കെ.കെ ശൈലജയും പുറത്ത്; മുഖ്യമന്ത്രി ഒഴികെ എല്ലാവരും പുതുമുഖങ്ങള്‍

Published on 18 May 2021 1:32 pm IST
×

തിരുവനന്തപുരം: എല്ലാവരും പുതുമുഖങ്ങളാകട്ടെയെന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ആരോഗ്യമന്ത്രി കെ.കെ ശൈലജയെ രണ്ടാം പിണറായി സര്‍ക്കാരില്‍ ഉള്‍പ്പെടുത്തേണ്ടതില്ലെന്ന് പാര്‍ട്ടി തീരുമാനിച്ചതായി സൂചന. മുഖ്യമന്ത്രി പിണറായി വിജയന്‍ ഒഴികെ എല്ലാവരും പുതുമുഖങ്ങളായിരിക്കും. 

എം.ബി രാജേഷ് സ്പീക്കറാകും. വീണാ ജോര്‍ജ്, ആര്‍.ബിന്ദു, പി.എ മുഹമ്മദ് റിയാസ്, വി.ശിവന്‍കുട്ടി, കെ.രാധാകൃഷ്ണന്‍, പി.രാജീവ്, കെ.എന്‍  ബാലഗോപാല്‍, സജി ചെറിയാന്‍, എം.വി ഗോവിന്ദന്‍, വി.എന്‍ വാസവന്‍, വി.അബ്ദുറഹ്മാന്‍ എന്നിവര്‍ മന്ത്രിമാരാകും. കെ.കെ ശൈലജ ഒഴികെയുള്ള പഴയ മന്ത്രിമാരെ ഒഴിവാക്കുമെന്നായിരുന്നു ആദ്യ സൂചനകള്‍. കോവിഡ് വ്യാപന സാഹചര്യവും ആരോഗ്യമന്ത്രി എന്ന നിലയില്‍ കഴിഞ്ഞ മന്ത്രിസഭയില്‍ നടത്തിയ മികച്ച പ്രവര്‍ത്തനവും മട്ടന്നൂരില്‍ നേടിയ വന്‍ ഭൂരിപക്ഷവും എല്ലാം കണക്കിലെടുത്ത് കെ.കെ ശൈലജയെ ഇത്തവണയും പരിഗണിക്കണമെന്ന തരത്തിലായിരുന്നു ചര്‍ച്ച. എന്നാല്‍ സംഘടനാ സംവിധാനത്തില്‍ എല്ലാവര്‍ക്കും തുല്യ പരിഗണനയും നീതിയും പൊതു തീരുമാനവും വേണമെന്ന നിലപാടില്‍ പാര്‍ട്ടി ഉറച്ചുനിന്നതോടെയാണ് ശൈലജക്ക് മന്ത്രിസ്ഥാനം നഷ്ടമാകുന്നത്. തെരഞ്ഞെടുപ്പില്‍ പ്രമുഖരെ ഒഴിവാക്കിയതു പോലെ മന്ത്രിസഭയിലും പുതുമുഖങ്ങള്‍ മതിയെന്ന തീരുമാനത്തിലേക്ക് പാര്‍ട്ടി എത്തുകയായിരുന്നു.

ഇന്ന് ചേര്‍ന്ന സിപിഎം സംസ്ഥാന കമ്മിറ്റി യോഗത്തില്‍ ഏഴുപേരാണ് ശൈലജയെ അനുകൂലിച്ചത് എന്നാണ് വിവരം. എന്നാല്‍ 88 അംഗ സമിതിയില്‍ ഭൂരിഭാഗം പേരും കോടിയേരി ബാലകൃഷ്ണന്‍ മുന്നോട്ടുവച്ച പുതുമുഖ പട്ടികയെയാണ് അംഗീകരിച്ചത്. ശൈലജയെ ഒഴിവാക്കിയതോട ആരോഗ്യവകുപ്പ് ഇനി ആര് കൈകാര്യം ചെയ്യുമെന്ന കാര്യത്തില്‍ കൗതുകമേറി.
 






സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait