ഇന്ത്യയില്‍ കണ്ടെത്തിയ വൈറസ് വകഭേദങ്ങളില്‍ ഒന്നുമാത്രമാണ് അപകടകാരിയെന്ന് ലോകാരോഗ്യ സംഘടന 

Published on 02 June 2021 1:06 pm IST
×

ജനീവ: ഇന്ത്യയില്‍ കണ്ടെത്തിയ വൈറസ് വകഭേദങ്ങളില്‍ ഒരു വകഭേദം മാത്രമാണ് നിലവില്‍ ആശങ്കയുണര്‍ത്തുന്നതെന്ന് ലോകാരോഗ്യ സംഘടന. ബി.1.617.2 വകഭേദമാണ് അപകടകാരിയായ വകഭേദമായി ലോകാരോഗ്യസംഘടന വിലയിരുത്തുന്നത്. ഇന്ത്യയില്‍ കോവിഡ് 19 രണ്ടാം തരംഗത്തിന്റെ വ്യാപനം രൂക്ഷമാക്കിയ ബി.1.617 വകഭേദത്തെ ട്രിപ്പിള്‍ മ്യൂട്ടന്റ് വേരിയന്റ് എന്നാണ് (മൂന്നുതവണ ജനിതക വ്യതിയാനം സംഭവിച്ച കോവിഡ് 19 വകഭേദം) വിശേഷിപ്പിക്കുന്നത്. ഇവ അപകടകാരിയാണെന്ന് കഴിഞ്ഞ മാസം യു.എന്‍ ആരോഗ്യ ഏജന്‍സി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇതില്‍ ഒരു വകഭേദം മാത്രമാണ് അപകടകാരിയെന്നാണ് യു.എന്‍ ഏജന്‍സി ചൊവ്വാഴ്ച പ്രഖ്യാപിച്ചത്.

വെല്ലുവിളികള്‍ നിലവില്‍ ബി.1.617.2മായി ബന്ധപ്പെട്ടുളളതാണെന്ന് വ്യക്തമായിട്ടുണ്ട്. അതേസമയം, മറ്റ് വകഭേദങ്ങള്‍ കാര്യമായ വ്യാപനമുണ്ടാക്കുന്നില്ലെന്നും ലോകാരോഗ്യ സംഘടന പറഞ്ഞു. ബി.1.617.2 വേഗത്തില്‍ പകരാവുന്നതും മാരകവും, പ്രതിരോധ വാക്‌സിന്റെ സുരക്ഷിതത്വം മറികടക്കാന്‍ കഴിവുള്ളതുമാണ്. ഈ വകഭേദവുമായി ബന്ധപ്പെട്ട് കൂടുതല്‍ കേസുകള്‍ റിപോര്‍ട്ട് ചെയ്ത രാജ്യങ്ങള്‍, വൈറസിന്റെ വര്‍ധിച്ച വ്യാപനശേഷി എന്നിവ തങ്ങള്‍ നിരീക്ഷിക്കുന്നത് തുടര്‍ന്നുവരികയാണെന്ന് യു.എന്‍ ഏജന്‍സി വ്യക്തമാക്കി. ഈ വകഭേദത്തിന്റെ പ്രഭാവത്തെ കുറിച്ചുള്ള കൂടുതല്‍ പഠനങ്ങള്‍ക്ക് വലിയ പ്രധാന്യമാണ് ലോകാരോഗ്യ സംഘടന നല്‍കിയിട്ടുളളത്. വിയറ്റ്‌നാം ആരോഗ്യ അധികൃതര്‍ ശനിയാഴ്ച പ്രഖ്യാപിച്ച അപകടകാരിയായ പുതിയ വകഭേദം ഡെല്‍റ്റയുടെ വകഭേദമാണെന്നാണ് കരുതുന്നത്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കണ്ടെത്തിയ കോവിഡ്-19 വൈറസിന്റെ വകഭേദങ്ങള്‍ക്ക് ലോകാരോഗ്യ സംഘടന (ഡബ്ല്യു.എച്ച്.ഒ) തിങ്കളാഴ്ച പേരിട്ടു. ഗ്രീക്ക് അക്ഷരങ്ങളാണ് ഉപയോഗിച്ചത്. ഒക്ടോബറില്‍ ഇന്ത്യയില്‍ തിരിച്ചറിഞ്ഞ വൈറസ് വകഭേദങ്ങള്‍ക്ക് ഡെല്‍റ്റയെന്നും കാപ്പയെന്നുമാണ് പേരു നല്‍കിയത്. 24 വകഭേദങ്ങളാണ് ഇതുവരെ കണ്ടെത്തിയത്. ഒരു രാജ്യത്ത് കണ്ടെത്തിയ വകഭേദം ആ രാജ്യത്തിന് കളങ്കമാകാന്‍ പാടില്ലെന്ന് ഡബ്ല്യു.എച്ച്.ഒ കോവിഡ് സാങ്കേതിക വിഭാഗം മേധാവി മരിയ വാന്‍ കെര്‍ഖോവ് ട്വിറ്ററില്‍ കുറിച്ചു. ഇന്ത്യന്‍ വകഭേദം എന്ന പ്രയോഗത്തെ കേന്ദ്രസര്‍ക്കാര്‍ വിമര്‍ശിച്ചിരുന്നു.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait