കോവിഡിന് പിന്നാലെ ഡെങ്കിയും എലിപ്പനിയും; മലയോര മേഖല ആശങ്കയില്‍  

Published on 18 May 2021 12:38 pm IST
×

ഇരിട്ടി: ഇരിട്ടിയുടെ മലയോര പഞ്ചായത്തുകളില്‍ കോവിഡിന് പിന്നാലെ ഡെങ്കിയും എലിപ്പനിയും റിപോര്‍ട്ട് ചെയ്തതോടെ ആശങ്ക കനത്തു. ആറളം, അയ്യന്‍കുന്ന് പഞ്ചായത്തുകളില്‍ ഡെങ്കിപ്പനിയും പായം പഞ്ചായത്തില്‍ എലിപ്പനിയുമാണ് റിപോര്‍ട്ട് ചെയ്തത്. ഇവിടങ്ങളില്‍ ആരോഗ്യവകുപ്പ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി രംഗത്തെത്തി.

പായം പഞ്ചായത്തിലെ കോണ്ടബ്ര കോളനിയിലെ 40 വയസുള്ള തൊഴാലാളിക്കാണ് എലിപ്പനി സ്ഥിരീകരിച്ചത്. ഇയാള്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. പനി വന്നതിനെത്തുടര്‍ന്ന് ഇരിട്ടി താലൂക്ക് ആശുപത്രില്‍ ആദ്യം കോവിഡ് ടെസ്റ്റ് നടത്തിയപ്പോള്‍ നെഗറ്റീവായിരുന്നു. തുടര്‍ന്നും പനി വിട്ടുമാറാത്തതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് എലിപ്പനി സ്ഥിരീകരിച്ചത്. ഇതോടെ ഇരിട്ടിയില്‍ നിന്നും ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. വള്ളിത്തോട് പി.എച്ച്.സിയുടെ നേതൃത്വത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ചാര്‍ജുള്ള ഇ.കെ  സലിമിന്റെ നേതൃത്വത്തിലുള്ള ആരോഗ്യ സംഘവും, ട്രൈബര്‍ മൊബൈല്‍ യൂണിറ്റിന്റെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘവും കോളനിയിയില്‍ പ്രതിരോധ നടപടികള്‍ ആരംഭിച്ചു. വാര്‍ഡ് അംഗം പി.പങ്കജാക്ഷി, ആശാവര്‍ക്കര്‍ അനിത, സന്നദ്ധ പ്രവര്‍ത്തകന്‍ കെ.രമേശന്‍ എന്നിവരുടെ നേതൃത്വത്തില്‍ ബോധവത്ക്കരണവും നടത്തി.

അയ്യന്‍കുന്ന്, ആറളം പഞ്ചായത്തുകളില്‍ ഡെങ്കിപ്പനി റിപോര്‍ട്ട് ചെയ്തതോടെ മേഖലയില്‍ കൊതുക് നിശീകരണത്തിനുള്ള നടപടികള്‍ ഊര്‍ജ്ജിതമാക്കി. കിഴ്പ്പളളി, എടൂര്‍, കരിക്കോട്ടക്കരി, ആറളം ഫാം എന്നിവിടങ്ങളിലാണ് ഡെങ്കിപ്പനി കണ്ടെത്തിയിരിക്കുന്നത്. റബര്‍ തോട്ടങ്ങളില്‍ വെള്ളം കെട്ടി നില്‍ക്കുന്ന സാഹചര്യം ഒഴിവാക്കാന്‍ സ്ഥലം ഉടമകള്‍ക്കും മറ്റും നിര്‍ദ്ദേശം നില്‍കി. ഉറവിട നശീകരണത്തിനും വെള്ളം കെട്ടിനില്‍ക്കുന്ന സാഹചര്യം ഒഴിവാക്കുന്നതിനുള്ള ബോധവത്ക്കരണവും നടത്തി. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം മഴക്കാല ജലജന്യ രോഗങ്ങളും എത്തിയതോടെ ഇവയെ പ്രതിരോധിക്കാനുള്ള നടപടികളും തുടരുകയാണ്.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait