ആരോഗ്യ സര്‍വകലാശാല നോര്‍ത്ത് സോണ്‍ കലോത്സവത്തിന് തിരിതെളിഞ്ഞു

കലാലയസമൂഹം മതസാഹോദര്യത്തിന്റെ വക്താക്കളാകണം: മന്ത്രി പി എ മുഹമ്മദ് റിയാസ്
Published on 10 October 2023 IST

 

മതസാഹോദര്യത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും വക്താക്കളായി കലാലയ സമൂഹം ജാഗ്രതയോടെ പ്രവര്‍ത്തിക്കണമെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. ആരോഗ്യ സര്‍വകലാശാല നോര്‍ത്ത് സോണ്‍ കലോത്സവം 'ഇന്ത്യ'യുടെ ഉദ്ഘാടനം കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വൈവിധ്യങ്ങളെ അംഗീകരിച്ച് മുന്നോട്ട് പോകുന്ന രാജ്യമാണ് ഇന്ത്യ. എന്നാല്‍ ആ പേര് തന്നെ ഇല്ലാതാക്കുന്ന അപകടകരമായ സാഹചര്യമാണ്. കാലിക പ്രസക്തമായ കാര്യങ്ങളെ സമൂഹത്തിലെത്തിക്കാനുള്ള ഏറ്റവും നല്ല ഉപാധി കലയാണ്. ആരോഗ്യ രംഗത്ത് കേരളം കൈവരിച്ച നേട്ടങ്ങളെ ഊര്‍ജമാക്കി ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കണമെന്നും മന്ത്രി പറഞ്ഞു.

 

കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലെ കോളേജ് തലത്തില്‍ വിജയികളായ അയ്യായിരത്തോളം കലാപ്രതിഭകളാണ് നോര്‍ത്ത് സോണ്‍ മത്സരത്തില്‍ മാറ്റുരക്കുന്നത്. സ്റ്റേജ്-സ്റ്റേജിതര വിഭാഗത്തില്‍ 103 ഇനങ്ങളിലാണ് മത്സരം. ആറ് വേദികളിലായാണ് സ്റ്റേജ് മത്സരങ്ങള്‍. ഒക്ടോബര്‍ 12 നാണ് സമാപനം.

 

എം വിജിന്‍ എം എല്‍ എ അധ്യക്ഷനായി. ചലച്ചിത്ര താരങ്ങളായ ഉണ്ണിരാജ് ചെറുവത്തൂര്‍, അഫ്സാന ലക്ഷ്മി എന്നിവര്‍ വിശിഷ്ടാതിഥികളായി. ജില്ലാ പഞ്ചായത്തംഗം സി പി ഷിജു, കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ടി കെ പ്രേമലത, വൈസ് പ്രിന്‍സിപ്പല്‍ ഡോ. ഷീബ ദാമോദര്‍, സൂപ്രണ്ട് ഡോ.കെ സുദീപ്, ഗവ. ആയുര്‍വേദ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. വി കെ സുനിത, നഴ്‌സിംഗ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ.പി സജി, സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ പി എസ് സഞ്ജീവ്, ആരോഗ്യ സര്‍വകലാശാല യൂണിയന്‍ ചെയര്‍മാന്‍ അഖില്‍ മുഹമ്മദ് തുടങ്ങിയവര്‍ പങ്കെടുത്തു.


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Latest News

Loading...please wait