പാര്‍ട്ടിയിലെ താത്വികാചാര്യന്‍ ഇനി മന്ത്രി; രണ്ടാം പിണറായി സര്‍ക്കാരിലെ രണ്ടാമനായി എം.വി ഗോവിന്ദന്‍ 

Published on 18 May 2021 9:49 pm IST
×

കണ്ണൂര്‍: പാര്‍ട്ടിയില്‍ താത്വിക ആചാര്യനായി അറിയപ്പെടുന്ന എം.വി ഗോവിന്ദന്‍ മന്ത്രി സ്ഥാനത്തെത്തുകയാണ്. കണ്ണൂരിന്റെ പാര്‍ട്ടി കോട്ടയില്‍ നിന്നുള്ള ഏക മന്ത്രി. മുഖ്യമന്ത്രി പിണറായി വിജയന്റെ വലം കൈയ്യായി ഇത്തവണ മന്ത്രിസഭയില്‍ മാസ്റ്ററുണ്ടാവും. രണ്ടാം പിണറായി സര്‍ക്കാരിലെ രണ്ടാമനായാണ് എം.വി ഗോവിന്ദന്‍ വരുന്നത്. അരനൂറ്റാണ്ട് കാലത്തെ പൊതു പ്രവര്‍ത്തനമാണ് ഗോവിന്ദന്‍ മാസ്റ്ററുടെ സമ്പത്ത്. 

മുഴുവന്‍ സമയ രാഷ്ട്രീയ പ്രവര്‍ത്തനത്തിനായി അധ്യാപക ജോലിയില്‍ നിന്ന് സ്വയം വിരമിച്ചയാളാണ് മാസ്റ്റര്‍. ഡി.വൈ.എഫ്.ഐയുടെ സ്ഥാപക അംഗവും കേരളത്തിലെ ആദ്യ സംസ്ഥാന പ്രസിഡന്റും. നിലവില്‍ സി.പി.എം കേന്ദ്ര കമ്മിറ്റിയംഗവും സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും. സി.പി.എം കണ്ണൂര്‍, തൃശൂര്‍, എറണാകുളം ജില്ലാ സെക്രട്ടറി സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. ദേശാഭിമാനി പത്രാധിപരായിരുന്നു. സി.പി.എം സംഘടനാ രംഗത്ത് പ്രമുഖനായ എം.വി ഗോവിന്ദന്‍ നിയമസഭയിലേക്കുള്ള മൂന്നാം ഊഴത്തിലാണ് മന്ത്രിയാവുന്നത്. കര്‍ഷക പോരാട്ടത്തിന്റെ മണ്ണായ മോറാഴയിലെ പാര്‍ട്ടി അംഗത്തില്‍ നിന്ന് സി.പി.എം കേന്ദ്ര കമ്മറ്റി വരെയുള്ള രാഷ്ട്രീയ യാത്ര പടിപടിയായിരുന്നു. വിഭാഗീയത കൊടുമ്പിരി കൊണ്ട സമയത്ത് പിണറായിക്കൊപ്പം ഉറച്ചുനിന്ന നേതാവാണ് എം.വി ഗോവിന്ദന്‍.

സി.പി.എമ്മിന്റെ കരുത്തുറ്റ നേതാവായ ഗോവിന്ദന്‍ മാസ്റ്റര്‍ ഇത്തവണ തളിപ്പറമ്പില്‍ നിന്നാണ് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. തളിപ്പറമ്പ് ഇരിങ്ങല്‍ യു.പി സ്‌കൂളില്‍ കായികാധ്യാപകനായിരുന്നു. മുഴുവന്‍ സമയ രാഷ്ട്രീയ പ്രവര്‍ത്തകനായതോടെ സ്വയം വിരമിച്ചു. 1970ലാണ് സി.പി.എമ്മില്‍ അംഗമായത്. നേരത്തെ കെ.എസ്.വൈ.എഫ് കണ്ണൂര്‍ പ്രസിഡന്റും സെക്രട്ടറിയുമായിരുന്നു. ഡി.വൈ.എഫ്.ഐയുടെ ആദ്യത്തെ കേരള സംസ്ഥാന പ്രസിഡന്റും പിന്നീട് സെക്രട്ടറിയുമായി. 1986ലെ മോസ്‌കോ യുവജന സമ്മേളനത്തില്‍ പങ്കെടുത്തിട്ടുണ്ട്. അടിയന്തരാവസ്ഥ കാലത്ത് ജയില്‍വാസം അനുഭവിച്ചു. 1991ല്‍ കോഴിക്കോട് സംസ്ഥാന സമ്മേളനത്തിന് ശേഷം സി.പി.എം സംസ്ഥാന കമ്മിറ്റി അംഗമായി. 2006ലാണ് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. 1996ലും 2001ലും കേരള നിയമസഭയില്‍ തളിപ്പറമ്പ് നിയോജക മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്നു.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait