കണ്ണൂര്‍ കോര്‍പ്പറേഷന്‍ കിടപ്പ് രോഗികള്‍ക്കും പ്രായമായവര്‍ക്കും വീട്ടിലെത്തിയുള്ള വാക്‌സിനേഷന്‍ ആരംഭിച്ചു

Published on 09 June 2021 5:50 pm IST
×

കണ്ണൂര്‍: കോര്‍പ്പറേഷന്‍ പരിധിയിലെ കിടപ്പു രോഗികള്‍ക്കും പ്രായമായവര്‍ക്കും വീട്ടിലെത്തി വാക്‌സിനേഷന്‍ നല്‍കുന്നതിനുള്ള പദ്ധതി കോര്‍പ്പറേഷന്‍ ആരംഭിച്ചു. കസനക്കോട്ട ഡിവിഷനിലെ തായത്തെരുവിലെ പ്രമുഖമായ മാങ്കടവ് തറവാട്ടിലെ 90 വയസുകാരി ഉമ്മു തമീമയുടെ വീട്ടിലെത്തി ആദ്യ വാക്‌സിന്‍ നല്‍കിയാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. 

പരിപാടിയില്‍ മേയര്‍ അഡ്വ. ടി.ഒ മോഹനന്‍, ഡെപ്യൂട്ടി മേയര്‍ കെ.ശബീന സ്ഥിരംസമിതി അധ്യക്ഷന്‍മാരായ മാര്‍ട്ടിന്‍ ജോര്‍ജ്, ഷമീമ ടീച്ചര്‍, പി.കെ രാഗേഷ്, സുരേഷ് ബാബു എളയാവൂര്‍, സിയാദ് തങ്ങള്‍, കൗണ്‍സിലര്‍ മുസ്ലിഹ് മഠത്തില്‍, മുന്‍ മേയര്‍ സി.സീനത്ത്, മുന്‍ ഡെപ്യൂട്ടി മേയര്‍ സി.സമീര്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പത്മരാജന്‍ എന്നിവര്‍ പങ്കെടുത്തു. കിടപ്പു രോഗികളുള്ള ഓരോ വീടും കേന്ദ്രീകരിച്ചു 10 പേര്‍ക്ക് വീതമാണ് വാക്‌സിന്‍ നല്‍കിയത്. കിടപ്പു രോഗികളും ഭിന്നശേഷിക്കാരുമായ അറുപതോളം പേരും പ്രായമായവരും ഉള്‍പ്പെടെ നൂറോളം പേര്‍ക്ക് ആദ്യ ദിവസം വാക്‌സിന്‍ നല്‍കി. 

വാക്‌സിന്‍ എടുത്തവരെ നിരീക്ഷിക്കുന്നതിനും അത്യാവശ്യ ഘട്ടത്തില്‍ വൈദ്യ സഹായം നല്‍കുന്നതിനും ആംബുലന്‍സ് ഉള്‍പ്പെടെയുള്ള സജ്ജീകരണങ്ങളും ഡോക്ടര്‍മാരുടെയും ആരോഗ്യ പ്രവര്‍ത്തകരുടെയും സേവനവും കോര്‍പ്പറേഷന്‍ ഏര്‍പ്പെടുത്തിയിരുന്നു. കോര്‍പ്പറേഷന്‍ ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷ ഷമീമ ടീച്ചറുടെ നേതൃത്വത്തില്‍ സന്നദ്ധ പ്രവര്‍ത്തകര്‍ വാക്‌സിന്‍ എടുക്കാന്‍ എത്തുന്നവര്‍ക്ക് എല്ലാ സൗകര്യവും ഏര്‍പ്പെടുത്തിയിരുന്നു. നാളെ താണ ഡിവിഷനില്‍ വാക്സിനേഷന്‍ നടത്തും.
 






സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait