കണ്ണൂരില്‍ ഇന്ന് 1374 പേര്‍ക്ക് കൂടി കോവിഡ്; 1328 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ       സംസ്ഥാനത്ത് ഇന്ന് 31,337 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; കണ്ണൂര്‍ ജില്ലയില്‍ 1374 പേര്‍ക്ക്       പാര്‍ട്ടി തീരുമാനം അംഗീകരിക്കുന്നു; നിരാശയില്ലെന്ന് കെ.കെ ശൈലജ      രാമന്തളിയില്‍ കലുങ്കിനടിയില്‍ ഒളിപ്പിച്ചുവച്ച നിലയില്‍ ആയുധങ്ങള്‍ കണ്ടെത്തി       കെ.കെ ശൈലജയും പുറത്ത്; മുഖ്യമന്ത്രി ഒഴികെ എല്ലാവരും പുതുമുഖങ്ങള്‍      സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് യു.ഡി.എഫ്      തളിപ്പറമ്പില്‍ സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന 18 ലിറ്റര്‍ കര്‍ണാടക മദ്യം പിടികൂടി      കോവിഡിന് പിന്നാലെ ഡെങ്കിയും എലിപ്പനിയും; മലയോര മേഖല ആശങ്കയില്‍        പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങിനെതിരേ പരാതി      പച്ചക്കറിയുടെ മറവില്‍ വീണ്ടും മദ്യക്കടത്ത്: ഇരിട്ടി പോലിസ് 360 കുപ്പി കര്‍ണാടക മദ്യം പിടികൂടി 

ഇടതു തരംഗത്തിലും ഇടറാതെ പാലാ; മധുരപ്രതികാരം വീട്ടി മാണി സി.കാപ്പന്‍

Published on 02 May 2021 6:25 pm IST
×

കോട്ടയം: കേരളമാകെയുണ്ടായ ഇടതു തരംഗത്തിലും ഇടറാതെ നിന്ന മണ്ഡലമാണ് പാലാ. ആദ്യം പിന്നില്‍നിന്ന ശേഷമാണ് ഗംഭീര സ്മാഷുമായി തിരിച്ചെത്തി യു.ഡി.എഫിന്റെ മാണി സി.കാപ്പന്‍ മത്സരം കടുപ്പിച്ചത്. കോട്ടയം ജില്ലയിലും കേരളത്തിലാകെയും എല്‍.ഡി.എഫ് തരംഗമുണ്ടായപ്പോഴും തീപാറും പോരാട്ടം നടന്ന പാലായെ കാപ്പന്‍ നെഞ്ചേറ്റി. പാര്‍ട്ടി സ്ഥാനാര്‍ഥികളില്‍ മിക്കവരും ജയിച്ചപ്പോള്‍ ചെയര്‍മാന്‍ മത്സരിച്ച വൈകാരിക പ്രാധാന്യമുള്ള പാലാ കൈവിട്ടതിന്റെ ക്ഷീണം ജോസ് കെ.മാണിക്ക് അത്രയെളുപ്പം മറക്കാനാവില്ല.

ഒരിക്കലും എല്‍.ഡി.എഫ് ജയിക്കില്ലെന്ന് കരുതിയ പാലായുടെ ചരിത്രം നേരത്തേ തിരുത്തിയതു കാപ്പനാണ്. 1965ല്‍ രൂപീകരിച്ചതു മുതല്‍ 52 വര്‍ഷം കെ.എം മാണിയുടെ തട്ടകമായിരുന്ന മണ്ഡലം അദ്ദേഹത്തിന്റെ മരണശേഷം നടന്ന ഉപതെരഞ്ഞെടുപ്പിലാണ് കാപ്പന്‍ പിടിച്ചെടുത്തത്. 2019ലെ ഉപതെരഞ്ഞെടുപ്പില്‍ പാലാ ആദ്യമായി ചുവന്നു. മാണിക്കെതിരേ മത്സരിക്കാന്‍ എതിരാളികള്‍ മടിച്ചപ്പോള്‍ ആ ദൗത്യം ഏറ്റെടുത്തതാണ് കാപ്പന്‍ കുടുംബം. മാണി സി.കാപ്പനും സഹോദരന്‍ ജോര്‍ജ് സി.കാപ്പനും മാണിക്കെതിരെ മത്സരിച്ചു. നാലാം മത്സരത്തിലാണ് കാപ്പന്‍ പാലാ പിടിച്ചത്.

മാണിയല്ലാതെ പാലായുടെ എം.എല്‍.എയാകുന്ന ആദ്യ വ്യക്തി. അന്ന് എല്‍.ഡി.എഫിന്റെ ഭാഗമായിരുന്ന എന്‍.സി.പിയിലായിരുന്നു കാപ്പന്‍. എന്നാല്‍ കേരള കോണ്‍ഗ്രസ് (എം) ജോസ് കെ.മാണി വിഭാഗം യു.ഡി.എഫ് വിടുന്ന സ്ഥിതി വന്നതോടെ പാലാ സീറ്റിന്റെ കാര്യത്തില്‍ മുറുമുറുപ്പ് തുടങ്ങി. 2019ല്‍ ഇടതു സ്ഥാനാര്‍ഥിയായി ജയിച്ച കാപ്പന്‍, രാഷ്ട്രീയ സംഭവ വികാസങ്ങള്‍ക്കൊടുവില്‍ യു.ഡി.എഫിലെത്തി. മാണിയുടെ കേരള കോണ്‍ഗ്രസ് ഇടതു പാളയത്തിലും. എല്‍.ഡി.എഫ് പാലാ സീറ്റ് നിഷേധിച്ചപ്പോള്‍ സ്വന്തം പാര്‍ട്ടി രൂപീകരിച്ചാണു കാപ്പന്‍ കോര്‍ട്ടിലിറങ്ങിയത്.

16 മാസം കൊണ്ട് 462 കോടി രൂപയുടെ വികസനം മണ്ഡലത്തില്‍ എത്തിച്ചതു വിവരിച്ചാണ് കാപ്പന്‍ വോട്ട് തേടിയത്. വിരുദ്ധ വികാരം ഉണ്ടാകാതിരുന്നതും എല്‍.ഡി.എഫ് സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്നുണ്ടായ സഹതാപ തരംഗവും കാപ്പന് അനുകൂലമായി. രണ്ടില ചിഹ്നം, കേരള കോണ്‍ഗ്രസ് എമ്മിന്റെ പരമ്പരാഗത വോട്ടുബാങ്ക് എന്നീ എല്‍.ഡി.എഫിന്റെ അനുകൂല ഘടകങ്ങളെ കടുത്ത പോരാട്ടത്തിലൂടെ കാപ്പന്‍ മറികടന്നു. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിലായിരുന്ന കെ.എം മാണി എല്‍.ഡി.എഫിലായിരുന്ന കാപ്പനെ തോല്‍പ്പിച്ചത് 4703 വോട്ടിനാണ്. ഉപതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായ കാപ്പന്‍ യു.ഡി.എഫിലെ ജോസ് ടോമിനെ തോല്‍പിച്ചതാകട്ടെ 2943 വോട്ടിനും.

മണ്ഡലം പിടിച്ചെടുത്ത കാപ്പനെ നേരിടാന്‍ കെ.എം മാണിയുടെ മകന്‍ ജോസ് കെ.മാണി നേരിട്ട് അങ്കത്തിനിറങ്ങിയതോടെ സംസ്ഥാനം ഉറ്റുനോക്കുന്ന മത്സരമാണ് പാലായില്‍ നടന്നത്. കെ.എം മാണിയുടെ കരളാണ്  പാലാ എന്നാണ് ജോസ് പറഞ്ഞത്. ആ പാലാ തന്റെ ചങ്കാണെന്നു കാപ്പനും തിരിച്ചടിച്ചു. മാണി സി.കാപ്പനെ പേരെടുത്തു പറയാതെ അവസരവാദിയെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചതു ചര്‍ച്ചയായിരുന്നു. ആരാണ് അവസരവാദിയെന്നു ഫലം വരുമ്പോള്‍ അറിയാമെന്നായിരുന്നു കാപ്പന്റെ പ്രതികരണം. സീറ്റ് നിഷേധിച്ച എല്‍.ഡി.എഫിനും, തിരിച്ചു പിടിക്കാനിറങ്ങിയ ജോസിനും ഒരുപോലെ മറുപടി നല്‍കിയാണ് കാപ്പന്‍ മധുര പ്രതികാരം തീര്‍ത്തത്.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait