സ്പെഷ്യല്‍ ചിക്കന്‍ ഫ്രൈഡ് റൈസ് പരീക്ഷിക്കാം 

Published on 19 October 2020 12:44 pm IST

ഫ്രൈഡ് റൈസ് പലതരത്തിലുണ്ട്. ചിക്കന്‍, മുട്ട, പനീര്‍, പച്ചക്കറികള്‍ തുടങ്ങിയവയെല്ലാം ചേര്‍ത്ത് ഫ്രൈഡ് റൈസ് തയ്യാറാക്കാം. ഇന്ന് ചിക്കന്‍ ചേര്‍ത്ത് തയ്യാറാക്കിയ ഫ്രൈഡ് റൈസ് ഒന്നു പരീക്ഷിക്കാം. 

ചേരുവകള്‍

എല്ലില്ലാത്ത ചിക്കന്‍- 400 ഗ്രാം
വെളുത്തുള്ളി- ഏഴെണ്ണം
കാരറ്റ്- ഒരെണ്ണം
റെഡ് ബെല്‍ പെപ്പര്‍- രണ്ട് ടേബിള്‍സ്പൂണ്‍
വിനാഗിരി- ഒരു ടേബിള്‍സ്പൂണ്‍
കറുത്ത കുരുമുളക്- ആവശ്യത്തിന്
റിഫൈന്‍ഡ് ഓയില്‍- രണ്ട് ടേബിള്‍സ്പൂണ്‍
അരി- ഒരു കപ്പ്
സവാള- രണ്ട് ടേബിള്‍സ്പൂണ്‍
കാപ്‌സിക്കം- രണ്ട് ടേബിള്‍സ്പൂണ്‍
സോയ സോസ്- രണ്ട് ടീസ്പൂണ്‍
ഉപ്പ്- ആവശ്യത്തിന്
ലെമണ്‍ ജ്യൂസ്- ഒരു ടീസ്പൂണ്‍

തയ്യാറാക്കുന്ന വിധം

അരി നന്നായി കഴുകി വെള്ളത്തില്‍ 20 മിനിറ്റെങ്കിലും കുതിര്‍ത്ത് വെക്കുക. ചിക്കന്‍ കഴുകി ഉപ്പും കറുത്ത കുരുമുളകുപൊടിയും ചേര്‍ത്ത് നന്നായി തേച്ച് പിടിപ്പിച്ച് മാറ്റിവെക്കുക. ഇനി രണ്ട് കപ്പ് വെള്ളം ഒരു പാനില്‍ എടുത്ത് തിളപ്പിക്കുക. ഇനി, നേരത്തെ കുതിര്‍ത്ത് വെള്ളം വാര്‍ത്ത് വെച്ചിരുന്ന അരി ഇതിലേക്ക് ഇടുക. ഒരു 80 ശതമാനം വേവ് ആകുമ്പോള്‍ വാര്‍ത്തെടുത്ത് മാറ്റിവെക്കുക.

ഈ സമയത്തിനകം ചിക്കനില്‍ ഉപ്പും എരിവുമൊക്കെ നന്നായി പിടിച്ചിട്ടുണ്ടാകും. ഇനി ഒരു പാന്‍ എടുത്ത് ചൂടാക്കി അതിലേക്ക് ഓയില്‍ ഒഴിക്കുക. എണ്ണ ചൂടായിക്കഴിഞ്ഞാല്‍ അതിലേക്ക് ചിക്കന്‍ ചേര്‍ക്കുക. ഇനി ചിക്കന്‍ സ്വര്‍ണ നിറമാവുന്നതുവരെ പാകം ചെയ്യുക. ഇതിനുശേഷം അത് പുറത്തെടുത്ത് മാറ്റിവെക്കുക. ഇനി പാനിലേക്ക് ഒരു ടേബിള്‍ സ്പൂണ്‍ എണ്ണയൊഴിച്ച് ചൂടാക്കുക. ഇതിന് ശേഷം ചെറുതായി അരിഞ്ഞെടുത്ത വെളുത്തുള്ളിയും സവാളയും ഇതിലേക്ക് ചേര്‍ത്ത് നന്നായി വഴറ്റുക. ഇനി ബാക്കിയുള്ള പച്ചക്കറികള്‍ എല്ലാം ഇതിലേക്ക് ചേര്‍ത്ത് ഉയര്‍ന്ന തീയില്‍ രണ്ട് മിനിറ്റ് പാകം ചെയ്യുക.

ഇനി ഇതിലേക്ക് കറുത്ത കുരുമുളകും ഉപ്പും ആവശ്യത്തിന് ചേര്‍ത്ത് അതിലേക്ക് അല്പം സോയ സോസ് കൂടി ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്യുക. ഇനി ഇതിലേക്ക് നേരത്തെ തയ്യാറാക്കി വെച്ച ചിക്കനും ചോറും കൂടി ചേര്‍ത്ത് നന്നായി ഇളക്കുക. ഇളക്കുമ്പോള്‍ ചോറ് ഉടഞ്ഞുപോവാതെ നോക്കണം. ഇതിനുശേഷം പാത്രം അടച്ച് വെച്ച് മുപ്പത് സെക്കന്‍ഡ് പാകം ചെയ്യണം. ഇനി തീയണച്ച് മൂടി തുറന്ന് അല്പം വിനാഗിരി തെളിച്ച ശേഷം വീണ്ടും അടച്ചുവെക്കാം. പത്ത് മിനിറ്റിന് ശേഷം ചൂടോടെ വിളമ്പാം.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait