പച്ചക്കറിയുടെ മറവില്‍ വീണ്ടും മദ്യക്കടത്ത്: ഇരിട്ടി പോലിസ് 360 കുപ്പി കര്‍ണാടക മദ്യം പിടികൂടി 

Published on 18 May 2021 11:42 am IST
×

ഇരിട്ടി: ഇരിട്ടിയില്‍ പച്ചക്കറി വാഹനത്തില്‍ കടത്തുകയായിരുന്ന 360 കുപ്പി കര്‍ണാടക മദ്യവുമായി രണ്ടുപേര്‍ അറസ്റ്റില്‍. കണ്ണവം സ്വദേശി സബീഷ്, മണത്തണ സ്വദേശി ലെനി പോള്‍ എന്നിവരാണ് അറസ്റ്റിലായത്. ഇരിട്ടി ഡിവൈ.എസ്.പി പ്രിന്‍സ് എബ്രഹിമിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇരിട്ടി പോലിസ് സ്റ്റേഷന്‍ പരിസരത്തുവച്ച് നടത്തിയ വാഹന പരിശോധനയിലായിരുന്നു മദ്യം പിടികൂടിയത്. പച്ചക്കറി കൊണ്ടുവന്ന കെ.എല്‍ 44 സി 8819 വാഹനം അധികൃതര്‍ കസ്റ്റഡിയിലെടുത്തു. ഇരിട്ടി എസ്.ഐ അബ്ബാസ് അലി, എസ്.ഐ നാസര്‍ പൊയിലന്‍, സീനിയര്‍ സിവില്‍ പോലിസ് ഓഫിസര്‍ അബ്ദുല്‍ റഷീദ്, വിളക്കോട് വനിത സി.പി.ഒ സൗമ്യ, ഡ്രൈവര്‍ സി.പി.ഒ നിജേഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു. 

കഴിഞ്ഞ വെള്ളിയാഴ്ച കൂട്ടുപുഴ എക്സൈസ് ചെക്ക് പോസ്റ്റില്‍ നിന്നും പച്ചക്കറിയുടെ മറവില്‍ കടത്താന്‍ ശ്രമിച്ച 1292 ടെട്രാ പാക്കറ്റ് ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യം പിടികൂടിയിരുന്നു. കേരളത്തില്‍ സമ്പൂര്‍ണ അടച്ചിടല്‍ പ്രഖ്യാപിച്ചതിന്റെ ഭാഗമായി കര്‍ണാടകയില്‍ നിന്നും വന്‍തോതില്‍ മദ്യക്കടത്ത് നടത്തുന്നതിനാല്‍ അധികൃതര്‍ പരിശോധന കര്‍ശനമാക്കിയിരിക്കുകയാണ്. 
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait