ദേവകി അന്തർജനത്തിന്റെ നൂറാം പിറന്നാൾ ആഘോഷങ്ങളില്ലാതെ 

കാൻസർ ബാധിതനായി ചികിത്സയിൽ കഴിയുന്ന രോഗിക്കുള്ള ധനസഹായവും രോഗക്ഷേമസഭ ആതുര ശുശ്രുഷ നിധിയിലേക്കുള്ള ധനസഹായവും ടി. വി  രാജേഷ് എം.എൽ.എ വിതരണം ചെയ്തു
kannur metro
Published on 26 July 2020 5:52 pm IST
കുഞ്ഞിമംഗലം പഞ്ചായത്തിലെ നിർധനരായ വിദ്യാർത്ഥികൾക്ക് പഠിക്കാനാവശ്യമായ ടെലിവിഷൻ സെറ്റുകളുടെ വിതരണോത്ഘാടനം ടി.വി  രാജേഷ് എം.എൽ.എ നിർവഹിക്കുന്നു

കുഞ്ഞിമംഗലം: സാമൂഹ്യ പരിഷ്കർത്താവും ഗാന്ധിയനും കോൺഗ്രസ്‌ നേതാവും മികച്ച സഹകാരിയുമായിരുന്ന പരേതനായ കുഞ്ഞിമംഗലം മഞ്ചക്കൽ ഇല്ലത്ത് പരമേശ്വരൻ നമ്പൂതിരിയുടെ ധർമ്മപത്നി ദേവകി അന്തർജനത്തിന്റെ നൂറാം പിറന്നാൾ ആഘോഷങ്ങൾ പൂർണമായും ഒഴിവാക്കി അതിനായി നീക്കിവെച്ച പണം ജീവകാരുണ്യ പ്രവർത്തനത്തിന് വിനിയോഗിച്ചു മാതൃകയായി. 

കോവിഡ് രോഗം പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ സാമൂഹിക അകലം പാലിച്ചു സംഘടിപ്പിച്ച ലളിതമായ ചടങ്ങിൽ കുഞ്ഞിമംഗലം പഞ്ചായത്തിലെ നിർധനരായ വിദ്യാർത്ഥികൾക്ക് പഠിക്കാനാവശ്യമായ ടെലിവിഷൻ സെറ്റുകളുടെ വിതരണോത്ഘാടനം ടി.വി  രാജേഷ് എം.എൽ.എ നിർവഹിച്ചു. പ്രസ്തുത ചടങ്ങിൽ വെച്ച് കാൻസർ ബാധിതനായി ചികിത്സയിൽ കഴിയുന്ന രോഗിക്കുള്ള ധനസഹായവും യോഗക്ഷേമസഭ ആതുര ശുശ്രുഷ നിധിയിലേക്കുള്ള ധനസഹായവും എം.എൽ.എ വിതരണം ചെയ്തു. പിലാത്തറ ഹോപ്പ് അലവിൽ സാന്ത്വനം എന്നിവിടങ്ങളിലേക്കുള്ള സംഭാവനയും വിതരണം ചെയ്തു. ചടങ്ങിൽ എം.പി മുരളി അധ്യക്ഷത വഹിച്ചു. ദേവകി അന്തർജനത്തിന്റെ നൂറാം പിറന്നാളോടനുബന്ധിച്ച തറവാട് ക്ഷേത്രമായ ചിറ്റാരിപ്പറമ്പ പരശുരാമ ക്ഷേത്രത്തിൽ ത്രികാല പൂജയും മറ്റ് ചടങ്ങുകളും സംഘടിപ്പിച്ചു.

സമൂഹത്തിലും നമ്പൂതിരി സമുദായത്തിലും അനാചാരങ്ങളും അന്ധവിശ്വാസങ്ങളും കൊടികുത്തിവാണിരുന്ന കാലത്ത് 1940 കളിൽ സമുദായ മേലാളമാരുടെ വിലക്കടകൾ  ലംഘിച്ച്   ഹരിജനങ്ങൾ അടക്കമുള്ള താഴ്ന്ന ജാതിക്കാർക്ക് നാലുകെട്ടിനകത്തു ഭക്ഷണം വിളമ്പിക്കൊടുത്തു വിപ്ലവം സൃഷ്‌ടിച്ച ദേവകി അന്തർജ്ജനം പരമേശ്വരൻ നമ്പൂതിരിയുടെ പൊതു പ്രവർത്തനങ്ങൾക്ക് താങ്ങും തണലുമായി പ്രവർത്തിച്ചു. ഇല്ലത്തെ സ്ഥിരം സന്ദര്ശകരായിരുന്നു മുൻ കെ.പി.സി.സി പ്രസിഡന്റ്‌ സി.കെ ഗോവിന്ദൻ നായർ കോഴിപ്പുറത്ത് മാധവ മേനോൻ, പി. ഗോപാലൻ എം.എൽ.എ,  മുൻ മുഖ്യമന്ത്രി കെ. കരുണാകരൻ തുടങ്ങിയ തലയെടുപ്പുള്ള നേതാക്കൾക്ക് ആതിഥ്യമരുളാൻ അന്തർജ്ജനത്തിന് സന്തോഷമേ ഉണ്ടായിരുന്നുള്ളു. പയ്യന്നൂർ കോ- ഓപ്പറേറ്റീവ് സ്റ്റോറിന്റെയും മാടായി ബാങ്കിന്റെയുമടക്കം നിരവതി സ്ഥാപനങ്ങളുടെ സ്ഥാപക പ്രസിഡന്റായ പരമേശ്വരൻ നമ്പൂതിരിക്ക് ദേശീയ സ്വാതന്ത്ര്യ സമരത്തിലേക്കും ഇറങ്ങിച്ചെല്ലുവാൻ പ്രചോദനമായത് ദേവകി അന്തർജ്ജനമായിരുന്നു.

കോഴിക്കോട് ജില്ലയിലെ എലത്തൂർ പറമ്പത്ത് ചേലോട്ട് പൈങ്ങാട്ടില്ലത്ത് ജനിച്ച ദേവകി അന്തർജ്ജനം എസ്.എസ്.എൽ.സി വരെ പഠിച്ച അത്തോളി ഹൈസ്കൂളിൽ മുൻ മുഖ്യമന്ത്രി സി.എച്ച് മുഹമ്മദ്‌ കോയയുടെ സഹപാഠിയായിരുന്നു. പ്രമുഖ അധ്യാപക സംഘടനയായ കെ.എ.പി.ടി യൂണിയന്റെ സ്ഥാപക പ്രസിഡന്റായിരുന്ന സി.പി വാസുദേവൻ നമ്പൂതിരി സഹോദരനായിരുന്നു. സമൂഹത്തിലെ അനാചാരങ്ങൾക്കും അനീതിക്കും കൊള്ളരുതായ്മകൾക്കും എതിരായി ജീവിതകാലം മുഴുവൻ പ്രതികരിച്ച ദേവകി അന്തർജ്ജനം നൂറാം വയസ്സിലും ആരോഗ്യവതിയായി ഗതകാല സ്മരണകൾ അയവിറക്കുന്നു. 

 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait