'പിരീഡ്സ്' വൈകിയാല്‍ എന്തെല്ലാമാണ് കഴിക്കേണ്ട ഭക്ഷണങ്ങള്‍?

Published on 20 December 2019 10:13 am IST

ആര്‍ത്തവത്തിന്റെ തീയ്യതികള്‍ ചെറുതായി അങ്ങോട്ടോ ഇങ്ങോട്ടോ മാറുന്നത് അത്ര 'അബ്നോര്‍മല്‍' ആയി കണക്കാക്കപ്പെടുന്നില്ല. എന്നാല്‍ പതിവായി ക്രമം തെറ്റി ആര്‍ത്തവമെത്തുന്നത് വലിയ തരത്തിലുള്ള ശാരീരിക-മാനസിക വിഷമതകള്‍ ഉണ്ടാക്കിയേക്കും. ഇത്തരം സന്ദര്‍ഭങ്ങളില്‍ കാര്യമായ എന്തെങ്കിലും പ്രശ്നങ്ങളുണ്ടോ എന്ന് ഡോക്ടറുടെ സഹായത്തോടെ കണ്ടെത്തേണ്ടത് അത്യാവശ്യം തന്നെയാണ്. 

ചിലപ്പോഴൊക്കെ മോശം ഡയറ്റ്, ഉറക്ക പ്രശ്നങ്ങള്‍, സ്ട്രെസ് എന്നിങ്ങനെയുള്ള ഘടകങ്ങള്‍ ആര്‍ത്തവ തീയ്യതികളെ മാറ്റിമറിക്കാറുണ്ട്. അങ്ങനെയുള്ള സന്ദര്‍ഭങ്ങളില്‍ ചില പ്രത്യേകതരം ഭക്ഷണങ്ങള്‍ കഴിക്കുന്നത് ഒരു പരിധി വരെ ഫലപ്രദമാകും. എളുപ്പത്തില്‍ ആര്‍ത്തവമെത്താനാണ് ഈ ഭക്ഷണ സാധനങ്ങള്‍ സഹായകമാകുന്നത്. അത്തരത്തിലുള്ള ചില ഭക്ഷണങ്ങള്‍ ഏതെല്ലാമെന്ന് ഒന്ന് നോക്കാം. 

ഒന്ന്...

വിറ്റാമിന്‍- സി അധികമായി അടങ്ങിയ ഭക്ഷണമാണ് ഈ പട്ടികയില്‍ ആദ്യം പെടുന്നത്. അതുപോലെ പച്ച പപ്പായ, പൈനാപ്പിള്‍ എന്നിവയും ആര്‍ത്തവം എളുപ്പമാകാന്‍ സഹായകമായവയാണ്. ഓറഞ്ച്, ചെറുനാരങ്ങ, കിവി, മാങ്ങ തുടങ്ങിയവയെല്ലാം ആര്‍ത്തവം എളുപ്പത്തിലാകാന്‍ സഹായിക്കുന്ന ഭക്ഷണങ്ങളാണ്. 

രണ്ട്...

ഇഞ്ചിയാണ് ഈ പട്ടികയില്‍ പെടുന്ന രണ്ടാമന്‍. ആര്‍ത്തവം ക്രമത്തിലാകാന്‍ മാത്രമല്ല, ആര്‍ത്തവ സമയത്തെ ബുദ്ധിമുട്ടുകള്‍ കുറയ്ക്കാനും ഇഞ്ചി സഹായകമാണ്. 

മൂന്ന്...

മൂന്നാമതായി ഈ പട്ടികയില്‍പ്പെടുന്നത് മഞ്ഞളാണ്. രക്തയോട്ടം സുഗമമാക്കാനാണ് മഞ്ഞള്‍ പ്രധാനമായും ഫലപ്രദമാകുന്നത്. പതിവായി ആര്‍ത്തവക്രമം തെറ്റുന്നുണ്ടെങ്കില്‍ പാലില്‍ മഞ്ഞള്‍ ചേര്‍ത്ത് കുടിക്കുന്നത് ശീലമാക്കിയാല്‍ മതി. 

നാല്...

ശര്‍ക്കരയാണ് ഇക്കൂട്ടത്തില്‍ വരുന്ന മറ്റൊരു ഭക്ഷണ സാധനം. സാധാരണ ഇളം ചൂടുള്ള വെള്ളം ഒരു ഗ്ലാസ് കുടിക്കുന്നതിനോടൊപ്പം ഒരു കഷ്ണം ശര്‍ക്കര കഴിക്കുക. അത്ര മാത്രമേ ചെയ്യേണ്ടതുളളൂ. 

അഞ്ച്...

ബീറ്റ്റൂട്ട് ധാരാളം അയേണ്‍ അടങ്ങിയിട്ടുള്ള പച്ചക്കറിയാണ്. അതുപോലെ കാത്സ്യം, ഫോളിക് ആസിഡ് തുടങ്ങിയ അവശ്യ ഘടകങ്ങളും ബീറ്റ്റൂട്ടിലുണ്ട്. ഇവ വയര്‍ വീര്‍ത്തുകെട്ടുന്നത് ഒഴിവാക്കുകയും രക്തം എളുപ്പത്തില്‍ ഒഴുകിപ്പോകാന്‍ സഹായിക്കുകയും ചെയ്യും.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait