വന്ധ്യംകരണം നടത്തിയ യുവതി വീണ്ടും ഗര്‍ഭിണിയായി; നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്

Published on 09 January 2020 11:05 am IST

തൊടുപുഴ: വന്ധ്യംകരണ ശസ്ത്രക്രിയയ്ക്ക് വിധേയയായ യുവതി ഗര്‍ഭിണിയായ സംഭവത്തില്‍ ആരോഗ്യവകുപ്പ് ഒരുലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. നേരത്തെ നഷ്ട പരിഹാരമായി സര്‍ക്കാര്‍ നല്‍കിയ 30,000 രൂപയ്ക്കു പുറമേ ഒരു ലക്ഷം കൂടി നല്‍കാന്‍ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് ഉത്തരവിട്ടു. തുക രണ്ടു മാസത്തിനകം നല്‍കണം. 

മൂന്ന് പെണ്‍കുട്ടികളുടെ അമ്മയായ പള്ളിവാസല്‍ സ്വദേശിനി 2012-ലാണ് അടിമാലി താലൂക്ക് ആശുപത്രിയില്‍ വന്ധ്യംകരണ ശസ്ത്രക്രിയ നടത്തിയത്. 2015-ല്‍ വയറു വേദനയെത്തുടര്‍ന്ന് വീണ്ടും ആശുപത്രിയിലെത്തിയപ്പോള്‍ ഗര്‍ഭിണിയാണെന്ന് അറിഞ്ഞു. യുവതിയുടെ ഭര്‍ത്താവ് നഷ്ടപരിഹാരം ആവശ്യപ്പെട്ട് മെഡിക്കല്‍ ഓഫീസര്‍ക്ക് കത്ത് നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. തുടര്‍ന്നാണ് മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചത്. കമ്മീഷന്‍ നോട്ടീസയച്ചപ്പോള്‍ ഡി.എം.ഒ 30,000 രൂപ നഷ്ടപരിഹാരം അനുവദിച്ചു. ഈ തുക തീര്‍ത്തും അപര്യാപ്തമാണെന്ന് കമ്മീഷന്‍ തൊടുപുഴയില്‍ നടത്തിയ സിറ്റിങ്ങില്‍ പരാതിക്കാരി അറിയിച്ചു. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബം നിത്യവ്യത്തിക്ക് പോലും വിഷമിക്കുകയാണെന്നും പരാതിക്കാരി പറഞ്ഞു.

തുക കണക്കാക്കിയതിന്റെ മാനദണ്ഡം ലഭ്യമെല്ലന്നും നല്‍കിയ തുക അപര്യാപ്തമാണെന്നും വിലയിരുത്തിയാണ് കമ്മീഷന്റെ ഉത്തരവ്. കൂടുതല്‍ നഷ്ടപരിഹാരം ആവശ്യമുണ്ടെങ്കില്‍ സിവില്‍ കോടതിയെ സമീപിക്കാമെന്നും ഉത്തരവില്‍ പറയുന്നു.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait