കോവിഡ് വ്യാപനത്തിന് മുന്‍പ് വുഹാന്‍ വൈറോളജിയിലെ ഗവേഷകര്‍ ചികിത്സ തേടി; റിപോര്‍ട്ട് പുറത്ത്

Published on 24 May 2021 1:23 pm IST
×

വാഷിങ്ടണ്‍: ചൈനയിലെ വുഹാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലെ മൂന്ന് ഗവേഷകര്‍ കോവിഡ് വ്യാപനത്തിന് മുന്‍പ് ആശുപത്രിയില്‍ ചികിത്സ തേടിയതിന്റെ തെളിവുകള്‍ പുറത്ത്. കോവിഡ് മഹാമാരി പൊട്ടിപ്പുറപ്പെട്ടത് ചൈനീസ് ലാബില്‍ നിന്നാണെന്ന ആരോപണങ്ങള്‍ക്ക് ബലം നല്‍കുന്ന തരത്തിലുള്ള തെളിവുകളാണ് യു.എസ് മാധ്യമങ്ങള്‍ പുറത്തുവിട്ടത്. കോവിഡിനെക്കുറിച്ച് ചൈന സ്ഥിരീകരിക്കുന്നതിനു മാസങ്ങള്‍ക്കു മുമ്പ്, 2019 നവംബറില്‍ വുഹാനിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ മൂന്നു ഗവേഷകര്‍ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നുവെന്ന് യു.എസ് രഹസ്യാന്വേഷണ റിപോര്‍ട്ട് ഉദ്ധരിച്ച് വാള്‍സ്ട്രീറ്റ് ജേണല്‍ വ്യക്തമാക്കുന്നു. 

രോഗബാധിതരായ ഗവേഷകരുടെ എണ്ണം, രോഗബാധയുണ്ടായ സമയം, ആശുപത്രിയില്‍ ചികിത്സ തേടിയതിന്റെ വിവരങ്ങള്‍ തുടങ്ങിയ വിശദമായ റിപോര്‍ട്ടാണ് പുറത്തുവന്നിരിക്കുന്നത്. വൈറസ് ലാബില്‍ നിന്നു തന്നെ പുറത്തുവന്നതാണെന്ന വാദങ്ങള്‍ ബലപ്പെടുത്തുന്ന തരത്തിലാണ് വാള്‍ സ്ട്രീറ്റ് ജേണലിന്റെ റിപോര്‍ട്ട്. കോവിഡിന്റെ പ്രഭവ കേന്ദ്രത്തെക്കുറിച്ച് ലോകാരോഗ്യ സംഘടന അടുത്തഘട്ടം അന്വേഷണത്തെക്കുറിച്ച് ആലോചിക്കാനുള്ള യോഗം നടക്കാനിരിക്കെയാണ് പുതിയ റിപോര്‍ട്ട് പുറത്തു വന്നിരിക്കുന്നത്. വാള്‍സ്ട്രീറ്റ് ജേണല്‍ റിപോര്‍ട്ടിനെക്കുറിച്ച് അമേരിക്ക ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. എന്നാല്‍ രോഗവ്യാപനത്തിന്റെ ആദ്യ ദിനങ്ങളെക്കുറിച്ച് ബൈഡന്‍ ഭരണകൂടത്തിന് നിരവധി സംശയങ്ങള്‍ ഉണ്ടെന്ന് നാഷനല്‍ സെക്യൂരിറ്റി കൗണ്‍സില്‍ വക്താവ് അറിയിച്ചു. നിലവില്‍ വിദഗ്ധര്‍ നടത്തുന്ന അന്വേഷണവുമായി സഹകരിച്ചു മുന്നോട്ടു പോകുകയാണെന്നും അവര്‍ അറിയിച്ചു. മുന്‍വിധിയോടെ പ്രസ്താവനകള്‍ നടത്തുന്നില്ലെന്നും അവര്‍ പറഞ്ഞു. 

എന്നാല്‍ വൈറസ് ലാബില്‍ നിന്നു പുറത്തവന്നതല്ലെന്നാണ് ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തിലുള്ള സംഘത്തിന്റെ വിലയിരുത്തലെന്ന് ഞായറാഴ്ച ചൈനീസ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. അതേസമയം കോവിഡ് വ്യാപനത്തിന്റെ ആദ്യ ഘട്ടത്തെക്കുറിച്ചുള്ള മുഴുവന്‍ രേഖകളും നല്‍കാന്‍ ചൈന തയാറായിട്ടില്ലെന്ന് അന്വേഷണ സംഘത്തിലെ അംഗത്തെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപോര്‍ട്ട് ചെയ്തിരുന്നു.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait