മുംബൈയിലെ മുഹമ്മദലി റോഡല്ല; സിറ്റിയാണിത്... കണ്ണൂര്‍ സിറ്റി

വി.എന്‍.അന്‍സല്‍
Published on 02 June 2018 6:04 pm IST
×

മുംബൈ..... ഒരിക്കലും മറക്കാനാകില്ല ആ രാത്രികള്‍. രാത്രികളെ പകലുകളാക്കി. പകലുകളില്‍ ഉറങ്ങി രാത്രികളാക്കി......
റംസാന്‍ രാവുകളില്‍ ദുബൈയില്‍ അല്ലെങ്കില്‍ യു.എ.ഇ യുടെ ഏതെങ്കിലും തെരുവുകളിലൂടെ അലയണം... അങ്ങനെയലഞ്ഞു.. പക്ഷേ.. മുംബൈയുടെ നോമ്പുകാലം... അതൊന്നു വേറെ തന്നെ. ഇപ്പോഴും മുംബൈ മാടി വിളിക്കുന്നു.... വാ ടോ..... ഡോംഗ്രിയിലെ തെരുവ്... ഓഫീസിനു മുന്നില്‍ നില്‍ക്കുമ്പോള്‍ തൊട്ടു മുന്നിലെ ഫ്‌ലാറ്റില്‍ നിന്ന് എന്നെ നോക്കി നില്‍ക്കുന്ന പെണ്‍കുട്ടി... മുസ്ലിം ജമാഅത്ത് ഓഫീസിലെ നോമ്പുതുറ കഴിഞ്ഞാല്‍ നേരെ ഓഫീസിനു മുന്നിലേക്ക്... പുച്ചക്കണ്ണിയായ അവള്‍ക്ക് അനുരാഗമുണ്ടായതിന് ഞാനെങ്ങിനെ തെറ്റുകാരനാകും?ചെമ്മരിയാടിനെ ഓഫീസിനു തൊട്ടു മുന്നിലാണ് കെട്ടിയിടുക. മുകള്‍ നിലയിലുള്ളവരുടേതാണ് ആട്. ഓഫീസിലെ എ.സി ഓണ്‍ ചെയ്താല്‍ ആടിന്റെ മണം. പറ്റില്ലെന്നു തീര്‍ത്തു പറഞ്ഞു. കേരളത്തില്‍ നിന്ന് ഇടക്കിടെ മന്ത്രിമാര്‍ ഓഫീസില്‍ വരുന്നതു കൊണ്ട് വലിയ ബുദ്ധിമുട്ടുണ്ടായില്ല.റംസാന്‍ മുംബൈയില്‍ തന്നെയാകണം... രാത്രി റോഡില്‍ മുഴുവന്‍ കളി.ക്രിക്കറ്റും ബാഡ്മിന്റണും.... തീറ്റയാണെങ്കില്‍ ഇഷ്ടം പോലെ..തീറ്റ കാണണമെങ്കില്‍ മുംബൈ വി.ടി ക്കടുത്ത് മുഹമ്മദലി റോഡിലേക്ക് വരൂ...ഷാരൂഖാനും അമിതാഭ് ബച്ചനും സല്‍മാന്‍ ഖാനുമൊക്കെ പാതിരാത്രിയില്‍ ഇവിടെയുണ്ടാകും... രാവിനെ പകലാക്കുന്ന വിദ്യ ഇവര്‍ക്കറിയാം...നീണ്ടു കിടക്കുന്ന തെരുവില്‍ കോഴി, ആട്, പോത്ത്... കണ്ടാല്‍ അതിശയിക്കുംവെളിച്ചത്തില്‍ മായിക പ്രപഞ്ചം.... ചെറുത്   വലുത് .... ഒന്നുമില്ല... മന്ത്രിമാര്‍... നടന്മാര്‍... നേതാക്കള്‍... ആര്‍ക്കും ശിപാര്‍ശ വേണ്ട..2003 കാലഘട്ടത്തെ സുന്ദരമെന്നു വിളിക്കാതെ വയ്യ സാന്റേര്‍സ് റോഡ് റെയില്‍വെ സ്റ്റേഷനില്‍ ഇറങ്ങുമ്പോഴുണ്ടായ ആകാംക്ഷ വഴി മാറിയത് സെക്കന്റുകള്‍ കൊണ്ടായിരുന്നു... ഓരോയിടങ്ങളിലും തനിച്ച്....പാണക്കാട് സയ്യിദ് മുഹമമദലി ശിഹാബ് തങ്ങളുടെ പേരിലുള്ള ഹീറോ ഹോണ്ട സ്പ്ലണ്ടര്‍ ബൈക്കിലായിരുന്നു രാത്രിയാത്ര... അനുഭവങ്ങള്‍ ഒരുപാട്... ജീവന്‍ തിരിച്ചു കിട്ടിയത് പലപ്പോഴും ഭാഗ്യം കൊണ്ട്...ഇത്രയും പറയേണ്ടതില്ല.. കണ്ണുര്‍ സിറ്റിയിലെത്തുമ്പോള്‍ മുംബൈയിലെ മുഹമ്മദലി റോഡാണ് ഓര്‍മയിലെത്തുക... പുലര്‍ച്ചെ വരെ ഉറങ്ങാത്ത തെരുവുകള്‍... വിളക്കുകളുടെ അപാരപ്രഭ... കോഴികളുടെയും ആടുകളുടെയും മസാല പെരക്കിയ കഷ്ണങ്ങള്‍ വെളിച്ചത്തില്‍ ചിതറുന്നുണ്ടാകും. മല്ലിച്ചപ്പും ഉളളിയും ചുടുവെള്ളവും യഥേഷ്ടം.  ഫിര്‍ണി... ഇഷ്ടം ഇതാണ്... മധുരമുള്ള പായസം പോലുള്ള വിഭവം... എത്ര കഴിച്ചാലും മതിയാകില്ല...എങ്ങനെയാണിതുണ്ടാക്കുന്നതെന്നു ചോദിച്ചു മനസിലാക്കണം. റംസാന്‍ ആഘോഷമാണ് മുംബൈയില്‍... ഇതിനു സമാനമാണ് കണ്ണൂര്‍ സിറ്റി. സംസ്ഥാനത്തെ ഏക മുസ്ലിം രാജ വംശമായ അറക്കല്‍ കൊട്ടാരത്തിന്റെ വാതില്‍ പുറങ്ങളില്‍ മുംബൈയുടെ പ്രതീതിയാണ്.മഗ് രിബ് ബാങ്ക് മുഴങ്ങുന്നത് ഒരു പള്ളിയില്‍ നിന്നല്ല... ചുറ്റുവട്ടത്തെ എല്ലാ പള്ളികളിലും നിന്നുള്ള കാഹളങ്ങള്‍ അന്തരീക്ഷത്തെ ഭക്തിസാന്രമാക്കും... ഭക്തി, വളരെ പെട്ടെന്ന് തീറ്റയിലേക്ക് വഴിമാറുന്നത് സിറ്റയുടെ പരിസരങ്ങളിലും മുംബൈ മുഹമ്മദലി റോഡിലും ഒരു പോലെയാണ്. ഫിര്‍നിയില്ലെന്നേയുള്ളൂ.. ഒരു പാട് സാമ്യതകളുണ്ട് സിറ്റിയിലെ റംസാന്‍ രാവുകള്‍ക്ക് മുംബൈയിലെ മുഹമ്മദലി റോഡുമായി. കിലോമീറ്ററുകള്‍ നീളത്തില്‍ ഭക്ഷ്യയിനങ്ങള്‍... ഉറങ്ങുന്നത് സുബഹി (പ്രഭാത ) നിസ്‌കാരത്തിനു ശേഷം.. അതുവരെ തിന്നല്‍... കളി...ആനന്ദലബ്ധിക്കിനിയെന്തു വേണം?ശിയാ വിഭാഗത്തിന്റെ മാസ്മരിക പ്രകടനങ്ങള്‍ കാണണമെങ്കില്‍ മുംബൈയില്‍ വരണം. മുംബൈ കലാപത്തിന്റെ ജീവിക്കുന്ന രക്തസാക്ഷികള്‍ കുറേയുണ്ട്.ഡോംഗ്രിയെന്ന തെരുവ് പുരാതന കാലങ്ങളെയോര്‍മിപ്പിക്കുന്നു. ഇരുവശവും ജീര്‍ണിച്ച കെട്ടിടങ്ങള്‍.. ഓഫീസിനു തൊട്ടു മുന്നിലായിരുന്നു പയ്യന്നുരിലെ ഖാദര്‍ ഭായ്. അദ്ധേഹത്തിന്റെ ഫ്‌ളാറ്റില്‍ നിന്നാണ് ജയിലിലുണ്ടായിരുന്ന സഞ്ജയ് ദത്തിന് ഭക്ഷണം കൊടുത്തിരുന്നത്.കണ്ണൂര്‍ സിറ്റിയിലെ രാത്രി കാഴ്ച്ചകള്‍ ഒരു തരത്തിലും മുംബൈ മുഹമ്മദലി റോഡുമായി താരതമ്യം ചെയ്യാനാകില്ലെന്നും പറയാം. ഒരു തെരുവ് മുഴുവന്‍ സമ്മേളിക്കുന്നതാണ് മുംബൈയിലെ മുഹമ്മദലി റോഡ്.സിറ്റിയില്‍ അറക്കല്‍ കൊട്ടാരത്തിനു പരിസരത്തെ നോമ്പു മുറിച്ചതിനു ശേഷമുള്ള മണിക്കൂറുകള്‍ ഒന്നു വേറെ തന്നെ
ബീഫ്, ചിക്കന്‍, മട്ടന്‍.... വിഭവങ്ങള്‍ കണ്ടാല്‍ തന്നെ വായയില്‍ കപ്പലോടും. ഒരു കാലത്ത് കണ്ണൂര്‍ നഗരത്തിന്റെ ആസ്ഥാനമായിരുന്ന കണ്ണൂര്‍ സിറ്റിയെ ഉണര്‍ത്തുന്നത് റംസാന്‍ മാത്രമാണ്. ഒരു മാസം സിറ്റി പുളകിതമാകുകയാണ്. വര്‍ണ വിളക്കുകളില്‍ പ്രകാശിതമായ വഴിയോരങ്ങളും ഭക്ഷണശാലകളുമാണ് സിറ്റിയെ ഉണര്‍ത്തുന്നത്. ജില്ലയുടെ പല ദിക്കുകളില്‍  നിന്നും ഇവിടേക്കാളുകളെത്തുന്നു. കുടുംബസമേതവും സുഹൃദ് സംഘങ്ങളായും എത്തുന്നവര്‍ക്ക് വേണ്ടതിവിടെയുണ്ട്. മുംബൈ മുഹമ്മദലി റോഡില്‍ പ്രഭാതം വരെ ഉണര്‍ന്നിരിക്കുമെങ്കില്‍ ഇവിടെ അത്രയൊന്നുമില്ല. എങ്കിലും 12 മണി വരെ ഉറക്കമില്ല.  പകലുറങ്ങിക്കിടക്കുന്ന സിറ്റി സന്ധ്യയോടെ ഉണരുകയാണ്. എങ്ങും തിരക്കും ബഹളവും. കൊതിയൂറും വിഭവങ്ങളുടെ മണം. ദീപാലംകൃതം. നോമ്പു തുറന്നതിനു ശേഷമാണ് തിരക്കനുഭവപ്പെടുക. എല്ലാ വിഭാഗമാളുകളും എത്തിച്ചേരുന്നു. സിറ്റിയുടെ രൂചിപ്പെരുമയാനെത്തുന്നവര്‍ കീശയില്‍ നോട്ടും കരുതണമെന്നു മാത്രം. വിഭവങ്ങളെ പോലെ തന്നെ കടിച്ചാല്‍ പൊട്ടുന്നവ തന്നെയാണ് സ്റ്റാളുകളുടെ പേരുകളും. ഷാനി, ദര്‍ബാര്‍., ദി പാര്‍ക്ക്..... പുത്തന്‍ പേരുകള്‍ക്കൊപ്പം  നോക്കേണ്ട... പെട്ടെന്ന് കേറിക്കോ.... തുടങ്ങിയ നിര്‍ദേശങ്ങളും കാണാം. വിഭവങ്ങളുടെ നീളം തിരക്കിന്റെ ഇരട്ടി വരും. പഴം നിറച്ചത്, കുഞ്ഞിപ്പത്തിരി തുടങ്ങിയ പരമ്പരാഗത ഇനങ്ങള്‍ക്കൊപ്പം തന്നെ ചിക്കന്‍, ബീഫ് ഇനങ്ങളും ഉപ്പിലിട്ടതും ചെത്തിക്കുടി ഐസും ഐസ്‌ക്രീമും കച്ചുകളും. ചിക്കന്‍ കബാബ്, ടിക്ക, ചില്ലി, ഷവായ്, നരകത്തിലെ കോഴി, അല്‍ ഫാം, ബീഫ് ചുട്ടത്. വരട്ടിയത്.... ന്യു ജെന്‍ വിഭവങ്ങളോടൊപ്പം പൊറോട്ട, ചപ്പാത്തി, ഖുബ്ബൂസ്, ബിരിയാണി.... കക്കിരി, പേരക്ക, മാങ്ങ, ക്യാരറ്റ്, ക്യാപ്‌സിക്കം, പൈനാപ്പിള്‍, ബീറ്റ്‌റൂട്ട് ... വിനാഗിരിയൊഴിച്ച് ഉപ്പിലിട്ടത് ഭരണികളില്‍ നിറഞ്ഞിരിക്കുന്നു. ഉപ്പിലിട്ടാത്ത പഴങ്ങളും പച്ചക്കറികളും ഇല്ലെന്നു പറയാം. കച്ചെന്ന നാട് ഉത്തരേന്ത്യയിലെവിടെയോ ആണ്. ഇവിടെ ലൊട്ടക്കച്ചും കൊള്ളിക്കച്ചുമൊക്കെ കിട്ടും. ചിരണ്ടിയ ഐസില്‍ കലയും ഐസ്‌ക്രീമും സര്‍ബത്തുമൊക്കെ ചേര്‍ത്തുള്ളതാണ് ചെത്തിക്കുടി. കരിച്ചതിന്റെയും പൊരിച്ചതിന്റെയും ഗന്ധം സിറ്റിയാകെ  നിറഞ്ഞിരിക്കും. ഇതിനിടയില്‍ തറാവീഹ് (റംസാനിലെ പ്രത്യേക രാത്രി നമസ്‌കാരം ) നമസ്‌കാരത്തിന്റെ തക്ബീറുകള്‍ പള്ളികളില്‍ നിന്നു കേള്‍ക്കാം. തറാവീഹ് കഴിഞ്ഞാല്‍ തിരക്ക് കൂടും. എതിര്‍പ്പുകളുണ്ടെങ്കിലും സിറ്റിയെ ഉല്‍സവാന്തരീക്ഷത്തിലാക്കുകയാണ് റംസാന്‍ സ്റ്റാളുകള്‍.        റംസാനെ തീറ്റയുടെ മാസമായി കണക്കാക്കുന്നവര്‍ക്കും ഇത് ചൂണ്ടിക്കാട്ടാം. വ്രതമനുഷ്ഠിച്ച് ഇങ്ങനെ തിന്നാനാകുമോയെന്ന് സംശയിക്കുന്നവര്‍ക്കും സിറ്റിയെ ചൂണ്ടിക്കാട്ടാം.സ്റ്റാളുകള്‍ക്കു പുറത്ത് നില്‍പനായി കഴിക്കുന്നവരേക്കാള്‍ അകത്ത് ഇരുന്ന് കഴിക്കുന്നവരാണേറെയും. കുടുംബസമേതമായെത്തി വാഹനങ്ങളിലിരുന്ന് കഴിക്കുന്നവരും കുറവല്ല. വീടുകളിലേക്ക് പാര്‍സലുകളും യഥേഷ്ടം പോകുന്നു. കീശ കാലിയാകുന്നതറിയില്ല. ടീമുകളായി വന്ന് തോന്നിയതൊക്കെ വാങ്ങിത്തിന്നുന്നവരെയാണ് കൂടുതലായും കാണാനാവുക.സ്റ്റാളുകളിലേക്ക് ആളുകളെ ആകര്‍ഷിക്കാന്‍ ചെറുപ്പക്കാരെ നിര്‍ത്തിയിട്ടുണ്ട്. വിഭവങ്ങളുടെ പേരു വിളിച്ചു പറഞ്ഞ് ഇവര്‍ കസ്റ്റമേഴ്‌സിനെ സ്റ്റാളിലെത്തിക്കും. പരിസരങ്ങളിലെ സ്ഥിരം ടീമുകള്‍ക്ക് ചില സ്റ്റാളുകള്‍ മാത്രമാകും പഥ്യം.
ബട്ടര്‍ നാന്‍, തന്തൂര്‍ നാന്‍ തുടങ്ങിയവക്കൊപ്പം അവി പറക്കുന്ന പുട്ടുകളുമുണ്ട്. കാടയാണ് മറ്റൊരു ഇനം. എങ്കിലും കോഴിക്ക് തന്നെയാണ് ഡിമാന്റ് കൂടുതല്‍.കോഴി മുഴുവനായി പൊരിച്ചതുമുണ്ട്. ഇതിനകത്ത് ബിരിയാണി റൈസും മുട്ടയുമൊക്കെ നിറച്ചിട്ടുണ്ടാകും.കുഴിമന്തിയും മറ്റുമൊക്കെ വേറെ. അപ്പം അപ്പപ്പോള്‍ ചുട്ടുകൊടുക്കും. അരിപ്പത്തിരിയുമുണ്ടാകും. പുതിയ പേരുകളില്‍ പരീക്ഷണങ്ങളുമുണ്ടാകും.
സിറ്റി മുതല്‍ ചേംബര്‍ ഹാള്‍ വരെ  നിരത്തില്‍ വാഹന ഗതാഗതം റംസാന്‍ രാത്രികളില്‍  വല്ലാത്ത പാടാണ്. മറ്റു പലയിടങ്ങളിലും ഇത്തരം സ്റ്റാളുകള്‍ കാണാമെങ്കിലും ഇത്രയും സ്റ്റാളുകള്‍ ഒന്നിച്ചുള്ളതും ജനക്കൂട്ടവും സിറ്റിയില്‍ മാത്രം. പള്ളികളും തെരുവുകളും കൊട്ടാരവും വിളക്കുകളും പ്രകാശവുമൊക്കെ പ്രത്യേക ആനന്ദമുണ്ടാക്കുന്നു. തറാവീഹ് നഷ്ടപ്പെടുത്തിയുള്ള ആനന്ദത്തെ എതിര്‍ക്കപ്പെടുന്നുണ്ടെങ്കിലും ഇതാരും വലിയ കാര്യമാക്കുന്നില്ല. കാരണം സിറ്റി, ശരിക്കും സിറ്റിയാകുന്നത് ഈയൊരു മാസത്തില്‍ മാത്രമാണല്ലോ...ഓറഞ്ച്, മാങ്ങ . വത്തക്ക .... തുടങ്ങിയവയുടെ ജ്യൂസുകളും പച്ച മാങ്ങ, ലിച്ചി, പാഷന്‍ ഫ്രൂട്ട് എന്നിവയുടെ കുലുക്കി സര്‍ബത്തുകളും ഇവിടെ റെഡി. എല്ലാം കഴിഞ്ഞ് ഐസ്‌ക്രീമുകളും പുഡ്ഡിംഗുകളും. കുട്ടികള്‍ക്കിഷ്ടം കച്ചും ഉപ്പിലിട്ടതും ചെത്തിക്കുടിയും തന്നെ.: മുംബൈയിലെ മുഹമ്മദലി റോഡുമായി താരതമ്യം ചെയ്യാനാകില്ലെങ്കിലും ഫിര്‍നി ഇവിടെ കിട്ടില്ലെങ്കിലും സിറ്റിയിലെ റംസാന്‍ രാവുകള്‍ സിറ്റിയുടേത്  മാത്രമാണ്. വിദേശ രാഷ്ട്രങ്ങളില്‍ ഈ രാത്രികള്‍ ആസ്വദിക്കാന്‍ വേണ്ടി മാത്രം വന്‍ സാമ്പത്തിക നഷ്ടം സഹിച്ച് ഇവിടെയെത്തുന്നവരുണ്ട്. ഗതകാല പ്രൗഡിയുടെ പ്രേതക്കോലമായ സിറ്റിയുടെ ത്രസിപ്പിക്കുന്ന സൗന്ദര്യം കാണാനെത്തുന്നവര്‍ക്ക് മഴ തടസമാകുന്നില്ല. ഇത് മറ്റൊരനുഭൂതിയായി മാറ്റുകയാണവര്‍.ഓരോ സ്റ്റാളുകാര്‍ക്കും പ്രത്യേക നിറങ്ങളിലുള്ള യൂണിഫോമുകളുണ്ട്. പകല്‍നേരങ്ങളിലെ ആത്മീയത രാത്രി അടിച്ചു പൊളിയിലേക്ക് നീങ്ങുന്നതിന് പിന്നില്‍ ഗൃഹാതുരതയുടെ സന്തോഷവും നോവുമുണ്ട്.

ദുബൈയിലും സിറ്റി മക്കാനി

ദുബൈയിലും കണ്ണൂര്‍ സിറ്റിക്കാരുടെ മക്കാനിയുണ്ട്. റംസാന്‍ കാലത്തു മാത്രമല്ല, അല്ലാത്തപ്പോഴും സിറ്റിയിലുള്ളവര്‍ ഇവിടെ ഒത്തുചേരുന്നു. റംസാനിലാകുമ്പോള്‍ പ്രത്യേകിച്ചും. നാട്ടിലെ കഥകള്‍ പറഞ്ഞും അനുഭവങ്ങള്‍ പങ്കുവെച്ചും സിറ്റിക്കാര്‍ ഇവിടെ മണിക്കൂറുകള്‍ സിറ്റി മക്കാനിയില്‍ ചെലവഴിക്കുന്നു.  റംസാന്‍ സ്റ്റാളുകളിലെ തിരക്ക് ഇളകി മറിയുമ്പോള്‍ സിറ്റി സെന്‍ട്രലിലെ മക്കാനി എല്ലായ്‌പ്പോഴും പോലെയുണ്ടാകും. റംസാന്റെ ഒളിയുണ്ടാകുമെങ്കിലും മക്കാനിയില്‍ എല്ലാം പതിവു പോലെ. റംസാനല്ലാത്തപ്പോഴും ഉണ്ടാകുന്ന ചായയും വിഭവങ്ങളും തന്നെ ഇപ്പോഴും ഇവിടെ. വരുന്നവരും സ്ഥിരം ആളുകള്‍. ആരവം കണ്ടും കേട്ടും ഇവിടെയുള്ളവര്‍ക്ക് ചെറുചിരി. ഇതൊക്കെ എത്ര കണ്ടു എന്ന മട്ട്. പതിറ്റാണ്ടുകളായി മക്കാനിയുണ്ട് ഇവിടെ.ഏതു ഹര്‍ത്താലിലും ഇത് തുറക്കും. സിറ്റിക്കാരുടെ ഓര്‍മകളില്‍ നിന്ന് മക്കാനിയെ ഒഴിവാക്കാനാകില്ല. ചെറിയവനും വലിയവനുമൊക്കെ ഇവിടെ കമ്പനിയടിച്ചിട്ടുണ്ടാകും അല്ലെങ്കില്‍ കൂടിക്കൊണ്ടേയിരിക്കുന്നു.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Tags

HOTELS

Related News

Latest News

Loading...please wait