മദ്യപന്‍മാര്‍ നെട്ടോട്ടത്തില്‍; തലങ്ങുംവിലങ്ങും എക്‌സൈസ്

Published on 06 May 2021 11:04 pm IST
×

കണ്ണൂര്‍: ലോക്ഡൗണ്‍ പ്രഖ്യാപിക്കുന്നതിനു മുമ്പേ 'ലോക്' ആയവരാണ് മദ്യപന്‍മാര്‍. സാധാരണയിലും ഇരട്ടി പണം കൊടുത്ത് മദ്യം വാങ്ങി കുടിച്ച് കീശകാലിയായവരും കുറവല്ല. മദ്യഷോപ്പുകള്‍ ഇന്നു തുറക്കും നാളെ തുറക്കുമെന്ന് പ്രതീക്ഷയോടെ കാത്തിരിക്കുമ്പോഴാണ് യാഥാര്‍ഥ ലോക്ഡൗണ്‍ പ്രഖ്യാപനം വന്നിരിക്കുന്നത്. കഴിഞ്ഞ മാസം പകുതിയോടെ ബീവറേജ് ഔട്‌ലറ്റുകളും ബാറുകളും അടച്ചിടാന്‍ തുടങ്ങിയിരുന്നു. അപ്രതീക്ഷിതമായി മദ്യം കിട്ടാതായതോടെ കര്‍ണാടക സംസ്ഥാനത്തേക്കു പോലും ആളുകള്‍ മദ്യം തേടിപ്പോയി. എന്നാല്‍ അവിടെയും ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ ആ വഴിയും അടഞ്ഞു. പിന്നീട് വ്യാജ വാറ്റുകാരായിരുന്നു പ്രതീക്ഷ. എന്നാല്‍ എക്‌സൈസ് വകുപ്പിന്റെ കര്‍ശന പരിശോധനയും റെയ്ഡും കാരണം അതും നിലച്ചു. ബാറുകള്‍ പുട്ടിയതോടെ കൂണുപോലെയാണ് വ്യാജവാറ്റ് കേന്ദ്രങ്ങള്‍ മുളച്ചു പൊന്തിയത്. ലിറ്ററിന് രണ്ടായിരത്തില്‍ അധികം രൂപ വരെ കിട്ടുന്നതിനാല്‍ എന്ത് ബുദ്ധിമുട്ട് സഹിച്ചും വാറ്റാന്‍ ആളുകള്‍ തയ്യാറെടുക്കും. സ്ത്രീകള്‍ ഉള്‍പ്പെടെ നിരവധി പേര്‍ ഇടനിലയായി വാറ്റ് കേന്ദ്രങ്ങളില്‍ നിന്നും മദ്യം എത്തിക്കുന്നുണ്ട്. രഹസ്യമായി നടക്കുന്ന വാറ്റുകേന്ദ്രങ്ങളില്‍ എക്‌സൈസ് സംഘം എത്താതിരിക്കാനും തടയാനും വരെ ആളുകളുണ്ട്. ഒരിക്കലും പരിശോധന എത്താത്ത കേന്ദ്രങ്ങള്‍ വരെ മലയോരത്തുണ്ട്. ആയിരക്കണക്കിന് ലിറ്റര്‍ വരെ ഇവിടെ നിന്നും നിര്‍മിച്ചെടുക്കുന്നുണ്ട്. ലോക്ഡൗണ്‍ പ്രഖ്യാപനം വന്നതോടെ ഇനിയും വാറ്റ് കേന്ദ്രങ്ങള്‍ കൂടും. ഓടിക്കിതച്ച് എക്‌സൈസ് സംഘം ഒരു പരുവമായിട്ടുണ്ട്. എങ്കിലും തങ്ങള്‍ക്ക് ആവുംവിധം തന്നെ സംഘം പരിശോധന കര്‍ശമാക്കിയിട്ടുണ്ട്.
വിദേശ മദ്യഷാപ്പുകള്‍ അടച്ചതോടെ ജില്ലയിലെ മലയോര മേഖലകളില്‍ വ്യാജവാറ്റ് കേന്ദ്രങ്ങള്‍ എകസൈസ് സംഘം വ്യാപകമായി നശിപ്പിക്കുന്നുണ്ടെങ്കിലും മറ്റു കേന്ദ്രങ്ങളില്‍ വില്‍പ്പന തകൃതിയാണ്. ആലക്കോട്, കൂത്തുപറമ്പ്, പേരാവൂര്‍, മേഖലകളിലാണ് കൂടുതല്‍ വാറ്റ് കേന്ദ്രങ്ങളുള്ളത്. വീടുകള്‍ കേന്ദ്രീകരിച്ചും വില്‍പ്പന നടക്കുന്നുണ്ട്. വാട്സ്ആപ് ഉള്‍പ്പെടെ വില്‍പ്പനയ്ക്കായി ഉപയോഗിക്കുന്നുണ്ട്. മദ്യമെത്തിച്ച് നല്‍കാന്‍ ഓണ്‍ലൈനില്‍ തന്നെ സംഘവുമുണ്ട്. കൂടുതല്‍ പണം നല്‍കിയാല്‍ എക്‌സൈസിന്റെ കണ്ണ് വെട്ടിച്ച് എവിടെയാണെങ്കിലും ഈ സംഘം മദ്യമെത്തിച്ച് നല്‍കും. 

കള്ളുഷാപ്പില്‍ നീണ്ട ക്യു

കണ്ണൂര്‍: മദ്യം കിട്ടാതെ വന്നതോടെ അതിരാവിലെ മുതല്‍ കള്ളുഷാപ്പുകള്‍ക്ക് മുമ്പില്‍ നീണ്ട നിരയാണ്. കോവിഡ് മാനദണ്ഡങ്ങള്‍ പോലും കാറ്റില്‍ പറത്തിയാണ് കള്ള് വില്‍പന നടക്കുന്നത്. വിദേശ മദ്യഷാപ്പുകള്‍ അടച്ചതോടെയാണ് കള്ളിന് ആവശ്യക്കാര്‍ ഏറിയത്. മിനി ലോക്ഡൗണ്‍ പ്രഖ്യാപിച്ച ചൊവ്വാഴ്ച പത്ത് മണിയോടെ കാട്ടമ്പള്ളി ബാലന്‍ കിണറിന് സമീപത്തുള്ള കള്ള്ഷാപ്പിന് മുന്നില്‍ പൊതുറോഡ് വരെ മദ്യം വാങ്ങാനെത്തിയവരുടെ വലിയ നിരയായിരുന്നു. കൂടാതെ നാട്ടിന്‍ പുറത്തുള്ള ഒട്ടുമിക്ക കള്ളുഷാപ്പുകളിലും അവസ്ഥ ഇതുതന്നെ. സാമൂഹിക അകലം പാലിക്കണമെന്നും കടകള്‍ക്ക് മുന്നില്‍ രണ്ട് മീറ്റര്‍ അകലത്തില്‍ നിന്ന് സാധനങ്ങള്‍ വാങ്ങാനെന്നും ഓണ്‍ ലൈനിലൂടെയോ ഫോണിലൂടെയോ വിളിച്ച് ബുക്ക് ചെയ്ത് ആവശ്യമുള്ള സാധനങ്ങള്‍ വാങ്ങിക്കണമെന്നും പറയുമ്പോഴാണ് കള്ളിനു വേണ്ടി പരസ്യ ക്യു കാണുന്നത്. യാതൊരു സാമുഹിക അകലവും പാലിക്കാതെ കള്ള് ഷാപ്പുകളില്‍ നിന്നും കള്ള് വില്‍പ്പന തകൃതിയായി നടക്കുന്നത് നാട്ടുകാര്‍ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും പോലിസ് ഇവിടങ്ങളില്‍ പരിശോധന നടത്തുന്നുമില്ല. പൊടിക്കുണ്ട് സെന്‍ട്രല്‍ ജയിലിന് സമീപം കള്ള് ഷാപ്പില്‍ സാമൂഹിക അകലം പോലും പാലിക്കാതെയാണ് ആളുകളെത്തിയത്. 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait