റമദാന് സര്‍പ്രൈസായി സര്‍പ്രൈസ് ബ്രഡ് കട്‌ലറ്റ്

Published on 30 May 2018 12:34 pm IST
×

റമദാനായാല്‍ നമ്മുടെ മൊഞ്ചത്തികളൊക്കെ തിരക്കിലായിരിക്കും അടുക്കളയില്‍ അവരുടെ കഴിവ് തെളിയിക്കാന്‍. രാവിലെ മുതല്‍ നോമ്പെടുത്ത് നോമ്പ് മുറിക്കാനുള്ള വിഭവങ്ങള്‍ ഒരുക്കുന്ന നെട്ടോട്ടത്തിലായിരിക്കും എല്ലാവരും. എന്തൊക്കെ തയ്യാറാക്കണം, സമയം കുറവ്. ഇവയൊക്കെ ആലോചിച്ച് പെണ്‍പടയ്ക്ക് തലകറക്കം വന്നേക്കാം. സ്ഥിരം മെനു ഉപേക്ഷിച്ച് പുതിയത് പരീക്ഷിക്കുന്ന തിരക്കിലായിരിക്കും മറ്റ് ചിലര്‍. അങ്ങനെ പുതിയ പുതിയ വിഭവങ്ങള്‍ പരീക്ഷിക്കാന്‍ ഇഷ്ടമല്ലാത്തവരായി ആരുമുണ്ടാകില്ല. അങ്ങനെയുള്ളവര്‍ക്കായി സര്‍പ്രൈസ് ബ്രഡ് കട്‌ലറ്റ്. വിശേഷാവസരങ്ങളില്‍ കോഴിക്കോട് ടൗണില്‍ ഉണ്ടാക്കുന്ന ഒന്നാണ് സര്‍പ്രൈസ് ബ്രഡ് കട്‌ലെറ്റ്. 
സവാള -ഒന്നര എണ്ണം അരിഞ്ഞത്  
ഇഞ്ചി -1 ടീസ്പൂണ്‍ (ചതച്ചത് ) 
വെളുത്തുള്ളി -1 ടീസ്പൂണ്‍ (ചതച്ചത് ) 
പച്ചമുളക് -എരിവിന് അനുസരിച്ച്
മുളക് പൊടി -അര ടീസ്പൂണ്‍ 
മല്ലി പൊടി -അര ടീസ്പൂണ്‍ 
മഞ്ഞള്‍ പൊടി -അര ടീസ്പൂണ്‍  
ഗരം മസാല പൊടി -അര ടീസ്പൂണ്‍  
കറി വേപ്പില -ആവശ്യത്തിന് 
മല്ലിയില -ഒരു ടീസ്പൂണ്‍ നന്നായി അരിഞ്ഞത് 
പൊതിനയില -ഒരു ടീസ്പൂണ്‍ നന്നായി അരിഞ്ഞത് 
ബ്രഡ് -6 പീസ്  
മൈദ -അര കപ്പ് 
വെള്ളം -കുഴക്കാന്‍ ആവശ്യത്തിന്  
ഉപ്പു -ആവശ്യത്തിന്  
കോഴിയിറച്ചി -300 ഗ്രാം (എല്ലില്ലാതെ) 
മഞ്ഞള്‍ പൊടി -കാല്‍ ടീസ്പൂണ്‍  
കുരുമുളക് പൊടി -കാല്‍ ടീസ്പൂണ്‍
ഗരം മസാല -കാല്‍ ടീസ്പൂണ്‍ 
ഉപ്പ് -ആവശ്യത്തിന്  
എണ്ണ -മസാല ഉണ്ടാക്കുന്നതിനും കട്ട്‌ലറ്റ് ഉണ്ടാക്കാനും ആവശ്യത്തിന് 
നെയ്യ് -കട്ലറ്റ് മൊരിയിച്ചെടുക്കാന്‍  
മുട്ട -2 എണ്ണം  
പഞ്ചസാര -ആവശ്യത്തിന്

കോഴിയിറച്ചി നന്നായി കഴുകി കുറച്ചു മഞ്ഞള്‍പൊടി, കുരുമുളക് പൊടി, ഗരം മസാല, ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് വെള്ളം ഒഴിച്ച് വേവിക്കുക. വെന്തു കഴിയുമ്പോള്‍ വെള്ളം വാര്‍ത്തു ഇറച്ചി പിച്ചി പിടിച്ചെടുത്തു മാറ്റി വെക്കുക. ഒരു നോണ്‍-സ്റ്റിക് പാത്രത്തില്‍ കുറച്ചു എണ്ണയൊഴിച്ചു അതിലേക്കു ഇഞ്ചിയും, പച്ച മുളകും, സവാളയും ഇട്ടു നിറം മാറുന്നത് വരെ ഇളക്കുക. ഇതിലേക്ക് മുളകുപൊടി, മല്ലിപൊടി, മഞ്ഞള്‍ പൊടി, ഗരം മസാല പൊടി, കുറച്ചു ഉപ്പും ചേര്‍ത്ത് പച്ച മണം മാറുന്നത് വരെ ഇളക്കുക. ഇതിലേക്ക് പൊടിച്ചെടുത്ത ഇറച്ചിയും, കറി വേപ്പില, മല്ലിയില, പുതിനയില എന്നിവ ചേര്‍ത്ത് നന്നായി ഇളക്കി വേവിക്കുക, രുചിച്ചു നോക്കി ആവശ്യത്തിന് ഉപ്പു ഉണ്ടെന്നു ഉറപ്പു വരുത്തുക. ശേഷം അടുപ്പില്‍ നിന്നും മാറ്റുക. ഇനി മൈദയും ഉപ്പും ആവശ്യത്തിന് വെള്ളവും ചേര്‍ത്ത് ചപ്പാത്തി പരുവത്തില്‍ കുഴച്ചെടുക്കുക. ഇത് കൊണ്ട് കട്ടി കുറച്ചു 3 ചപ്പാത്തി പരത്തിയെടുക്കുക. ഇനി 6 ബ്രഡ് എടുത്തു അതില്‍ 3 എണ്ണത്തിന്റെ നടുവില്‍ ചിക്കന്‍ മസാലയിട്ടു ബാക്കിയുള്ള 3 ബ്രഡ് കൊണ്ട് മൂടുക. ഇത് എടുത്തു ഓരോന്നും 3 ചപ്പാത്തിയുടെ ഉള്ളില്‍ വെച്ച് വശങ്ങള്‍ മടക്കുക. പാത്രത്തില്‍ എണ്ണ ചൂടാക്കി ഇതിലേക്ക് ഓരോന്നും ഇട്ടു എല്ലാ വശങ്ങളും വേവിച്ചെടുക്കുക, നിറം മാറി തുടങ്ങുമ്പോള്‍ കേരിമാറ്റുക. മുട്ടയും പഞ്ചസാരയും നന്നായി യോചിപ്പിച്ചു പിരിച്ചെടുത്ത കട്ലറ്റ് ഇതില്‍ മുക്കിയെടുക്കുക. ഇനി ഒരു ഒരു പാനില്‍ കുറച്ചു നെയ്യൊഴിച്ചു ചൂടാകുമ്പോള്‍ ഈ കട്ലറ്റ് ഇരു പുറവും വശങ്ങളും ഒന്ന് മൊരിയിച്ചെടുക്കുക.


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Latest News

Loading...please wait