കോണ്‍ഗ്രസ് തിരിച്ചുവരും; അര്‍ഹതയുള്ളവരെ നേതൃനിരയിലെത്തിക്കും: കെ.സുധാകരന്‍

Published on 08 June 2021 5:41 pm IST
×

തിരുവനന്തപുരം: കെ.പിസിസി അധ്യക്ഷസ്ഥാനം സന്തോഷത്തോടെ ഏറ്റെടുക്കുന്നുവെന്ന് കെ.സുധാകരന്‍. കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിയെ പഴയ പ്രതാപത്തിലേക്ക് തിരികെക്കൊണ്ടുവരികയെന്ന ദൗത്യമാണ് തനിക്കുള്ളത്. അത് സത്യസന്ധമായി നിര്‍വഹിക്കും. അര്‍ഹതയും കഴിവുമുള്ളവരെ നേതൃനിരയിലെത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. കെ.പി.സി.സി അധ്യക്ഷനായി തെരഞ്ഞെടുത്ത പ്രഖ്യാപനത്തിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു സുധാകരന്‍. 

കേരളത്തില്‍ കോണ്‍ഗ്രസ് തിരിച്ചുവരും. ആവേശമുള്ള പുതിയ ടീമായി കേരളത്തിലെ കോണ്‍ഗ്രസിനെ മുന്നോട്ട് കൊണ്ടുവരും. ഗ്രൂപ്പിനേക്കാള്‍ പ്രാധാന്യം ആത്മാര്‍ഥമായ പാര്‍ട്ടി പ്രവര്‍ത്തനത്തിനാണ്. ഇവിടെ പാര്‍ട്ടിയാണ് ആവശ്യം. കോണ്‍ഗ്രസില്‍ എന്തെങ്കിലും അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടെങ്കില്‍ അത് മാറ്റി എല്ലാ നേതാക്കളേയും സഹകരിപ്പിച്ച് മുന്നോട്ടുപോവാന്‍ സാധിക്കുമെന്ന് ഉറപ്പുണ്ട്. എല്ലാ നേതാക്കളേയും നേരിട്ട് കാണും, സഹകരണം അഭ്യര്‍ഥിക്കും. എല്ലാ നേതാക്കളേയും എങ്ങനെ സഹകരിപ്പിക്കണണെന്ന് തനിക്കറിയാം. പത്തമ്പത് വര്‍ഷത്തെ രാഷ്ട്രീയ പ്രവര്‍ത്തന പരിചയം തനിക്കുണ്ട്. 

കേരളത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയെ ശക്തമായി തിരികെ കൊണ്ടുവരണമെന്ന് രാഹുല്‍ ഗാന്ധി നിര്‍ദേശിച്ചു. ആത്മവിശ്വാസത്തോടെയാണ് സ്ഥാനം ഏറ്റെടുക്കുന്നത്. പാര്‍ട്ടിക്ക് വേണ്ടി അക്ഷീണം പ്രയത്നിക്കുമെന്നും കെ.സുധാകരന്‍ പറഞ്ഞു.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait