പാര്‍ട്ടി തീരുമാനം അംഗീകരിക്കുന്നു; നിരാശയില്ലെന്ന് കെ.കെ ശൈലജ

Published on 18 May 2021 5:06 pm IST
×

തിരുവനന്തപുരം: രണ്ടാം പിണറായി മന്ത്രി സഭയില്‍ ഉള്‍പ്പെടുത്താത്തതില്‍ നിരാശയില്ലെന്ന് കെ.കെ ശൈലജ. പാര്‍ട്ടിയാണ് തന്നെ മന്ത്രിയാക്കിയതെന്നും നന്നായി പ്രവര്‍ത്തിക്കാന്‍ സാധിച്ചതില്‍ സംതൃപ്തിയുണ്ടെന്നും ശൈലജ പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട്  പ്രതികരിക്കുകയായിരുന്നു അവര്‍. 

പാര്‍ട്ടി തീരുമാനിച്ചിട്ടാണ് താന്‍ മന്ത്രിയായത്. കഴിയാവുന്നത്ര ഉത്തരവാദിത്തം നിര്‍വഹിച്ചിട്ടുണ്ട്. വളരെ നല്ല പുതിയ ടീം ആണ് വരുന്നത്. അവര്‍ക്ക് വളരെ നന്നായി പ്രവര്‍ത്തിക്കാന്‍ കഴിയുമെന്നാണ് വിശ്വസിക്കുന്നത്. താന്‍ മന്ത്രിസ്ഥാനത്തു നിന്ന് മാറുന്നത് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ ബാധിക്കില്ല. ഇതൊരു സംവിധാനമാണ്, വ്യക്തിയല്ല. ഒരു സംവിധാനമാണ് ഇതെല്ലാം നിര്‍വഹിക്കുന്നത്. ആ സംവിധാനത്തിന്റെ തലപ്പത്ത് താന്‍ ആയിരുന്നപ്പോള്‍ അത് കൈകാര്യം ചെയ്തു. ഞാന്‍ മാത്രമല്ലല്ലോ, മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള വലിയൊരു ടീം അല്ലേ അത് കൈകാര്യം ചെയ്തിരുന്നതെന്നും ശൈലജ പറഞ്ഞു. മാധ്യമങ്ങള്‍ക്ക് നന്ദി പറഞ്ഞ ശൈലജ, ഇനി വരുന്ന മന്ത്രിസഭയ്ക്കും അതേ പിന്തുണ നല്‍കണമെന്നും അഭ്യര്‍ഥിച്ചു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനം താന്‍ ഒറ്റയ്ക്ക് നടത്തിയതല്ല. അത് സര്‍ക്കാരിന്റെ പൊതുവായ പ്രവര്‍ത്തനവും ടീം വര്‍ക്കുമാണ്. ഒരുപാട് ഉദ്യോഗസ്ഥരും നാട്ടുകാരും ചേര്‍ന്ന് നടത്തിയ പ്രവര്‍ത്തനാണ്. ആരോഗ്യ മന്ത്രിയായിരുന്നതുകൊണ്ട് ആ ഉത്തരവാദിത്തം നിറവേറ്റി എന്നതാണ്. പൂര്‍ണ സംതൃപ്തിയാണുള്ളത്. പാര്‍ട്ടി ഏല്‍പിച്ച ഉത്തരവാദിത്തം കഴിയാവുന്നത്ര നന്നായി നിര്‍വഹിക്കാന്‍ ശ്രമിച്ചു. അതില്‍ സംതൃപ്തിയുണ്ട്. പുതിയ ആളുകള്‍ വരുമ്പോള്‍ അതിനേക്കാള്‍ നന്നായി അത് നിര്‍വഹിക്കുമെന്ന ശുഭ പ്രതീക്ഷയാണുള്ളത്.
 






സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait