എരിവും പുളിയും മധുരവും ചേര്‍ന്നൊരു പുളിയിഞ്ചിക്കറി

Published on 29 May 2018 12:30 pm IST
×

കല്ല്യാണത്തിനൊക്കെ പോയാല്‍ സദ്യയ്‌ക്കൊപ്പം കിട്ടുന്ന ഒരു വിഭവമാണ് പുളിയിഞ്ചി. എന്നാല്‍ ഇതിന്റെ റെസീപ്പി പലര്‍ക്കും അറിയില്ല. ഇനി വീട്ടിലും പുളിയിഞ്ചി ഉണ്ടാക്കാം. 
വാളന്‍പുളി -50 ഗ്രാം  
മഞ്ഞള്‍പ്പൊടി -ഒരു ചെറിയ സ്പൂണ്‍      
മുളകുപൊടി -ഒരു വലിയ സ്പൂണ്‍  
കായം -20 ഗ്രാം     
ശര്‍ക്കര -75 ഗ്രാം     
കറിവേപ്പില -പാകത്തിന്.
വെളിച്ചെണ്ണ -മൂന്നു ചെറിയ സ്പൂണ്‍  
കടുക് -ഒരു ചെറിയ സ്പൂണ്‍     
വറ്റല്‍മുളക് -(കഷണങ്ങളാക്കിയത്) മൂന്ന്  
കറിവേപ്പില -കുറച്ച്  
ഇഞ്ചി -(തൊലി കളഞ്ഞു വളരെ പൊടിയായി നുറുക്കിയത്) 75 ഗ്രം  
പച്ചമുളക് അരിഞ്ഞത് -10 ഗ്രം 
ഉലുവ -ഒരു ചെറിയ സ്പൂണ്‍ 
പുളി, രണ്ടര ലീറ്റര്‍ തിളച്ച വെളളത്തില്‍ നന്നായി കുതിര്‍ത്തു പിഴിഞ്ഞ് അരിച്ചെടുക്കുക. പിഴിഞ്ഞെടുത്ത പുളിയില്‍ ഒരു ലീറ്റര്‍  വെള്ളവും മഞ്ഞള്‍പ്പൊടി, മുളകുപൊടി, കായം, ശര്‍ക്കര, കറിവേപ്പില എന്നിവ കൂടി ചേര്‍ത്തു നന്നായി തിളപ്പിക്കുക. തിളവരുമ്പോള്‍ ഒരു ചെറിയ സ്പൂണ്‍ വെളിച്ചെണ്ണ ചേര്‍ത്തിളക്കുക. ഇരുമ്പ്  അല്ലാത്ത ചെറിയ ഉരുളിയില്‍ രണ്ടു ചെറിയ സ്പൂണ്‍ വെളിച്ചെണ്ണ ചൂടാക്കി, കടുക് പൊട്ടിക്കുക. ഇതില്‍ വറ്റല്‍മുളകു കഷണങ്ങളാക്കിയതും കറിവേപ്പിലയും ചേര്‍ക്കുക. മൂത്തശേഷം ഇഞ്ചി നുറുക്കിയതും പച്ചമുളകും ചേര്‍ത്തു മൂപ്പിക്കണം. ഇഞ്ചി മുക്കാല്‍ വേവിനു മുകളില്‍ വേവാകുന്നതുവരെ തീകുറച്ചിളക്കുക. ഇഞ്ചി മൂത്തതിനുശേഷം പാത്രം അടുപ്പില്‍ നിന്നു വാങ്ങിവയ്ക്കുക. നേരത്തേ തിളപ്പിച്ചുവെച്ച മൂന്നര ലീറ്റര്‍ പുളിവെള്ളം അടുപ്പില്‍ വച്ചു തിളപ്പിച്ച്, ഏകദേശം ഒന്നര ലീറ്ററിനു മുകളില്‍ വരാന്‍ പാകത്തിനു വറ്റിക്കുക. വറ്റിച്ചെടുത്ത പുളിയില്‍ പാകത്തിനുപ്പും വറുത്തു വച്ച ഇഞ്ചിയും ചേര്‍ത്തു നന്നായി ഇളക്കുക. ഉലുവ ഓട്ടുവറവു വറുത്ത്, നന്നായി പൊടിച്ചു ചേര്‍ത്തു വിളമ്പാം.(എണ്ണയില്ലാതെ വറക്കുന്നതാണ് ഓട്ടുവറവ്).






സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Latest News

Loading...please wait