ഷൈജു കണ്ണും പൂട്ടി പറയും കേരളത്തിലെ 140 എം.എല്‍.എമാരും മണ്ഡലവും

Published on 06 May 2021 11:01 pm IST
×

കണ്ണൂര്‍: കേരളത്തിലെ 140 നിയമസഭാ മണ്ഡലങ്ങളും അവിടുത്തെ എം.എല്‍.എമാരുടെ പേരുകളും പറയാന്‍  പറഞ്ഞാല്‍ ആരും ഒന്ന് പതറും. അതും ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ തെരെഞ്ഞെടുക്കപ്പെട്ടവര്‍ കൂടിയായാല്‍. എന്നാല്‍ പതര്‍ച്ചയൊട്ടുമില്ലാതെ മഞ്ചേശ്വരം മുതല്‍ നെയ്യാറ്റിന്‍കര വരെയുള്ള മണ്ഡലവും അവിടുത്തെ എം.എല്‍.എമാരുടേയും പേരുകള്‍ കണ്ണും പൂട്ടി പറയും തളിപ്പറമ്പ് സ്വദേശി ഷൈജു ഗോവിന്ദ്. ഇങ്ങനെ പറയുന്ന വീഡിയോ അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിരുന്നു. നിമിഷനേരം കൊണ്ട് വീഡിയോ വൈറലാവുകയായിരുന്നു. മെമ്മറി പവര്‍ ട്രെയിനര്‍ കൂടിയാണ് ഇദ്ദേഹം. ഇത് പഠിക്കാനായി പ്രത്യേക തയ്യാറെടുപ്പുകളൊന്നും എടുത്തിട്ടില്ലെന്ന് ഷൈജു പറഞ്ഞു. കേരളത്തിലെ 140 മണ്ഡലങ്ങളും മുന്നേ ക്രമമായി അറിയാം. സ്ഥാനാര്‍ഥികള്‍ പകുതിയും അറിയുന്നവര്‍ തന്നെയാണ്. കുറച്ചുപേര്‍ മാത്രമാണ് അറിയാത്തവരായുള്ളത്. അവരുടെ പേരുകള്‍ പഠിച്ചു ഷൈജു പറയുന്നു. എം.ടി വാസുദേവന്‍ നായരുടെത് ഉള്‍പ്പെടെയുള്ള പുസ്തകം മുഴുവന്‍ വായിച്ച് കാണാതെ പറയുന്നതും ഷൈജുവിന്റെ ഹോബിയാണ്. എഴുത്തുകാരായ വി.എച്ച് നിഷാദ്, വരുണ്‍ രമേശ് എന്നിവരുടെ പുസ്തകങ്ങള്‍ അതിന്റെ പ്രകാശന ചടങ്ങില്‍ മുഴുവന്‍ വായിച്ച് കാണാതെ പറഞ്ഞിട്ടുണ്ട് ഷൈജു. ചലച്ചിത്ര മേഖലയില്‍ അസിസ്റ്റന്റ് ഡയറക്ടറായി ജോലി ചെയ്യുകയാണ് ഇദ്ദേഹം. ഓര്‍മശക്തി പരീക്ഷിക്കാന്‍ തുടങ്ങിയിട്ട് മൂന്ന് വര്‍ഷത്തോളമായി. കൂടാതെ രണ്ട് വര്‍ഷത്തോളമായി ജില്ലയിലെ വിവിധ സ്‌കൂളുകളിലും കോളജുകളിലും ഓര്‍മശക്തി വര്‍ധിപ്പിക്കുന്നതിനെ സംബന്ധിച്ച് ക്ലാസെടുക്കുന്നു. വിദ്യാര്‍ഥികള്‍ക്ക് ഏറ്റവും കൂടുതല്‍ പ്രയോജനമാകുന്ന ഒരു വിദ്യയാണ് ഇതെന്നും കൃത്യമായി പരിശീലിച്ചാല്‍ വേഗത്തില്‍ ആര്‍ക്കും ഓര്‍മശക്തി വര്‍ധിപ്പിക്കാമെന്നും അദ്ദേഹം പറഞ്ഞു. പ്രശസ്ത സിനിമ സംവിധായകന്‍ ഷെറി സഹോദരനാണ്.


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait