ഇരിണാവിലെ റഷ്യന്‍ ക്രീമില്‍ ലെനില്‍ മുതല്‍ മാവോ വരെ; സ്റ്റാലിനില്ല  

ചരിത്ര ബോധമുളള ആരുടെ മനസ്സിലും ഐസ്‌ക്രീമിന്റെ കുളിര് അനുഭവപ്പെടുമെന്നതുറപ്പ്
Published on 25 November 2017 3:09 pm IST
×

പാപ്പിനിശേരി: പഴഞ്ചിറ കോലത്ത് വയലിലൂടെ ഇരിണാവ് ഗേറ്റ് വഴി മെയിന്‍ റോഡിലൂടെ ചെറുകുന്നിലേക്ക് യാത്ര ചെയ്യുമ്പോഴാണ് ഇരിണാവ് ഗേറ്റിന് തൊട്ടിപ്പുറത്ത് റഷ്യന്‍ ക്രീം എന്ന പേരുളള കട. കോലത്ത് വയലില്‍ കൃഷിപ്പണിയുമായി കൂടിയ വല്ല റഷ്യക്കാരുടെയും സംരംഭമാണോ ഇതെന്ന് അന്വേഷിച്ചപ്പോള്‍, അല്ല നമ്മുടെ നാട്ടുകാരന്‍ തന്നെയായ പഴയ ഒരു എഐഎസ്എഫ് നേതാവിന്റേതാണെന്നാണ് പറഞ്ഞത്. ചില പ്രധാനികളുടെ  വര്‍ണശഭളമായ ചിത്രങ്ങള്‍ മനോഹരമായി ആലേഖനം ചെയ്ത ഗ്ലാസ് കൊണ്ട് ഗ്രാമീണ പശ്ചാത്തലത്തിലുളള ഈ കടയുടെ മുന്‍ഭാഗം മുഴുവന്‍ അലങ്കരിച്ചിരിക്കുന്നു.

ചിത്രങ്ങളില്‍ വലത് ഭാഗത്ത് കാണുന്നത് ചൈനയില്‍ കാടും മലകളും കുന്നും പുഴകളും സമതലങ്ങളും കാല്‍നടയായി താണ്ടി ഐസ്‌ക്രീം കച്ചവടം നടത്തിയിരുന്ന മാവോ എന്ന ഒരു വലിയ കച്ചവടക്കാരന്റേതാണ്. ബൊളീവിയന്‍ കാടുകളില്‍ ഐസ്‌ക്രീമിന്റെ മൊത്ത വ്യാപാരം നടത്തിയിരുന്ന ചെഗുവേര എന്ന വ്യാപാരിയാണ് ഇടത് വശത്ത് മേലെയായി കാണുന്നത്. ഇടത് വശത്ത് വാതിലില്‍
കാണുന്ന മാര്‍ക്‌സ്, എംഗല്‍സ് എന്ന രണ്ട് താടിക്കാരാണ് ഐസ്‌ക്രീം എന്ന ആശയം ലോകത്ത് അവതരിപ്പിച്ചത്. അവരുടെയിടയില്‍ ചിരിച്ച് കൊണ്ടിരിക്കുന്ന ലെനിന്‍ അത് റഷ്യയില്‍ പ്രചരപ്പിച്ചു.

റഷ്യക്കാരെയും മറ്റ് യൂറോപ്യരേയും ബലമായി ഐസ്‌ക്രീം തീറ്റിക്കാന്‍ ശ്രമിച്ചു എന്ന ആരോപണം നേരിടുന്ന സ്റ്റാലിന്‍ ഈ കൂട്ടത്തില്‍ കാണുന്നില്ല. ധീര വിയറ്റ്‌നാമിന്റെ ഹോചിമിനും ഇല്ല. വെനീസ്വലയുടേയും ക്യൂബയുടേയും വീര നായകന്‍മാരായ ഹ്യൂഗോ ഷാവേസും, ഫിഡല്‍ കാസ്റ്റ്രായും ഒന്നിലധികം തവണ പ്രത്യക്ഷപ്പെട്ടിരിക്കുന്നു. അര്‍ജന്റീനിയന്‍  ഫുട്‌ബോളും ഐസ്‌ക്രീമും തമ്മിലുളള ബന്ധം എടുത്തു കാണിക്കാനെന്നോണം അവിടുത്തെ പ്രമുഖ ഫുട്‌ബോള്‍ താരങ്ങളുടെ ചിത്രവും നല്‍കിയിരിക്കുന്നു. ഇന്ത്യയുടെ ഇതിഹാസം ഭഗത് സിംഗ് വലത് മേല്‍ഭാഗത്ത് ഇരിക്കുന്നു.

മറ്റുളളവരുടെ വാക്കുകള്‍ ഒരു ഐസ്‌ക്രീം പോലെ ആസ്വദിക്കുന്ന സമത്വ സുന്ദരമായ ഒരു ലോകവ്യവസ്ഥ സ്വപ്നം കാണാന്‍ പഠിപ്പിച്ച മഹത് വ്യക്തിത്വങ്ങള്‍ ഇരിണാവിലെ ഈ കടയില്‍ നമ്മെ നോക്കി ചിരിക്കുമ്പോള്‍ അത് വഴി കടന്ന് പോകുന്ന, കുറച്ചെങ്കിലും ചരിത്ര ബോധമുളള ആരുടെ മനസ്സിലും ഐസ്‌ക്രീമിന്റെ കുളിര് അനുഭവപ്പെടുമെന്നതുറപ്പ്.


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Latest News

Loading...please wait