അതിവേഗം പടരുന്ന പുതിയ കോവിഡ് വകഭേദം വിയറ്റ്നാമില്‍ കണ്ടെത്തി

രണ്ട് വകഭേദങ്ങളുടെ സങ്കരയിനമാണ് കണ്ടെത്തിയത്
Published on 30 May 2021 11:12 am IST
×

ഹനോയ്: അതിവേഗം പടരുന്ന അപകടകാരിയായ പുതിയ കോവിഡ് വകഭേദത്തെ വിയറ്റ്നാമില്‍ കണ്ടെത്തി. കോവിഡിന്റെ ഇന്ത്യയില്‍ കണ്ടെത്തിയ വകഭേദത്തിന്റെയും യു.കെ വകഭേദത്തിന്റെയും സങ്കരയിനമാണ് പുതിയ വൈറസെന്ന് വിയറ്റ്നാം ആരോഗ്യമന്ത്രി ഗുയന്‍ തങ് ലോങ് അറിയിച്ചു. പുതിയ വകഭേദം അതിവേഗം വ്യാപിക്കുമെന്നും വായുവിലൂടെ പകരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. 

കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ഇന്ത്യയില്‍ കണ്ടെത്തിയ ബി.1.617 വകേഭേദം ഇതിനോടകം നിരവധി രാജ്യങ്ങളിലേക്ക് വ്യാപിച്ചിട്ടുണ്ട്. ബി.1.1.7 വകഭേദമാണ് ബ്രിട്ടണില്‍ പടര്‍ന്നുപിടിച്ചത്. ലോകാരോഗ്യ സംഘടന ഈ രണ്ട് വകഭേദങ്ങളും ആശങ്കാജനകമായ കോവിഡ് വകഭേദങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഇതിന്റെ സങ്കരയിനമാണിപ്പോള്‍ വിയറ്റ്നാമില്‍ സ്ഥിരീകരിച്ചത്. ഇതിനോടകം 6856 പേര്‍ക്ക് മാത്രമാണ് വിയറ്റ്നാമില്‍ കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. 47 പേര്‍ മരിച്ചു. കഴിഞ്ഞ വര്‍ഷം കോവിഡ് വ്യാപനത്തെ വിജയകരമായി അതിജീവിച്ച വിയറ്റ്നാമില്‍ നിലവില്‍ കേസുകള്‍ ഉയരുന്നതായാണ് കാഴ്ച. ഈ വര്‍ഷം ഏപ്രിലിന് ശേഷം പുതിയ രോഗികളുടെ എണ്ണം വര്‍ധിക്കുകയാണ്. ഇതിനോടകം ഏഴ് കോവിഡ് വകഭേദങ്ങള്‍ വിയറ്റ്നാമില്‍ സ്ഥിരീകരിച്ചതായും റിപോര്‍ട്ടുകളുണ്ട്.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait