എം.എസ് ധോണി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചു

Published on 15 August 2020 11:01 pm IST

റാഞ്ചി: ഒരു വര്‍ഷത്തോളം നീണ്ട ഊഹാപോഹങ്ങള്‍ക്കൊടുവില്‍ മുന്‍ ക്യാപ്റ്റന്‍ എം.എസ് ധോനി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. ശനിയാഴ്ച വൈകീട്ട് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് ധോനി വിരമിക്കല്‍ പ്രഖ്യാപിച്ചത്.

'നന്ദി, നിങ്ങള്‍ ഇതുവരെ തന്ന എല്ലാ പിന്തുണയ്ക്കും സ്നേഹത്തിനും ഒരുപാട് നന്ദി. ഇന്ന് 7.29 മുതല്‍ ഞാന്‍ വിരമിച്ചതായി കണക്കാക്കുക', വീഡിയോക്കൊപ്പം അദ്ദേഹം കുറിച്ചു. 

ഐ.സി.സിയുടെ മൂന്ന് പ്രധാന ട്രോഫികളും നേടിയ ഏക ക്യാപ്റ്റനാണ് ധോനി. 28 വര്‍ഷത്തെ കാത്തിരിപ്പിനു ശേഷം ഇന്ത്യയ്ക്ക് ലോകകപ്പ് നേടിത്തന്നതും ധോനി തന്നെ. 2007-ലെ പ്രഥമ ട്വന്റി-20 ലോകകപ്പും ധോനിയുടെ നായകത്വത്തിലാണ് ഇന്ത്യ നേടിയത്. 2013-ലെ ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫിയും ഇന്ത്യക്ക് നേടിത്തന്നു. 2019-ലെ ലോകകപ്പ് സെമിഫൈനലില്‍ കിവീസിനോട് തോറ്റ് ഇന്ത്യ പുറത്തായ ശേഷം ധോനി പിന്നീട് മത്സര ക്രിക്കറ്റിന്റെ ഭാഗമായിട്ടില്ല. ഇത്തവണ യു.എ.ഇയില്‍ നടക്കാനിരിക്കുന്ന ഐ.പി.എല്‍ 13-ാം സീസണില്‍ അദ്ദേഹം കളിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

2004-ല്‍ ബംഗ്ലാദേശിനെതിരേ അരങ്ങേറ്റം കുറിച്ച ധോനി പിന്നീട് ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ക്യാപ്റ്റന്‍മാരുടെ നിരയിലേക്ക് വളര്‍ന്നു. 350 ഏകദിനങ്ങള്‍ കളിച്ച അദ്ദേഹം 50.57 ശരാശരിയില്‍ 10773 റണ്‍ നേടിയിട്ടുണ്ട്. 10 സെഞ്ചുറികളും 73 അര്‍ദ്ധ സെഞ്ചുറികളും പേരിലുണ്ട്. 98 ട്വന്റി-20 മത്സരങ്ങളില്‍ നിന്നായി 37.60 ശരാശരിയില്‍ 1617 റണ്‍സ് നേടി. രണ്ട് അര്‍ദ്ധ സെഞ്ചുറികളും ഇതില്‍ ഉള്‍പ്പെടുന്നു.

ധോണിക്ക് പിന്നാലെ സുരേഷ് റെയ്‌നയും വിരമിക്കല്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait