വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ കണ്ടെത്തിയ കോവിഡ് വകഭേദം ഇന്ത്യയില്‍ വ്യാപിച്ചിട്ടില്ലെന്ന് വിദഗ്ധര്‍

Published on 08 June 2021 9:22 pm IST
×

പൂണെ: കടുത്ത കോവിഡ് ലക്ഷണങ്ങള്‍ക്കിടയാക്കുന്ന പുതിയ കൊറോണ വൈറസ് വകഭേദം പൂണെയിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ കണ്ടെത്തിയതായി വിദഗ്ധര്‍. ബ്രസീലില്‍ നിന്ന് എത്തിയ രണ്ടുപേരിലാണ് ബി.1.1.28.2 വകഭേദം കണ്ടെത്തിയത്. ഇതിനെ നേരിടാന്‍ കൂടുതല്‍ ആന്റീബോഡികള്‍ ആവശ്യമാണെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഈ വകഭേദം നേരത്തെ തന്നെ കണ്ടെത്തിയിരുന്നെന്നും എന്നാല്‍ ഇന്ത്യയില്‍ ഇത് വ്യാപിച്ചിട്ടില്ലാത്തതിനാല്‍ ആശങ്കപ്പെടേണ്ട ആവശ്യമില്ലെന്നും നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദഗ്ധര്‍ എന്‍.ഡി.ടി.വിയോട് പറഞ്ഞു.

വാക്സിനേഷന് ശേഷവും സ്വാഭാവികമായും ഉണ്ടാകുന്ന ആന്റീബോഡികള്‍ വൈറസിനെ എത്രത്തോളം കാര്യക്ഷമമായി പ്രതിരോധിക്കുന്നുവെന്ന് കണ്ടെത്താന്‍ നടത്തിയ പഠനത്തില്‍ ഈ വകഭേദത്തെ നേരിടാന്‍ കൂടുതല്‍ ആന്റീബോഡികള്‍ ആവശ്യമുണ്ടെന്നാണ് കണ്ടെത്തിയിട്ടുള്ളത്. എന്നാല്‍ ഇന്ത്യയില്‍ നിന്ന് ശേഖരിച്ച സാമ്പിളുകളില്‍ ഒന്നും ഈ വകഭേദത്തെ കണ്ടെത്താനായിട്ടില്ല. എന്നാല്‍ പുതിയ വകഭേദങ്ങളെ നേരിടാന്‍ വാക്സിനേഷന്‍ അതിവേഗം പൂര്‍ത്തിയാക്കുക എന്ന കാര്യമാണ് ചെയ്യേണ്ടതെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. 12,200ലധികം വകഭേദങ്ങള്‍ രാജ്യത്തുണ്ടെന്നാണ് സര്‍ക്കാര്‍ നടത്തുന്ന പഠനത്തില്‍ കണ്ടെത്തിയിട്ടുള്ളത്. എന്നാല്‍ ഡെല്‍റ്റ വേരിയന്റിനെ അപേക്ഷിച്ച് അവയുടെ സാന്നിധ്യം കുറവാണ്.

ഏപ്രില്‍-മെയ് മാസങ്ങളിലുണ്ടായ രണ്ടാം തരംഗത്തിനിടെയാണ് ഡെല്‍റ്റ വേരിയന്റ് ആദ്യമായി ഇന്ത്യയില്‍ കണ്ടെത്തിയത്. യു.കെയില്‍ ആദ്യം കണ്ടെത്തിയ ആല്‍ഫ വേരിയന്റിനെക്കാള്‍ കൂടുതല്‍ വ്യാപന ശേഷിയുള്ളതാണ് ഡെല്‍റ്റ വേരിയന്റെന്ന് കണ്ടെത്തിയിരുന്നു.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait