ഹോട്ടലുകളില്‍ വേറിട്ട വഴികളിലൂടെ 'പൊന്നു'

മനോജ് മയ്യില്‍
Published on 23 April 2018 2:51 pm IST

കണ്ണൂര്‍: ഹോട്ടലുകളിലെ പൊളളുന്ന വിലയെക്കുറിച്ച് പരിതപിക്കുന്നവര്‍ക്ക് കണ്ണൂര്‍ കക്കാട് റോഡിനോട് ചേര്‍ന്നുളള ഒണ്ടേന്‍പറമ്പിലെ ഹോട്ടല്‍ 'പൊന്നു'വിലേക്ക് സ്വാഗതം. ഇവിടെ ഊണിന് വില 35 രൂപ. ലാഭം 10 മുതല്‍ 15 രൂപവരെ. ഊണിനൊപ്പം മീന്‍ പൊരിച്ചത് കൂടി വാങ്ങുന്നവരാണ് ഹോട്ടലുകളിലെ തീവെട്ടി കൊളളയുടെ യഥാര്‍ത്ഥ ഇരകള്‍. 
കണ്ണൂര്‍ നഗരത്തിലെ മിക്ക ഹോട്ടലുകളിലും പൊരിച്ച മത്സ്യത്തിന് ഈടാക്കുന്ന വില ഞെട്ടിക്കുന്നതാണ്. അയക്കൂറക്ക് 100 മുതല്‍ 110 രൂപവരെയാണ് വില. ചെമ്മീനിന്റെ വില 100 മുതല്‍ 130 രൂപ വരെയും. എന്നാല്‍ കണ്ണൂര്‍ കോര്‍പ്പറേഷന്‍ പരിധിയില്‍ തന്നെയുളള ഹോട്ടല്‍ പൊന്നുവില്‍ പൊരിച്ച മീനിന്റെ വില 40 രൂപയാണ്. അത് അയക്കൂറയാലും ശരി ചെമ്മീനായാലും ശരി.
 ഒണ്ടേന്‍പറമ്പിലെ സോനുവാണ് നാലുവര്‍ഷം മുമ്പ് ഹോട്ടല്‍ തുടങ്ങിയത്. സ്വയംതൊഴില്‍ എന്നനിലയില്‍ വീട്ടുകാര്‍ക്കൊപ്പം ഹോട്ടല്‍ തുടങ്ങുമ്പോള്‍ നിശ്ചയിച്ചതാണ് മിതമായ വിലക്ക് ഭക്ഷണം നല്‍കുക എന്നത്. ഇത് യാഥാര്‍ത്ഥ്യമായപ്പോള്‍ നാട്ടുകാര്‍ ഏറ്റെടുത്തു. ഇന്ന് തരക്കേടില്ലാത്ത കച്ചവടം നടക്കുന്ന ഹോട്ടലായി 'പൊന്നു' മാറി. 
പൊരിച്ച മത്സ്യവും ചെമ്മീനുമൊക്കെ തുച്ഛമായ വിലക്ക് എങ്ങനെ കൊടുക്കുന്നുവെന്ന് ചോദിച്ചാല്‍, ഉത്തരം ഒന്നു മാത്രം-കൊളള ലാഭം വേണ്ടെന്ന ചിന്ത. സോനുവിന് ഈ വ്യവസായം ഒരിക്കലും നഷ്ടത്തിലല്ല. ചെറിയ ലാഭം ഇതില്‍ നിന്നും ലഭിക്കുന്നുണ്ട്. മറ്റ് ഹോട്ടലുകള്‍ ഈടാക്കുന്ന വില വളരെ കൂടുതലാണെന്ന അഭിപ്രായമുണ്ടോ എന്ന് ആരെങ്കിലും ചോദിച്ചാല്‍ സോനുവിന്റെ മറുപടി ചിരിയിലൊതുങ്ങും. സഹജീവികളെ കുറ്റപ്പെടുത്തുന്നതിലെ മനോവിഷമം ആ മുഖത്ത് തെളിയും. 
പുലര്‍ച്ചെ തന്നെ കടപ്പുറത്ത് പോയി മത്സ്യം വാങ്ങുന്ന സോനു, മീന്‍ കഷ്ണങ്ങള്‍ എണ്ണി തിട്ടപ്പെടുത്തും. അതിന് ശേഷമാണ് വില നിശ്ചയിക്കുന്നത്. അത് മിക്കവാറും 40 രൂപയില്‍ കൂടാറില്ല. 
മറ്റ് ഹോട്ടലുകാരും ഇതേ കടപ്പുറത്ത് നിന്നാണ് മത്സ്യം വാങ്ങുന്നത്. കോര്‍പറേഷനില്‍ അടക്കുന്ന ടാക്‌സിലും മാറ്റമില്ല. എന്നിട്ടും വിലയില്‍ വലിയ അന്തരമാണ്. ഹോട്ടല്‍ ഭക്ഷണത്തിന് അമിത വില ഈടാക്കുമ്പോഴും ഇതിനെതിരെ ഒരു പ്രതിഷേധവും ഉയരുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. 
40 രൂപക്ക് നല്‍കാന്‍ കഴിയുന്ന പൊരിച്ച മത്സ്യത്തിന് 110 രൂപ വരെ ഈടാക്കുമ്പോള്‍, പ്രതികരിക്കാതെ കാശും കൊടുത്ത് മടങ്ങുകയാണ് നാം. ഹോട്ടല്‍ ഭക്ഷണത്തിന്റെ വില ഏകീകരിക്കാനും നിയന്ത്രിക്കാനും നടപടി വേണമെന്ന ആവശ്യം ശക്തമാണ്. എന്നാല്‍ ഈ പ്രശ്‌നം ആരും ഏറ്റെടുക്കുന്നില്ല. 
ഒരു യുവജന സംഘടനകള്‍ പോലും ഇക്കാര്യത്തില്‍ മൗനം പാലിക്കുകയാണ്. നഷ്ടക്കണക്കുകള്‍ മാത്രം പറഞ്ഞ് ഉപഭോക്താകളെ കൊളളയടിക്കുന്നവര്‍ക്ക് മുന്നില്‍ ചോദ്യചിഹ്നമാവുയാണ് 'ഹോട്ടല്‍ പൊന്നു'.


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Latest News

Loading...please wait