ഗര്‍ഭകാലം; അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍

Published on 07 May 2019 5:20 pm IST

ഗര്‍ഭകാലത്തെ മാനസിക സമ്മര്‍ദ്ദം അമ്മയെക്കാള്‍ കുഞ്ഞിനാകും കൂടുതലായി ബാധിക്കുക. കുഞ്ഞിന് വളര്‍ച്ചക്കുറവും തൂക്കക്കുറവും ഉണ്ടാവാന്‍ ഇത് ഇടയാക്കും. ഇത്തരക്കാരില്‍ മാസം തികയാതെ പ്രസവവേദന വരാനും പ്രസവിക്കാനുമുള്ള സാധ്യതയുണ്ടെന്നും പഠനങ്ങള്‍ പറയുന്നു.
 
ഇന്ന് മിക്കവരും വിവാഹം കഴിഞ്ഞ ഉടനെ ഗര്‍ഭിണിയാവാന്‍ തയ്യാറാവുന്നില്ല. ആദ്യ പ്രസവത്തിന്റെ പ്രായം കൂടിയിട്ടുണ്ടെന്നാണ് ഡോക്ടര്‍മാരുടെ നിരീക്ഷണം. 18-20 വയസിലൊക്കെ ഗര്‍ഭം ധരിക്കുന്നവരുടെ എണ്ണം കുറഞ്ഞിട്ടുണ്ട്. മിക്കവരുടെ ആദ്യത്തെ പ്രസവം 27-28 വയസിലായിരിക്കും. ആദ്യത്തെയും രണ്ടാമത്തെയും പ്രസവങ്ങള്‍ തമ്മിലുള്ള ഗ്യാപ്പും കൂടിയിട്ടുണ്ടെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. 

മിക്കവരും മൂന്ന് വര്‍ഷത്തിലേറെ ഇടവേള കഴിഞ്ഞാണ് രണ്ടാമത്തെ ഗര്‍ഭധാരണത്തിന് തയ്യാറെടുക്കുന്നത്. ഒരു കുഞ്ഞ് മതി എന്ന് തീരുമാനിക്കുന്നവരുടെയും എണ്ണം കൂടിയിട്ടുണ്ട്. സാധാരണ പ്രസവത്തേക്കാള്‍ സിസേറിയന്‍ ചെയ്യുന്നവരുടെ എണ്ണം ഇന്ന് കൂടി വരുന്നു.

ഉയര്‍ന്ന വിദ്യാഭ്യാസമുള്ളവരാണ് സിസേറിയന്‍ വിധേയരാവുന്നതില്‍ കൂടുതല്ലെന്നും പഠനങ്ങള്‍ വെളിപ്പെടുത്തുന്നു. ഗര്‍ഭിണിയാകാന്‍ ഉദ്ദേശിക്കുന്നുവര്‍ക്കും ഗര്‍ഭകാലത്തും ശ്രദ്ധിക്കേണ്ടതും അറിഞ്ഞിരിക്കേണ്ടതുമായ കാര്യങ്ങളെ കുറിച്ചാണ് പറയാന്‍ പോകുന്നത്...

ഗര്‍ഭിണിയാകുന്നതിന് മുന്‍പ്

ആദ്യം രക്തപരിശോധന നടത്തണം. ഗര്‍ഭിണിയാവും മുന്‍പേ ചില പ്രതിരോധ കുത്തിവയ്പ്പുകളെടുക്കുന്നത് വളരെ നല്ലതാണ്. ഹെപ്പറ്റൈറ്റിസ് വാക്‌സിന്‍, സെര്‍വിക്കല്‍ കാന്‍സറിനുള്ള വാക്‌സിന്‍, ചിക്കന്‍പോക്‌സിന്റെ വാക്‌സിന്‍, എം.എം.ആര്‍ വാക്‌സിന്‍ തുടങ്ങിയവയെല്ലാം വിവിധ രോഗങ്ങളില്‍ നിന്ന് പ്രതിരോധം ഉറപ്പുവരുത്തും. സര്‍വൈക്കല്‍ കാന്‍സറിന്റെയും ചിക്കന്‍പോക്‌സിന്റെയും വാക്‌സിന്‍ എടുത്തിട്ട് ഒരു മാസം കഴിഞ്ഞേ ഗര്‍ഭം ധരിക്കാവൂ.

തുടക്കത്തില്‍ എന്തൊക്കെ പരിശോധനകള്‍ വേണം

ഗര്‍ഭിണിയായി എന്ന് സംശയം തോന്നുന്ന സമയത്ത് തന്നെ ഗൈനക്കോളജിസ്റ്റിനെ കാണുക. ആദ്യത്തെ ചെക്കപ്പില്‍ തന്നെ രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ്, അമ്മയുടെ രക്തഗ്രൂപ്പ്, എച്ച്.ഐ.വി, ഹെപ്പറ്റൈറ്റിസ് ബി, വി.ഡി.ആര്‍.എല്‍ തുടങ്ങിയ രക്തത്തിലെ അണുബാധകളുടെ സ്‌ക്രീനിങ് ടെസ്റ്റ്, തൈറോയ്ഡ് ടെസ്റ്റ് എന്നിവ പരിശോധിക്കണം. 

ഗര്‍ഭകാലത്തെ മാനസിക സമ്മര്‍ദ്ദം

ഗര്‍ഭകാലത്തെ മാനസിക സമ്മര്‍ദ്ദം അമ്മയെക്കാള്‍ കുഞ്ഞിനാകും കൂടുതലായി ബാധിക്കുക. കുഞ്ഞിന് വളര്‍ച്ചക്കുറവും തൂക്കക്കുറവും ഉണ്ടാവാന്‍ ഇത് ഇടയാക്കും. ഇത്തരക്കാരില്‍ മാസം തികയാതെ പ്രസവവേദന വരാനും പ്രസവിക്കാനുമുള്ള സാധ്യതയുണ്ടെന്നും പഠനങ്ങള്‍ പറയുന്നു.

ഫോളിക് ആസിഡ് ഗുളിക കഴിക്കേണ്ടതിന്റെ ആവശ്യകത

കുഞ്ഞിന്റെ ബുദ്ധിപരമായ കഴിവുകള്‍ കുറെയൊക്കെ ജന്മസിദ്ധമാണ്. എന്നാല്‍ കുഞ്ഞിന്റെ തലച്ചോറിന്റെയും നാഡീവ്യൂഹത്തിന്റെയും വളര്‍ച്ചയെ ബാധിക്കാന്‍ സാധ്യതയുള്ള അംഗവൈകല്യങ്ങള്‍ കുറയ്ക്കാനായി ഗര്‍ഭത്തിന് ഗര്‍ഭം ധരിക്കുന്നതിന് മൂന്ന് മാസം മുന്‍പേ തന്നെ ഫോളിക് ആസിഡ് എന്ന വൈറ്റമിന്‍ ഗുളിക കഴിക്കാം. അമ്മയ്ക്ക് തൈറോയ്ഡ് ഹോര്‍മോണിന്റെ കുറവുണ്ടെങ്കില്‍ അത് നോര്‍മല്‍ ലെവല്‍ ആക്കിയിട്ട് വേണം ഗര്‍ഭം ധരിക്കേണ്ടത്. 

സാധാരണ പ്രസവത്തിനുള്ള സാധ്യത കൂട്ടാന്‍

സുഖപ്രസവ സാധ്യത കൂട്ടാനായി നിത്യേന ചെറിയ വ്യായാമങ്ങള്‍ ശീലിക്കാം. അത് രാവിലെയും വൈകുന്നേരവും 20 മിനിറ്റ് കൈവീശിയുള്ള നടത്തമാകാം. യോഗയും ചെയ്യാം. ബ്രീത്തിങ് എക്‌സര്‍സൈസും ചെയ്യാം. എന്നാല്‍ മുമ്പ് ശീലമില്ലാത്ത വ്യായാമ മുറകളൊന്നും തന്നെ ഗര്‍ഭകാലത്ത് ചെയ്യരുത്.

കിടക്കുന്ന രീതി

ഏതെങ്കിലും ഒരു വശത്തേക്ക് ചരിഞ്ഞ് കിടക്കുന്നതാണ് നല്ലത്. നേരെ കിടക്കുമ്പോള്‍ ഗര്‍ഭപാത്രത്തിന്റെ ഭാരം കാരണം അതിലേക്കുള്ള രക്തചംക്രമണം കുറയും. മലര്‍ന്നും കമിഴ്ന്നും കിടക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Latest News

Loading...please wait