കോര്‍പറേഷന്‍ ആസ്ഥാനത്ത് കഫേശ്രീ മോഡല്‍ കുടുംബശ്രീ ഹോട്ടല്‍ വരുന്നു

Published on 21 August 2018 1:18 pm IST
×

കണ്ണൂര്‍: കണ്ണൂര്‍ കോര്‍പറേഷന്‍ ആസ്ഥാനത്ത് കുടുബശ്രീ ഹോട്ടല്‍ വരുന്നു. നഗരസഭ സി.ഡി.എസിന്റെ അപേക്ഷയില്‍ മേയറുടെ നിര്‍ദ്ദേശ പ്രകാരം കോര്‍പറേഷന്‍ കോമ്പൗണ്ടില്‍ തന്നെ കഫേശ്രീ മോഡല്‍ കുടുംബശ്രീ ഹോട്ടല്‍ തുടങ്ങുന്നതിന് പ്രൊജക്ട് പൂര്‍ത്തിയായി. നിലവില്‍ താല്‍ക്കാലിക കെട്ടിടത്തിലായിരിക്കും ഹോട്ടല്‍ പ്രവര്‍ത്തിക്കുക. കോര്‍പറേഷനു പുതിയ ആസ്ഥാന മന്ദിരം വരുമ്പോള്‍ അതിനകത്തേക്ക് ഹോട്ടല്‍ മാറ്റി സ്ഥാപിക്കും. ജില്ലാ കുടുംബശ്രീ മിഷന്റെ ഫമ്ടും ബാങ്ക് ലോണും ഉപയോഗിച്ചാവും ഹോട്ടല്‍ തുടങ്ങുക. ഇതിനുള്ള പെര്‍മിഷന്‍ നല്‍കിയതായി മേയര്‍ ഇ.പി ലത പറഞ്ഞു. ജില്ലാ പഞ്ചായത്തിന്റെ ആസ്ഥാനത്ത് നേരത്തെ ഇത്തരത്തില്‍ കുടുംബശ്രീ ഹോട്ടല്‍ തുടങ്ങിയിരുന്നു. ഇതു വന്‍ വിജയമായതോടെയാണ് കോര്‍പറേഷന്‍ ആസ്ഥാനത്തേക്കും ഹോട്ടല്‍ തുടങ്ങാന്‍ കുടുംബശ്രീ ജില്ലാ മിഷന്‍ തയ്യാറാവുന്നത്. ഇതിനായി കോര്‍പറേഷന്‍ എ.ഇ തയ്യാറാക്കിയ റിപോര്‍ട്ട് കൗണ്‍സില്‍ മുമ്പാകെ സമര്‍പ്പിച്ചിരുന്നു. മേയറുടെ പ്രത്യേക നിര്‍ദ്ദേശ പ്രകാരമാണ് വേഗത്തില്‍ റിപ്പോര്‍ട്ട് തയ്യാറാക്കി സമര്‍പ്പിച്ചത്. നിലവില്‍ കോര്‍പറേഷന്റെ അകത്ത് ഭക്ഷമം കഴിക്കുന്നതിനും മറ്റും പരിമിതികളുണ്ട്. അസൗകര്യത്തില്‍ വീര്‍പ്പു മുട്ടിക്കഴിയുകയാണ് ആസ്ഥാന മന്ദിരം. നിരവധി ജീവനക്കാരും ആവശ്യക്കാരും എത്തുന്ന ഇവിടെ ഹോട്ടല്‍ വരുന്നത് ആശ്വാസകരമാവും. വൃത്തിയും വെടിപ്പുമുള്ള ഭക്ഷണശാലയാവും കഫേശ്രീ മോഡല്‍ ഉദ്ദേശിക്കുന്നത്. കെട്ടിടത്തിന്റെ പരിമിധി കണക്കാക്കി കോംപൗണ്ടില്‍ തന്നെ ഹോട്ടലിനായി സ്ഥലം കണ്ടെത്തും. ഇത് കുടുംബശ്രീ അധികൃതരെ അറിയിക്കും. വരുന്ന ഏതാനും മാസത്തിനുള്ളില്‍ തന്നെ കഫേശ്രീ മോഡല്‍ കുടുംബശ്രീ ഹോട്ടല്‍ കോര്‍പറേഷനില്‍ പ്രവര്‍ത്തനം തുടങ്ങുമെന്ന് ജില്ലാ മിഷന്‍ അധികൃതരും അറിയിച്ചു.     
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Latest News

Loading...please wait