ഗ്രൂപ്പുകള്‍ ഇല്ലാതായത് നല്ലത്; ഇനി പുതിയ ഗ്രൂപ്പുണ്ടാവരുതെന്നും കെ.മുരളീധരന്‍

Published on 09 June 2021 12:44 pm IST
×

കോഴിക്കോട്: കോണ്‍ഗ്രസില്‍ ഗ്രൂപ്പുകള്‍ ഇല്ലാതായത് നല്ല കാര്യമാണെന്നും അതിന്റെ പേരില്‍ ഇനി പുതിയ ഗ്രൂപ്പ് ഉണ്ടാവരുതെന്നും കെ.മുരളീധരന്‍ എം.പി. കെ.സുധാകരന് ഗ്രൂപ്പില്ലാത്തത് നന്നായി. പക്ഷെ ഇതിന്റെ പേരില്‍ ഇനി പുതിയ ഗ്രൂപ്പുണ്ടാകരുത്. സുധാകരന്റെ ശൈലി ദോഷം ചെയ്യില്ല. ഓരോരുത്തര്‍ക്കും ഓരോ ശൈലി. കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്തേക്ക് മുതിര്‍ന്ന നേതാക്കള്‍ ആരുടെയും പേര് നിര്‍ദ്ദേശിക്കാതിരുന്നതില്‍ തെറ്റില്ല. പാര്‍ട്ടിയിലെ ജംബോ കമ്മിറ്റികള്‍ പിരിച്ചുവിടണം. സുധാകരന്‍ വന്നപ്പോള്‍ അണികള്‍ ഒറ്റക്കെട്ടാണെന്നും മുരളീധരന്‍ കോഴിക്കോട്മാധ്യമങ്ങളോട് പറഞ്ഞു.

സംസ്ഥാന കാര്യങ്ങളില്‍ മാത്രം അഭിപ്രായം പറയുകയും സമരം നടത്തുകയും ചെയ്തപ്പോള്‍ ബി.ജെ.പിയോട് മൃദുസമീപനം അവലംബിക്കുന്നെന്ന ദുഷ്‌പേര് കോണ്‍ഗ്രസ് പാര്‍ട്ടിക്കുണ്ടായിട്ടുണ്ട്. അതുകൊണ്ടാണ് ന്യൂനപക്ഷങ്ങള്‍ പാര്‍ട്ടിക്കെതിരായ നിലപാട് എടുത്തത്. ഭരണത്തുടര്‍ച്ചയാണെങ്കിലും സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനം വിലയിരുത്താന്‍ സമയമായിട്ടേയുള്ളൂ. എന്നാല്‍ കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധ നയം രൂക്ഷമായി മുന്നോട്ട് പോവുകയാണ്. ഇന്ധന വില, വാക്‌സിനേഷന്‍ വിഷയങ്ങളില്‍ കേന്ദ്രസര്‍ക്കാരിന്റെ നിലപാട് എതിര്‍ക്കപ്പെടേണ്ടതാണ്. അഖിലേന്ത്യാ തലത്തില്‍ ബി.ജെ.പിക്കെതിരായ നീക്കങ്ങളുടെ നേതൃത്വം കോണ്‍ഗ്രസാണ് ഏറ്റെടുക്കേണ്ടത്. അതിന് പുതിയ നേതൃത്വത്തിന് സാധിക്കുമെന്നാണ് താന്‍ കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait