവര്‍ സ്ഥാപിക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജില്ലയിലെ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും ഓണ്‍ലൈന്‍ പഠന സൗകര്യം ഉറപ്പാക്കുന്നതിനുള്ള തുടര്‍ നടപടികള്‍ ആലോചിക്കുന്നതിനായി ജൂണ്‍ 12ന് പകല്‍ രണ്ടുമണിക്ക് തദ്ദേശസ്വയംഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി എം.വി ഗോവിന്ദന്‍ മാസ്റ്ററുടെ സാന്നിധ്യത്തില്‍ യോഗം ചേരും. ജില്ലയിലെ എം.പിമാര്‍, എം.എല്‍.എമാര്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അധ്യക്ഷന്മാര്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവരാണ് യോഗത്തില്‍ സംബന്ധിക്കുക.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait