നല്ല നാളെയ്ക്കായി... നല്‍കാം ജീവാമൃതം

ഒരു ദിവസം ലോകത്ത് പിറന്നു വീഴുന്ന കുട്ടികളുടെ എണ്ണം ഏകദേശം 385000 ആണ്. പിറന്നുവീഴുന്ന ഓരോ കുട്ടിയുടെയും ആരോഗ്യസംരക്ഷണം ആ നാടിന്റെ ഉത്തരവാദിത്വമാണ്.പിറന്നുവീഴുന്ന കുട്ടിയാണ് ആ നാടിന്റെ സമ്പത്ത്. ഓരോ രാജ്യത്തിന്റേയും സാമൂഹിക പുരോഗതിയെ വിലയിരുത്തുന്നത് സ്ത്രീകളുടെയും കുട്ടികളുടെയും ജീവിതാവസ്ഥയും പരിഗണിച്ചുവരുന്നുണ്ട്. ജനിച്ച് 28 ദിവസം വരെയുള്ള കുട്ടികളെയാണ് നവജാതന്‍ എന്ന് പറയുന്നത്.ഏറ്റവും കൂടുതല്‍ സംരക്ഷണം ലഭിക്കേണ്ടത് ഈ കാലഘട്ടത്തിലാണ്. ഗര്‍ഭാവസ്ഥയില്‍ അമ്മയുടെ ശരീരത്തില്‍ നിന്നാണ് ജീവന്‍ നിലനിര്‍ത്താനാവശ്യമായ പോഷകങ്ങള്‍ ലഭിക്കുന്നത്.ജനനശേഷം അമ്മയുടെ മുലപ്പാലിലൂടെയാണ് കുഞ്ഞ് തന്റെ ആരോഗ്യം വീണ്ടെടുക്കുന്നത്.ആഗസ്ത് 1 മുതല്‍ 7 വരെ നാം മുലയൂട്ടല്‍ വാരമായി വര്‍ഷങ്ങളായി ആചരിച്ചുവരികയാണ്. മുലയൂട്ടുക എന്നത് കുറഞ്ഞുവരുന്ന ആധുനിക കാലഘട്ടത്തില്‍ മുലയൂട്ടലിന്റെ പ്രാധാന്യം ഉറപ്പ് വരുത്തേണ്ടത് ഓരോരുത്തരുടേയും കടമയാണ്.ആരോഗ്യമുള്ള ഒരു തലമുറയെ വാര്‍ത്തെടുക്കാന്‍ മുലയൂട്ടല്‍ വഹിക്കുന്ന പങ്ക് വളരെ വലുതാണ്.
Published on 05 August 2023 IST

ഡോ. എ.കെ നിത്യ

അസി. പ്രൊഫ.
ഡിപ്പാര്‍ട്‌മെന്റ് ഓഫ് കൗമാരഭൃത്യ
എം.വി.ആര്‍ ആയുര്‍വേദ മെഡി. കോളജ്, പറശ്ശിനിക്കടവ്

    

പ്രതിരോധശേഷിയ്ക്കും വളര്‍ച്ചയ്ക്കും പ്രധാനം

ഡബ്ല്യു.എച്ച്.ഒ നിര്‍ദേശപ്രകാരം കുഞ്ഞ് ജനിച്ച് ആറു മാസം വരെ മുലപ്പാല്‍ നിര്‍ബന്ധമായും കൊടുത്തിരിക്കണം.കാരണം കുഞ്ഞിന്റെ വളര്‍ച്ചയ്ക്കും വികാസത്തിനും ആവശ്യമായ എല്ലാ പോഷകഘടകങ്ങളും അടങ്ങിയ സമീകൃതാഹാരം ആണിത്.മുലപ്പാലില്‍ അടങ്ങിയ ആന്റിബോഡീസ്, കാര്‍ബോ ഹൈഡ്രേറ്റ്‌സ്, ഫാറ്റ്‌സ്, വിറ്റാമിന്‍, മിനറല്‍സ്, രോഗങ്ങളെ ചെറുക്കാന്‍ ആവശ്യമായ ഇമ്മ്യൂണോഗ്ലോബുലിന്‍സം, പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിനും വളര്‍ച്ചയ്ക്കും കാരണമാകുന്നു.


മുലയൂട്ടലിന്റെ ആദ്യഘട്ടം


കുഞ്ഞ് ജനിച്ച് ആദ്യ മാസത്തില്‍ കുട്ടിയുടെ ആരോഗ്യ പരിപാലനത്തിനായി കുറഞ്ഞത് ഓരോ രണ്ടു മണിക്കൂര്‍ ഇടവിട്ട് എങ്കിലും പാല്‍ നല്‍കേണ്ടതാണ്.കുഞ്ഞ് ജനിച്ച് ആദ്യത്തെ 3-4 ദിവസങ്ങളില്‍ കുട്ടിക്ക് ലഭിക്കുന്ന പാലാണ് കൊളസ്ട്രം.ഇത് നിര്‍ബന്ധമായും കുട്ടിക്ക് കൊടുത്തിരിക്കേണ്ടതാണ്.മഞ്ഞ നിറത്തിലുള്ള കട്ടികൂടിയ പാലാണ് ഇത്.ആന്റിബോഡീസ്, വിറ്റാമിന്‍ എ,ഡി,ഇ,കെ  ഇതില്‍ അടങ്ങിയിട്ടുള്ളത്‌കൊണ്ട് തന്നെ കുഞ്ഞിന്റെ പ്രതിരോധശേഷി വര്‍ധിപ്പിക്കാനും കുഞ്ഞിന്റെ വളര്‍ച്ചയെ ത്വരിതപ്പെടുത്താനും ഇത് സഹായിക്കുന്നു.പിന്നീടുള്ള ഓരോ വളര്‍ച്ചാഘട്ടത്തിലും മുലപ്പാലില്‍ അടങ്ങിയിരിക്കുന്ന മൂലകങ്ങളിലും മാറ്റം ഉണ്ടാകുന്നു.ഒരു മുലയൂട്ടല്‍ ഘട്ടം കുറഞ്ഞത് 20-25 മിനിറ്റ് നീണ്ടുനില്‍ക്കുന്നതാണ് അഭികാമ്യം.ഒരു സ്തനത്തില്‍ നിന്ന് മുലയൂട്ടുമ്പോള്‍ മാറി മാറി പാല്‍ കുടിക്കുന്നത് തെറ്റായ ഒരു പ്രവണതയാണ്. ഒരു ഭാഗത്ത് മുലയൂട്ടിയതിന് ശേഷം മാത്രമേ അടുത്ത ഭാഗത്തില്‍ നിന്നും പാല്‍ കൊടുക്കാന്‍ പാടുള്ളൂ.മുലപ്പാലിലെ ആദ്യം വരുന്ന ദ്രവരൂപത്തിലുള്ള പാലാണ് (മുന്‍പാല്‍) കുഞ്ഞിന്റെ ദാഹം മാറുന്നതിനും പിന്നീട് കുട്ടിക്ക് ലഭിക്കുന്ന കട്ടികൂടിയ പാല്‍ (പിന്‍പാല്‍)കുട്ടിയുടെ വിശപ്പ് മാറുന്നതിനും കാരണമാകുന്നു. രണ്ട് ഭാഗങ്ങളായാണ് മുലപ്പാല്‍ വരുന്നത്. ആദ്യം വരുന്ന പാലില്‍ വെള്ളം കൂടുതലായിരിക്കും. പിന്നീട് വരുന്ന പാലിലാണ് പോഷകങ്ങള്‍ കൂടുതല്‍. അതുകൊണ്ട് കൂടുതല്‍ നേരം പാല്‍ കൊടുക്കാന്‍ ശ്രദ്ധിക്കണം. കുറച്ച് പാല്‍ കുടിച്ച ശേഷം കുഞ്ഞ് ഉറങ്ങിപ്പോയാല്‍ ചെവിയില്‍ മൃദുവായി പിടിച്ചോ കാല്‍പാദത്തിനടിയില്‍ ഉരസിയോ കുഞ്ഞിനെ ഉണര്‍ത്താം. അമ്മമാര്‍ ബദാമും നട്‌സും പച്ചക്കറികളും, പഴങ്ങളും ധാരാളം കഴിക്കുന്നത് മുലപ്പാല്‍ ഉല്‍പാദനം കൂട്ടാന്‍ സഹായിക്കും. വയറു നിറയെ പാല്‍ കുടിച്ചു കഴിഞ്ഞാല്‍ കുഞ്ഞുങ്ങള്‍ ഛര്‍ദിക്കുന്നത് സ്വാഭാവികമാണ്. ആദ്യത്തെ ആറ് മാസം വരെ കുഞ്ഞുങ്ങളിലെ 'തേട്ടല്‍' സാധാരണമാണ്. പാല്‍ കൊടുത്തു കഴിഞ്ഞാല്‍ കുഞ്ഞിന്റെ വയറിലെ ഗ്യാസ് പുറത്തേക്ക് കളയാന്‍ പിറകില്‍ പതിയെ തട്ടിക്കൊടുക്കാം.


പശുവിന്‍ പാലും ആട്ടിന്‍പാലും നല്ലതല്ല

ഓരോ കുഞ്ഞിനും ആവശ്യമായ പോഷകങ്ങള്‍ അടങ്ങിയ പാലാണ് അവരുടെ അമ്മമാര്‍ ഉല്‍പാദിപ്പിക്കുന്നത്. മാസം തികയാതെ പ്രസവിക്കുന്ന കുഞ്ഞുങ്ങളുടെ അമ്മമാരുടെ പാല്‍, മാസം തികഞ്ഞ് പ്രസവിക്കുന്ന അമ്മമാരുടേതില്‍ നിന്ന് വ്യത്യസ്തമായിരിക്കും. നിങ്ങളുടെ കുട്ടിക്ക് ഏറ്റവും അനുയോജ്യമായ പാല്‍ നിങ്ങള്‍ക്ക് മാത്രമേ ഉല്‍പാദിപ്പിക്കാന്‍ കഴിയൂ. പശുവിന്‍ പാലും ആട്ടിന്‍പാലും കുഞ്ഞിന് നല്ലതല്ല. പശുവിന്‍ പാല്‍ പശുക്കിടാവിനുള്ളതാണ്. പശുക്കള്‍ക്ക് ജീവിക്കാന്‍ ആവശ്യം മസിലുകള്‍ ആയതുകൊണ്ട് പശുവിന്‍പാലില്‍ പ്രോട്ടീന്‍ കൂടുതലാണ്. പക്ഷെ നമ്മുടെ കുഞ്ഞുങ്ങള്‍ക്ക് ബുദ്ധിവികാസവും ആവശ്യമാണ്. അതിനുള്ള പോഷകങ്ങള്‍ അമ്മയുടെ മുലപ്പാലില്‍ മാത്രമേയുള്ളു. എപ്പോഴും കുഞ്ഞിന് നേരിട്ട് പാല്‍ കൊടുക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ മുലപ്പാല്‍ പിഴിഞ്ഞെടുത്ത് സൂക്ഷിക്കാം. ഫ്രിഡ്ജില്‍ 24 മണിക്കൂര്‍ വരെയും പുറത്ത് നാലു മണിക്കൂര്‍ വരെയും മുലപ്പാല്‍ കേടാകാതെ ഇരിക്കും. ആറു മാസം മുതല്‍ രണ്ട് വയസു വരെയുള്ള സമയത്ത് മറ്റ് ഭക്ഷണങ്ങളോടൊപ്പം മുലപ്പാലും കൊടുക്കണം.

മുലയൂട്ടാന്‍ നേരത്തെ തയാറെടുക്കാം

മുലയൂട്ടേണ്ടതും കുട്ടിക്ക് പാല്‍ ലഭിക്കേണ്ടതും അമ്മയുടെയും കുഞ്ഞിന്റെയും അവകാശമാണ്.
ആദ്യമായി പ്രസവിക്കാന്‍ ഒരുങ്ങുന്ന അമ്മമാര്‍ക്ക് മാനസികമായ പിന്തുണ അത്യാവശ്യമാണ്. മുലയൂട്ടുന്നതിന്റെ ശരിയായ രീതിയും അതിന്റെ ഗുണങ്ങളും അവര്‍ക്ക് പറഞ്ഞുകൊടുക്കണം. പ്രസവിച്ചയുടനെ മുലയൂട്ടല്‍ തുടങ്ങാനും തയാറെടുപ്പുകള്‍ ആവശ്യമാണ്. അതിന് പരിശീലനം കിട്ടിയിട്ടുള്ള നേഴ്സുമാരുടെയോ ഡോക്ടര്‍മാരുടെയോ സഹായം തേടാം. വീട്ടില്‍ തിരിച്ചെത്തിയാലും ഭര്‍ത്താവിന്റെയും കുടുംബാംഗങ്ങളുടെയും പിന്തുണ മുലയൂട്ടുന്ന അമ്മമാര്‍ക്ക് വേണം. മാനസികമായും ശാരീരികമായും അമ്മയ്ക്ക് പിന്തുണ നല്‍കേണ്ടത് വീട്ടുക്കാരാണ്. ഗര്‍ഭകാലം ഏതൊരു സ്ത്രീക്കും ഒരുപാട് മാനസിക സംഘര്‍ഷങ്ങളുടെ ദിനങ്ങള്‍ കൂടിയാണ്. ശാരീരികമായും വൈകാരികമായും ഏറെ പിടിച്ചുലയ്ക്കുന്ന ദിവസങ്ങള്‍. അടിക്കടിയുണ്ടാകുന്ന മൂഡ് സ്വിങ്‌സ്, വിഷാദം, പിരിമുറുക്കം, ഹോര്‍മോണ്‍ വൃതിയാനങ്ങള്‍, പരിപാലിച്ചു കാത്തുസൂക്ഷിച്ചിരുന്ന ശരീരത്തില്‍ വരുന്ന മാറ്റങ്ങള്‍, അങ്ങനെ പറഞ്ഞറിയിക്കാന്‍ കഴിയാത്തത്ര പ്രശ്‌നങ്ങളിലൂടെയാണ് ഓരോ സ്ത്രീയുടെയും ഗര്‍ഭകാലം കടന്നുപോകുന്നത്. അതിനെല്ലാം പ്രകൃതി തന്നെ ഒരുക്കിവച്ചിരിക്കുന്ന ഒരു മറുമരുന്നാണ് മുലയൂട്ടല്‍. ഒരമ്മയുടെ ജീവിതത്തിലെ ഏറ്റവും മനോഹരമായ അനുഭവങ്ങളില്‍ ഒന്ന്. ഒരു ഗര്‍ഭിണി അതുവരെയനുഭവിച്ചിരുന്ന മാനസിക, വൈകാരിക പ്രശ്‌നങ്ങള്‍ക്ക് ആശ്വാസമാകാനും മുലയൂട്ടലിന് കഴിയും.

 

 

 

ഗുണങ്ങള്‍


*  കുഞ്ഞിന് ആവശ്യമായ ശരീരഭാരം നല്‍കാന്‍ മുലയൂട്ടല്‍ സഹായകമാകുന്നു.

*  കുഞ്ഞിന്റെ പ്രതിരോധശേഷി വര്‍ധിപ്പിക്കാനും വളര്‍ച്ചയെ ത്വരിതപ്പെടുത്താനും സഹായിക്കുന്നു.
*  കുഞ്ഞിന്റെ അമിതവണ്ണത്തിന്റെ സാധ്യത കുറയ്ക്കുന്നു.
*  അമ്മയ്ക്ക് പ്രസവശേഷമുണ്ടാകുന്ന ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു.
*  സ്തനാര്‍ബുദം, അണ്ഡാശയ അര്‍ബുദം, പ്രമേഹരോഗം, ഹൃദയസംബന്ധമായ അസുഖങ്ങള്‍,ഓസ്റ്റിയോപോറോസിസ് എന്നീ രോഗങ്ങള്‍ വരാനുള്ള സാധ്യത കുറയ്ക്കുന്നു


അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

* അമ്മമാര്‍ പോഷക സമൃദ്ധമായ ധാന്യങ്ങളും പഴങ്ങളും പച്ചക്കറികളും ഇലക്കറികളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക

*  ശരീരത്തിന് ആവശ്യമായ വെള്ളം കുടിക്കണം.മുലയൂട്ടുന്നതിന് മുമ്പും ശേഷവും വെള്ളം കുടിക്കാന്‍ ശ്രമിക്കുക.ഇത് മുലപ്പാല്‍ വര്‍ധിക്കാനും ഡി ഹൈഡ്രേഷന്‍ തടയുന്നതിനും സഹായകമാകും.

*ഭക്ഷണത്തില്‍ കൂടുതലായി ഉലുവ, വെളുത്തുള്ളി, ചുവന്നുള്ളി, ജീരകം എന്നിവ ഉള്‍പ്പെടുത്താന്‍ ശ്രമിക്കുക.

* നല്ല ഉറക്കം മാനസികാരോഗ്യവും മുലപ്പാലിനെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്

 

 

 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Latest News

Loading...please wait