ബിരിയാണി വേണോ? ഈ 'യന്തിരന്‍' ഉണ്ടാക്കും മണിക്കൂറില്‍ 800 എണ്ണം; ഒരുദിവസം 6000 വരെ.

ബിരിയാണി കൂടാതെ, നെയ്ചോറും കുഴിമന്തിയുമുണ്ടാക്കാം. 20 മിനിറ്റുകൊണ്ട് വെള്ളം ഉപയോഗിക്കാതെ 500 മുട്ടയും പുഴുങ്ങാം.
Published on 22 December 2017 11:06 am IST
×

കൊച്ചി: മലയാളികളുടെ ഇഷ്ടവിഭവമായ ബിരിയാണിയുണ്ടാക്കാനും 'യന്തിര'നെത്തി. ബിരിയാണി വകഭേദങ്ങള്‍ മാത്രമല്ല ബീഫ് ഫ്രൈ, ചിക്കന്‍ ടിക്ക, ചില്ലിചിക്കന്‍ തുടങ്ങിയ ഏതിനങ്ങളും ഇവന്‍ തയ്യാറാക്കും. ബിരിയാണി കൂടാതെ, നെയ്ചോറും കുഴിമന്തിയുമുണ്ടാക്കാം. 20 മിനിറ്റുകൊണ്ട് വെള്ളം ഉപയോഗിക്കാതെ 500 മുട്ടയും പുഴുങ്ങാം. പാചകം കഴിഞ്ഞാല്‍ യന്ത്രം സ്വയം കഴുകിവൃത്തിയാക്കുകയും ചെയ്യും!

കടല്‍ കടന്നെത്തിയ ഈ യന്ത്രത്തിന് മണിക്കൂറില്‍ 800 ബിരിയാണിയുണ്ടാക്കാനുള്ള കഴിവുണ്ട്. ഒരുദിവസം 6000 വരെ. ജപ്പാന്‍, ഇന്ത്യ, ജര്‍മനി എന്നിവിടങ്ങളില്‍ നിര്‍മിച്ച മൂന്ന് യന്ത്രങ്ങളുടെ കൂട്ടായ പ്രവര്‍ത്തനത്തിലൂടെയാണ് രുചികരമായ ബിരിയാണി തയ്യാറാക്കുന്നത്. തൃശ്ശൂരിലെ മാള കെ.എസ്.ആര്‍.ടി.സി. ബസ്സ്റ്റാന്‍ഡിനടുത്ത 'അല്‍ മാ ഇദ' പാചകപ്പുരയിലാണ് യന്ത്രം സ്ഥാപിച്ചത്.

ഇറച്ചിയും മസാലക്കൂട്ടും ഇട്ടുകൊടുത്താല്‍ കൃത്യ അളവില്‍ മസാല തയ്യാറാക്കുന്നതാണ് ഒന്നാംഭാഗം. ജപ്പാനില്‍നിന്നാണ് ഇതെത്തിച്ചത്. വേവിച്ച ഇറച്ചിക്കൂട്ട് ബിരിയാണി ട്രേയിലേക്ക് വീണാലുടന്‍ ആവശ്യമായ അരിയും വെള്ളവും ഒഴിക്കുന്നതാണ് രണ്ടാമത്തെ ഭാഗം.

അരി കഴുകി വൃത്തിയാക്കി കൃത്യഅളവില്‍ ബിരിയാണി പാത്രത്തിലേക്ക് ഇടുന്ന യന്ത്രം ഇന്ത്യയില്‍ നിര്‍മിച്ചതാണ്. ബിരിയാണി ട്രേയിലേക്ക് വീഴുന്ന അരിയും ഇറച്ചിയും മസാലയും അരമണിക്കൂറിനുള്ളില്‍ ബിരിയാണിയാക്കുന്ന മൂന്നാമത്തെ യന്ത്രം ജര്‍മന്‍കാരനാണ്.

ഏതുതരം ബിരിയാണിയാണ് വേണ്ടതെന്ന് ഇതിന്റെ മോണിറ്ററിലെ ടച്ച് സ്‌ക്രീനില്‍ രേഖപ്പെടുത്താം. ഒരേസമയം ബിരിയാണി വേവിക്കാനും ചിക്കന്‍, മട്ടന്‍, ബീഫ് എന്നിവ ഫ്രൈ ചെയ്യാനും കഴിയും. ഒരുതുള്ളി പോലും എണ്ണ വേണ്ടെന്നതാണ് പ്രത്യേകത.

 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Tags

biriyani

Related News

Latest News

Loading...please wait