കണ്ണൂരില്‍ നാളെ സൗജന്യ കോവിഡ് ആര്‍.ടി.പി.സി.ആര്‍ പരിശോധന      കണ്ണൂര്‍ ജില്ലയില്‍ ഇന്ന് 1275 പേര്‍ക്ക് കൂടി കോവിഡ്; 1254 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ      ഭര്‍ത്താവിന്റെ കുത്തേറ്റ അധ്യാപികയ്ക്ക് ഗുരുതരം      പിലിക്കോട് മീന്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം: ഗുരുതരാവസ്ഥയിലായിരുന്ന യുവാവ് മരിച്ചു      ചെറുപുഴ തോട്ടുചാലില്‍ കാണപ്പെട്ട മൃതദേഹം തിരിച്ചറിഞ്ഞു      വാടകക്ക് കാമറ വാങ്ങി മുങ്ങിയ സംഭവം: യുവ ഫോട്ടോഗ്രാഫര്‍ അറസ്റ്റില്‍      തൃച്ഛംബരത്ത് ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു      അബ്കാരി കേസില്‍ ഒളിവില്‍ പോയ പ്രതികള്‍ അറസ്റ്റില്‍       പരിയാരം മെഡിക്കല്‍ കോളജില്‍ നിന്നും മോഷണംപോയ മെഡിക്കല്‍ ഉപകരണം ഉപേക്ഷിച്ച നിലയില്‍      പെരിയ ഇരട്ടക്കൊല കേസ് പ്രതിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി 

അവര്‍ പുഴകളെയും തോടുകളെയും കൊന്നുകൊണ്ടിരുന്നതെങ്ങനെ?

കോഴിക്കടകളും അറവുശാലകളും കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നത് വന്‍ മാഫിയ
ടി.ബിജുരാകേഷ്
Published on 21 July 2018 5:19 pm IST
×

നമ്മുടെ തോടുകളെയും പുഴകളെയും വമ്പന്‍ മാഫിയാ സംഘം കൊന്നുകൊണ്ടിരിക്കുന്നത് എങ്ങനെയെന്നറിഞ്ഞാല്‍ ഞെട്ടിപ്പോവും. കോഴിവേസ്റ്റ് എടുത്ത് പുഴകളിലും തോടുകളിലും തട്ടുന്ന വന്‍ മാഫിയാ സംഘം തന്നെ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. അന്യസംസ്ഥാന തൊഴിലാളികളെ ഉപയോഗിച്ച് കടകളില്‍ ചെന്ന് പെട്ടിഓട്ടോകളിലും മറ്റും കോഴിവേസ്റ്റ് എടുത്ത് പുഴകളില്‍ തള്ളുകയാണ് ചെയ്യുന്നത്. ഒരുകിലോ കോഴിമാലിന്യത്തിന് കടക്കാരന്‍ എട്ടുരൂപ കൊടുക്കണം. 
ഇങ്ങനെ പ്രതിദിനം 42 ടണ്‍ കോഴിവേസ്റ്റും മറ്റ് അറവ് മാലിന്യങ്ങളും ശേഖരിച്ചു പുഴകളിലും മറ്റും തള്ളുന്ന സംഘം പ്രവര്‍ത്തിക്കുന്നു. ഇവര്‍ കോഴിക്കടക്കാനെ പ്രതിസന്ധിയിലാക്കിയും വന്‍തുക പിടുങ്ങുന്നു. പതിവായി പോകുന്ന ഇവര്‍ ഒരുദിവസം മാലിന്യങ്ങള്‍ എടുക്കാന്‍ പോവില്ല. അപ്പോള്‍ കടക്കാരന്‍ പ്രതിസന്ധിയിലാവും. തുടര്‍ന്ന് വിലപേശി ഒരുകിലോയ്ക്ക് എട്ടുരൂപവരെ വാങ്ങിക്കുകയാണ്. 
നേരത്തെ ആറുരൂപയ്ക്ക് കൊടുത്തുകൊണ്ടിരുന്ന വേസ്റ്റിന് ഇപ്പോള്‍ അങ്ങനെ എട്ടുരൂപ കൊടുക്കാന്‍ കടക്കാരന്‍ നിര്‍ബന്ധിതനാകുന്നു.

 

അര്‍ധരാത്രിയില്‍ സൂര്യനുദിച്ചാല്‍

അര്‍ധരാത്രിയില്‍ സൂര്യനുദിച്ചാല്‍ നമ്മുടെ ഓരോപുഴകളുടെയും ഓരങ്ങളിലും പാലത്തിന്റെ മുകളില്‍ മാലിന്യം പുഴയിലേക്ക് തള്ളാന്‍ കാത്തുകെട്ടിക്കിടക്കുന്ന പെട്ടി ഓട്ടോകളും വാഹനങ്ങളും കാണാം. രാത്രി ഏറെ വൈകിയാല്‍ കണ്ണൂരിലെ വളപട്ടണം പാലം പോലുള്ള പാലങ്ങളില്‍ വാഹനങ്ങളുടെ നിരകാണാം. അധികം അധ്വാനിക്കാതെ വന്‍തുക സമ്പാദിക്കാം എന്നതാണ് ഈ മേഖലയില്‍ മാഫിയാ സംഘങ്ങള്‍ രൂപപ്പെടാന്‍ കാരണം. 
ഒരുടണ്‍ കോഴിവേസ്റ്റിന് പ്രതിദിനം അധ്വാനഭാരമില്ലാതെ വന്‍തുക ലഭിക്കുമ്പോള്‍ മറ്റുമേഖലകളിലുള്ളവരും രാത്രികാലങ്ങളില്‍ അല്‍പ്പം ശ്രദ്ധ മാത്രം വേണ്ട ഈ രംഗത്തേക്ക് കടന്നുവരുന്നു.

 

പുഴയുടെ മാറുപിളര്‍ന്ന് പ്ലാസ്റ്റിക് ബണ്ടിലുകള്‍

കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പുഴയറിയാന്‍ എന്ന പരിസ്ഥിതി പര്യടന പരിപാടി സംഘടിപ്പിച്ചിരുന്നു. വളപട്ടണം പുഴയില്‍ തന്നെ ചാക്കുകണക്കിന് മാലിന്യങ്ങള്‍ ഏവരെയും ഞെട്ടിക്കുന്ന കാഴ്ചയായിരുന്നു. കോഴി മാലിന്യങ്ങള്‍ പ്ലാസ്റ്റിക് സഞ്ചികളിലാക്കി വേറെ ചാക്കില്‍കെട്ടി പുഴയിലേക്ക് തള്ളുകയാണ് ചെയ്യുന്നത്. ഇതിന്റെ പാരിസ്ഥിതികാഘാതങ്ങള്‍ എത്രവലുതാണെന്ന് പണക്കൊതിയില്‍ പുഴയെ കൊല്ലുന്നവര്‍ അറിയുന്നില്ല. എണ്ണമറ്റ ജീവികളുടെ ആവാസ വ്യവസ്ഥയാണ് ഇങ്ങനെ കാലങ്ങളായി തകിടംമറിച്ചുകൊണ്ടിരിക്കുന്നത്.

കടലിനും രക്ഷയില്ല

വാഹനങ്ങളില്‍ നിര്‍ബാധം കോഴി-അറവ് മാലിന്യങ്ങള്‍ പുഴയിലേക്ക് തള്ളുന്നതിനു പുറമെ കടലിലും കോഴി-അറവ് മാലിന്യങ്ങള്‍ എത്തുന്നുണ്ട്. തോണികളിലാണ് ഇത്തരത്തില്‍ മാലിന്യങ്ങള്‍ കടലിലൊഴുക്കുന്നത്. ഒരുകിലോയ്ക്ക് നാലുരൂപ വച്ച് കരാറാക്കും രണ്ടുടണ്‍വരെ തോണികളില്‍ കൊണ്ടുപോകുന്നുണ്ട്. അപ്പോള്‍ കടലിലേക്ക് പോകുമ്പോള്‍ തന്നെ എണ്ണായിരം രൂപ കിട്ടുമെന്നതിനാല്‍ വലിയ റിസ്‌കില്ലാത്ത പണി ചിലര്‍ ഏറ്റെടുക്കുന്നു. മുഴപ്പിലങ്ങാട് മുതല്‍ പഴയങ്ങാടി വരെയുള്ള ബീച്ചുകളാണ് ഇതിന്റെ ദുരിതം പേറുന്നത്. കടലില്‍ തള്ളുന്ന മാലിന്യം അടുത്ത തിരയ്ക്ക് തീരത്തേക്ക് അടിയും. ബീച്ചുകള്‍ ദുര്‍ഗന്ധപൂരിതമാകുമെന്നത് മാത്രമല്ല, തെരുവുനായ്ക്കള്‍ കടലോരങ്ങളില്‍ പെറ്റുപെരുകുന്നതിനും ഇത് കാരണമാകുന്നു.

 

വലിയ ചുവടിലേക്ക് കണ്ണൂരിന്റെ പിന്നാലെ കേരളം

കണ്ണൂര്‍ ജില്ല സമ്പൂര്‍ണ്ണ കോഴി-അറവ് മാലിന്യ മുക്തജില്ലയാവാനുള്ള പ്രവര്‍ത്തനങ്ങള്‍ അതിവേഗം പുരോഗമിക്കുമ്പോള്‍ കേരളത്തിന്റെ വിവിധ ജില്ലകളും കണ്ണൂരിന് പിന്നാലെ ചുവടുവയ്ക്കുകയാണ്. മലപ്പുറത്തെ അനുഭവത്തിന്റെ പശ്ചാത്തലത്തില്‍ കരുവാരക്കുണ്ട്, പെരിന്തല്‍മണ്ണ, നിലമ്പൂര്‍ എന്നിവിടങ്ങളില്‍ മൂന്ന് പ്ലാന്റുകളുടെ നിര്‍മ്മാണം പുരോഗമിക്കുകയാണെന്ന് ശുചിത്വ മിഷന്‍ സാങ്കേതിക വിദഗ്ധസമിതി അംഗം ഡോ. പി.വി.മോഹനന്‍ പറഞ്ഞു. കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് ആസൂത്രണസമിതി വിദഗ്ധ സമിതി അംഗം കൂടിയായ ഡോ. മോഹനന്റെ ശാസ്ത്രീയ ഉപദേശ നിര്‍ദ്ദേശങ്ങളിലാണ് കേരളത്തിലുടനീളം വലീയൊരു ചലനം നടക്കുന്നത്.കോഴിക്കോട് ജില്ലയില്‍ റെണ്ടറിംഗ് പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിന് ജില്ലാ പഞ്ചായത്ത് തീരുമാനമെടുത്തിട്ടുണ്ട്. ഫ്രെഷ് കട്ട് എന്ന സ്ഥാപനത്തിന് കിലോയ്ക്ക് ഏഴുരൂപ നിരക്കില്‍ കടയില്‍ നിന്ന് കോഴി മാലിന്യങ്ങള്‍ ശേഖരിക്കാനും ശാസ്ത്രീയമായി സംസ്‌കരിക്കാനും തീരുമാനമായി. ഇതിന്റെ ഭാഗമായി താമരശ്ശേരിയില്‍ റെണ്ടറിംഗ് പ്ലാന്റുകള്‍ പണി തീരാറായി. രണ്ടുമാസത്തിനകം പ്രവര്‍ത്തനം തുടങ്ങും.പാലക്കാട് മുനിസിപ്പാലിറ്റിക്ക് സ്വന്തം നിലയില്‍ റെണ്ടറിംഗ് പ്ലാന്റ് സ്ഥാപിക്കുന്നതിനുള്ള സാങ്കേതിക അനുമതി ലഭിച്ചുകഴിഞ്ഞു.  കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളില്‍ ഓരോന്നും മലപ്പുറത്ത് മൂന്നും, തൃശൂര്‍ കോര്‍പ്പറേഷനില്‍ ഒന്നും കൊച്ചി കോര്‍പ്പറേഷന്റെ കീഴില്‍ രണ്ടും അറവ് മാലിന്യ പ്ലാന്റുകള്‍ സ്ഥാപിക്കും. പാലക്കാട് ഒന്നും കൊല്ലത്ത് മൂന്നും തിരുവനന്തപുരത്ത് രണ്ടും, തിരുവല്ലയില്‍ ഒരുപ്ലാന്റും വരുന്നുണ്ട്. വിവിധ ജില്ലകളിലായി 14 ശാസ്ത്രീയ അറവുശാലകള്‍ വരും. ഇതില്‍ തിരുവനന്തപുരം, തിരുവല്ല, പെരിന്തല്‍മണ്ണ, കണ്ണൂര്‍ എന്നിവയ്ക്ക് അനുമതിയായി തുക പാസ്സായിട്ടുണ്ട്.

 

മലപ്പുറത്ത് സംഭവിച്ചതറിയണം

മലപ്പുറത്ത് കോഴിമാലിന്യം ശേഖരിക്കുന്ന 45 സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇത് ഒരിടത്ത് കുഴിച്ചുമൂടുകയായിരുന്നു പതിവ്. 15 വര്‍ഷമായി ഇത് തുടരുന്നു. എന്നാല്‍ സമീപത്തെ കിണറുകളില്‍ എണ്ണമയം വരാന്‍ തുടങ്ങിയപ്പോഴാണ് പരിസരവാസികള്‍ അപകടമറിഞ്ഞത്.
മലപ്പുറത്ത് കുഴിച്ചുമൂടിയ സ്ഥലത്ത് മീഥെയ്ന്‍ ഗ്യാസ് നിറഞ്ഞ് ഒരുനാള്‍ വന്‍ സ്‌ഫോടനമുണ്ടായി. സമീപത്തെ അഞ്ഞൂറു മീറ്റര്‍ പരിധിയിലെ വീടുകളിലെ ടെറസുകളിലെല്ലാം കോഴിത്തലയും തൂവലുകളും കോഴിക്കാലും കുടലുമെല്ലാം തെറിച്ചുവീണു. പരാതി ജില്ലാകലക്ടറുടെ അടുക്കലെത്തി. മുനിസിപ്പല്‍ ചെയര്‍മാന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, ശുചിത്വമിഷന്‍ ഉദ്യോഗസ്ഥര്‍, തുടങ്ങിയവരുടെ യോഗം വിളിച്ചുചേര്‍ക്കുകയും കോഴിമാലിന്യങ്ങള്‍ ശാസ്ത്രീയമായി സംസ്‌കരിക്കാനുള്ള റെണ്ടറിംഗ് പ്ലാന്റുകള്‍ സ്ഥാപിക്കാന്‍ ഇപ്പോള്‍ തീരുമാനമായി.

നമ്മുടെ കോഴി ഉപഭോഗത്തിന്റെ കണക്ക്

ലോകത്ത് ഇന്ന് ഏറ്റവും കൂടുതല്‍ കോഴിയിറച്ചി കഴിക്കുന്നത് മലയാളിയാണെന്ന് അറിയാമോ?. ഒരു അമേരിക്കക്കാരന്‍ ശരാശരി ഒരുകൊല്ലം കഴിക്കുന്നത് 14.8 കിലോ കോഴിയിറച്ചിയാണ്.ഒരു ഇന്ത്യക്കാരന്‍ ഒരുവര്‍ഷം ശരാശരി കഴിക്കുന്നത് 4 കിലോ കോഴിയിറച്ചിയാണ്. എന്നാല്‍ ഒരു മലയാളി ഒരുവര്‍ഷം ശരാശരി കഴിക്കുന്ന കോഴിയിറച്ചിയുടെ കണക്ക് 30 കിലോഗ്രാമാണ്. കഴിഞ്ഞ പത്തുവര്‍ഷം കൊണ്ട് മലയാളിയുടെ കോഴിയിറച്ച് ഉപഭോഗം മൂന്നിരട്ടി വര്‍ധിച്ചു. വരുംകാലം ഇനിയും ഇത് വര്‍ധിക്കും. മലയാളിയുടെ ഭക്ഷണരീതിയില്‍ വന്ന മാറ്റവും ഫാസ്റ്റ് ഫുഡ് സംസ്‌കാരവുമാണ് നമ്മെ ഇങ്ങനെ മുന്നിലെത്തിച്ചതിന് പിന്നില്‍. മറ്റ് മാംസത്തിന്റെ ലഭ്യതക്കുറവും കോഴിയിറച്ചിക്ക് താരതമ്യേന വിലകുറവുമാണെന്നതും മലയാളിയെ കോഴിയിറച്ചിയിലേക്ക് അടുപ്പിച്ച ഘടഘമാണ്. മലയാളികളില്‍ 90 ശതമാനവും കോഴിയിറച്ചി കഴിക്കുന്നതിലേക്ക് എത്തിനില്‍ക്കുന്നു കണക്കുകള്‍. ഇനിയും അളവുകൂടുമെന്നാണ് കണക്കുകളിലെ വര്‍ധന സൂചിപ്പിക്കുന്നത്.കോഴി മാലിന്യങ്ങള്‍ ശാസ്ത്രീയമായി സംസ്‌കരിക്കേണ്ടതിലേക്ക് വിരല്‍ ചൂണ്ടുന്നതും ഈ കണക്കുകള്‍ തന്നെ. ശാസ്ത്രീയമായ സംസ്‌കരണരീതികള്‍ക്ക് അതുകൊണ്ടുതന്നെ മുന്‍കയ്യെടുക്കേണ്ട ബാധ്യതയും നമുക്കാണ്. പുതിയ പദ്ധതികള്‍ കണ്ണൂരില്‍ നിന്ന് വരുമ്പോള്‍ അത് നമ്മുടെ ആരോഗ്യ സംരക്ഷണത്തിനുള്ള പദ്ധതി കൂടിയായി മാറുകയാണ്.

ഡോ.പി.വി മോഹനന്റെ വലിയ പ്രയത്‌നം

രാജ്യത്തിനു തന്നെ മാതൃകയാവുന്നരീതിയിലേക്ക് മാലിന്യ സംസ്‌കരണത്തില്‍ കേരളം വളരുമ്പോള്‍ അതില്‍ ഏറ്റവും ചാരിതാര്‍ത്ഥ്യമുള്ളത് ഡോ.പി.വി.മോഹനനാണ്. ഉപദേശ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും വലീയ പഠനത്തിന്റെ ഭാഗമാവുകയും ചെയ്ത മോഹനന്‍ റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിലും മീറ്റിംഗുകള്‍ വിളിച്ചുചേര്‍ത്ത് പദ്ധതി ബോധ്യപ്പെടുത്തുന്നതിന് എടുത്ത പ്രയത്‌നം വളരെ വലുതാണ്. അതോടൊപ്പം ജനപ്രതിനിധികളുള്‍പ്പെടെ വിവിധ തുറകളിലുള്ളവര്‍ കൂടി കൈകോര്‍ത്തപ്പോള്‍ പുഴകളെയും തോടുകളെയും ജലാശയങ്ങളെയും രക്ഷിക്കാനുള്ള വലീയ പ്രവര്‍ത്തനമാണ് വിജയപഥത്തില്‍ എത്തുന്നത്. രാജ്യത്തെ ആദ്യത്തെ സമ്പൂര്‍ണ്ണ കോഴി-അറവ് മാലിന്യ മുക്തജില്ലയായി കണ്ണൂരും അടുത്തപടിയായി സമ്പൂര്‍ണ്ണ കോഴി-അറവ് മാലിന്യസംസ്‌കരണ ശേഷിയുള്ള സംസ്ഥാനമായി കേരളവും മാറുമ്പോള്‍ ഒട്ടേറെ നേട്ടങ്ങളാണ് കൈവരിക്കാന്‍ പോകുന്നത്.പരിസ്ഥിതിയുടെ വലീയ ആഘാതം തടയുന്നതോടൊപ്പം, തെളിഞ്ഞ ജലാശയങ്ങളും പുഴകളും ഇവിടെയെത്തുന്നവര്‍ക്ക് തെളിവുള്ള കാഴ്ചയൊരുക്കും. കടലോരങ്ങളില്‍ അടിയുന്ന അറവുമാലിന്യങ്ങള്‍ തെരുവുനായ്ക്കളെ ക്ഷണിച്ചുവരുത്തുന്നത് ഇല്ലാതാകും. തെരുവുനായ്ക്കള്‍ ഭീതി പരത്തുന്നത് ഇന്ന് കേരളത്തിലെ പതിവുകാഴ്ചയാണ്. വലീയ തോതില്‍ അറവുമാലിന്യങ്ങള്‍ വലിച്ചെറിയുന്നതാണ് പ്രധാന കാരണം. ഇനി നോക്കേണ്ട പൊതുവഴികളിലും ആളൊഴിഞ്ഞ പറമ്പിലുമെല്ലാം ഗാര്‍ഹിക മാലിന്യങ്ങള്‍ ഉള്‍പ്പെടെയുള്ളവ വലിച്ചെറിയുന്നത് തടയുകയെന്ന വലീയ യത്‌നത്തിലേക്കാണ്. ടൂറിസത്തിന്റെ വലീയ ഹബ്ബായി മാറാന്‍ വിമാനത്താവളം വരുന്നതോടുകൂടി നമുക്ക് സാധിക്കും. എന്നാല്‍ ഏറ്റവും പ്രധാനം ശുചിത്വത്തിനും അനുബന്ധ സൗകര്യങ്ങളൊരുക്കുന്നതിനും തന്നെ. അങ്ങനെ നോക്കുമ്പോള്‍ വലീയ മുന്നേറ്റത്തിനാണ് കണ്ണൂര്‍ പാപ്പിനിശ്ശേരിയിലൂടെ തുടക്കമിട്ടിരിക്കുന്നത് എന്നകാര്യത്തില്‍ സംശയമില്ല.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait