ഇബ്‌നുബത്തൂത്ത മാട്ടൂലില്‍!

ബത്തൂത്ത കഫേ മാട്ടൂലില്‍ തരംഗമാവുകയാണ്
രംനേഷ് പി.വി
Published on 30 November 2017 3:48 pm IST
×

മാട്ടൂല്‍: ബത്തൂത്ത വീണ്ടും വന്നിരിക്കുകയാണ്. ഇത്തവണ കണ്ണൂര്‍ മാട്ടൂലില്‍. മാട്ടൂല്‍ നോര്‍ത്തില്‍ കണ്ണപുരത്തെ ഏതാനും  യുവ സംരംഭകര്‍  ചേര്‍ന്ന് ആരംഭിച്ച ഭക്ഷണശാലയ്ക്കാണ്  ലോക സഞ്ചാരി ഇബ്‌നു ബത്തൂത്തയുടെ പേരിട്ടിരിക്കുന്നത്. ബത്തൂത്ത കഫേ മാട്ടൂലില്‍ തരംഗമാവുകയാണ്. പേരിലെ കൗതുകവും ഭക്ഷണങ്ങളുടെ വൈവിദ്ധ്യവും ഇവിടേക്ക് ആളുകളെ ആകര്‍ഷിക്കുന്നുണ്ട്. യുവാക്കളുടെ നവ സംരംഭം ബത്തൂത്തയുടെ യാത്രകള്‍ പോലെ ചരിത്രമാവട്ടെ.

പതിനാലാം നൂറ്റാണ്ടില്‍ മൊറോക്കോയിലെ ടാന്‍ജിയറില്‍ ജനിച്ച ഇബ്‌നുബത്തൂത്ത ഇസ്ലാമിക നിയമ പണ്ഡിതനായിരുന്നുവെങ്കിലും ലോകം അറിഞ്ഞത് സഞ്ചാരിയായ ബത്തൂത്തയെയായിരുന്നു. 
മുപ്പതുവര്‍ഷം നീണ്ട തന്റെ സഞ്ചാരചരിത്രത്തില്‍ അദ്ദേഹം എഴുപത്തിമൂവായിരം മൈല്‍ താണ്ടി തന്റെ സമകാലീകനായ മാര്‍ക്കോപോളോയെയും അതിലംഘിച്ചു. 

 ആഫ്രിക്കയും യൂറോപ്പും പശ്ചിമേഷ്യയും ഇന്ത്യന്‍ ഉപഭൂഖണ്ഡവും കടന്ന ആ സഞ്ചാരേതിഹാസം ഒടുവില്‍ 1342 ല്‍ ചൈനയിലേക്കുള്ള യാത്രാമധ്യേ  കേരളത്തിലും വന്നു. ഏഴിമലയും കോഴിക്കോടും കൊല്ലവും കണ്ട ബത്തൂത്തയ്ക്ക് 'മലൈബാര്‍' നന്നേ ബോധിച്ചു. 
കേരളത്തെക്കുറിച്ച് അദ്ദേഹം ഇങ്ങനെയെഴുതി,
'ഇവിടെ സുലഭമായി കാണുന്ന ഒരു തരം മരം ഉണ്ട് അതിന്റെ കായ് ആണ് നാളികേരം.  നമ്മുടെ ഈത്തപ്പന പോലെയാണ് ആ മരവും. നാളികേരത്തിന് മനുഷ്യന്റെ തല പോലെ രണ്ടു കണ്ണും വായുമുണ്ട് പുറത്ത് തലമുടി പോലെ നാരും ഉള്ളില്‍ തലച്ചോറും കാണാം '.
കേരളം പല വട്ടം സന്ദര്‍ശിച്ച് ഇവിടുത്തെ ജീവിത രീതിയെ സമഗ്രമായി വിവരിച്ചു അദ്ദേഹം.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Latest News

Loading...please wait