റങ്കൂണിന്റെ രുചിപ്പെരുമ കണ്ണൂരിലിനി ഓര്‍മ മാത്രം 

വി എന്‍ അന്‍സല്‍
Published on 06 November 2018 3:24 pm IST

കണ്ണൂര്‍: കണ്ണൂരുകാരുടെ പച്ചക്കറിയേതര രുചിപ്പെരുമയില്‍ സ്വന്തമായ ഒരിടം നല്‍കിയ റങ്കൂണ്‍ ഹോട്ടല്‍ ഓര്‍മയായി. പതിറ്റാണ്ടുകളായി കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനു തൊട്ടു മുന്നില്‍ നോണ്‍ വെജിറ്റേറിയന്‍ ഭക്ഷ്യ ഇനങ്ങള്‍ക്കു പേരു കേട്ട റങ്കൂണുണ്ടായിരുന്നു. കഴിഞ്ഞ ഹോട്ടലിപ്പോഴുമവിടെയുണ്ട്. പക്ഷേ, രണ്ടു മാസമായി പേര് സൈഗോണെന്നാണ്. ബോര്‍ഡിലെ മാറ്റം പെട്ടെന്നു ശ്രദ്ധയില്‍ പെടാത്തതിനാലാണ് ഇത്രയുമായിട്ടും റങ്കൂണില്ലാതായത് ആരുമറിയാതിരുന്നത്. എഴുപത്തിയഞ്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് ചാലാട്ടെ ചാത്തോത്ത് പുതിയപുരയില്‍ ആമുവാണ് ഹോട്ടല്‍ തുടങ്ങി ഇതിന് റങ്കൂണെന്നു പേരിട്ടത്. ബര്‍മയിലായിരുന്നു ആമു. യുദ്ധം കൊടുമ്പിരി കൊണ്ടപ്പോള്‍ നാട്ടിലേക്ക് മടങ്ങി. ആ  കാലത്ത് നിരവധി പേര്‍ ഇതു പോലെ മടങ്ങിയിരുന്നു. കോഴിക്കോട് ജെ.ഡി.ടി ഇസ്ലാം യതീംഖാന, ഇഖ്‌റഅ്  ആശുപത്രി സ്ഥാപകന്‍ ഹസന്‍ ഹാജി ഇതിലൊരാളായിരുന്നു. ആമു ബര്‍മയുടെ തലസ്ഥാനമായ റങ്കൂണിന്റെ പേരാണ് ഹോട്ടലിനിട്ടത്.തന്റെ ഹോട്ടലിന് പേരിട്ടതിലൂടെ  റങ്കൂണിനോടുള്ള ഇഷ്ടമാണ് ആമു പ്രകടിപ്പിച്ചത്.ആമുവിന്റെ മരണശേഷം മകന്‍ ഹുസൈനാണ് റങ്കൂണ്‍ നടത്തിയത്. ലബ്ബത്തെരുവിലായിരുന്നു താമസം. അപ്പോഴേക്കും റങ്കൂണിന്റെ കീര്‍ത്തി നാടെങ്ങും പരന്നിരുന്നു. ബീഫ്, ചിക്കണ്‍, മട്ടണ്‍ , മീന്‍, ചെമ്മീന്‍ ബിരിയാണികള്‍, ബീഫ് ഫ്രൈ, കറി, ചിക്കന്‍ .മട്ടണ്‍ ഫ്രൈ, കറി , പൊറോട്ട, ഗോതമ്പു പൊറോട്ട, നെയ്‌ച്ചോറ് ...... ഇങ്ങനെ ഇനങ്ങള്‍ റങ്കൂണിന്റേതായി പരന്നിരുന്നു.പതിനേഴു വര്‍ഷങ്ങള്‍ക്കു മുമ്പ് ഹുസൈന്‍ മരിച്ചു. കുറുവക്കായിരുന്നു താമസം. ഹുസൈന്  നാലാണ്ട്മക്കളാണ്.ഷൗക്കത്ത്, അഫ്‌സല്‍, ആഷിക്, അസ്ലം. ഇതില്‍ ഗുസ്തി താരമായിരുന്ന അഫ്‌സല്‍ മരിച്ചു.ആഷികും അസ്ലമും ഇരട്ടകളാണ്. ഹോട്ടലിന്റെ ക്വാഷ് കൗണ്ടറിലിരുന്നാല്‍ രണ്ടു  പേരെയും തിരിച്ചറിയില്ല.ഇവരാണ് ഹോട്ടല്‍ നടത്തിയിരുന്നത്. ഇതില്‍ അസ്ലം ഗള്‍ഫില്‍ പോകാന്‍ തീരുമാനിച്ചതോടെയാണ് റങ്കൂണിന് താഴു വീണത്. നടത്തിപ്പിനു കൊടുത്തവര്‍ ലൈസന്‍സ് മാറ്റിയപ്പോള്‍  റങ്കൂണ്‍ , സൈഗോണായി. മൂന്നു പങ്കാളികളാണിപ്പോള്‍ ഹോട്ടല്‍ നടത്തുന്നത്. ജീവനക്കാരെല്ലാം പഴയതു തന്നെ.രുചിയും പഴയതു തന്നെയായിരിക്കുമെന്ന് ആഷിക് പറയുന്നു. ജി.എസ്.ടിയും ഇന്‍കംടാക്‌സും കോര്‍പ്പറേഷന്റെ പുതിയ നിയമങ്ങളുമെല്ലാമായി ഹോട്ടല്‍ നടത്തിപ്പു ഇക്കാലത്ത് വലിയ വെല്ലുവിളിയായതു കൊണ്ടാണ് നടത്തിപ്പിന് വിട്ടു കൊടുത്തതെന്ന് ആഷിക് കണ്ണൂര്‍ മെട്രോയോട് പറഞ്ഞു. തനിച്ച് 24 മണിക്കൂറും ഹോട്ടലിനു വേണ്ടി മെനക്കെടാനാകില്ലെന്നും അദ്ധേഹം പറഞ്ഞു. താല്‍കാലികമായാണ് നടത്തിപ്പിനു കൊടുത്തത്. തിരിച്ചു റങ്കൂണ്‍ തന്നെയാക്കാനാകുമോയെന്നു ഇപ്പോള്‍ പറയാനാകാത്ത അവസ്ഥയാണ്- ആഷിക് പറഞ്ഞു. ബീഫ് ബിരിയാണിക്ക് 80 രൂപയായിരുന്നു. പിന്നീടിത് 90 ആക്കി. ഇതിനു ശേഷം ബീഫിന് രണ്ടോ മൂന്നോ തവണ വില കയറ്റിയിട്ടും ബിരിയാണിയുടെ വില മാറ്റിയിട്ടില്ല. ആഷിക് പറഞ്ഞു.ഏതായാലും ഇപ്പോള്‍ റങ്കൂണില്ല. മുക്കാല്‍ നൂറ്റാണ്ടോളം കണ്ണൂരുകാരുടെ മാത്രമല്ല, നാട്ടകങ്ങളുടെയാകെ  നോണ്‍ വെജ് ഭക്ഷണപ്പെരുമയില്‍ തങ്ങളുടേതായ വ്യത്യസ്തത കാത്തു സൂക്ഷിച്ച റങ്കൂണ്‍ ഇനി ഓര്‍മകളില്‍ മാത്രം.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Tags

hotel

Related News

Latest News

Loading...please wait