ഇന്ത്യ-വിന്‍ഡീസ് ഏകദിന പരമ്പര നാളെ മുതല്‍; കോലിപ്പടയ്ക്ക് തിരിച്ചടിയായി പരിക്ക് 

Published on 14 December 2019 11:18 am IST

ചെന്നൈ: ഇന്ത്യയും വിന്‍ഡീസും തമ്മിലുള്ള ഏകദിന ക്രിക്കറ്റ് പരമ്പരക്ക് നാളെ തുടക്കം. മൂന്ന് മത്സരങ്ങളുള്ള പരമ്പരയിലെ ആദ്യ മത്സരം ചെന്നൈയിലാണ് നടക്കുന്നത്. പകലും രാത്രിയുമായുള്ള മത്സരം ഉച്ചയ്ക്ക് 1.30-ന് തുടങ്ങും. ഇന്ത്യയെ വിരാട് കോലിയും വിന്‍ഡീസിനെ കീറോണ്‍ പൊള്ളാര്‍ഡുമാണ് നയിക്കുക. 

അതേസമയം, വീണ്ടും പരിക്കേറ്റ ഇന്ത്യന്‍ പേസര്‍ ഭുവനേശ്വര്‍ കുമാറിനെ ടീമില്‍ നിന്ന് ഒഴിവാക്കി. ഭുവനേശ്വറിന് പകരം മുംബൈ പേസര്‍ ഷാര്‍ദുല്‍ താക്കൂറിനെ ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്തി. ട്വന്റി 20 പരമ്പരക്കിടെയാണ് ഭുവനേശ്വറിന് പരിക്കേറ്റത്. പരിക്കിന്റെ സ്വഭാവം വ്യക്തമല്ലെങ്കിലും ലോക കപ്പിനിടെ ഏറ്റ പരിക്കിന്റെ  തുടര്‍ച്ചയാണെന്ന് റിപ്പോര്‍ട്ടുണ്ട്. 

കഴിഞ്ഞ സെപ്റ്റംബറില്‍ ഏഷ്യ കപ്പിലാണ് താക്കൂര്‍ അവസാനം ഇന്ത്യക്കായി ഏകദിനത്തില്‍ കളിച്ചത്. മുഷ്താഖ് അലി ട്രോഫി ട്വന്റി 20-യില്‍ മുംബൈക്കായി എട്ട് കളിയില്‍ ഒന്‍പത് വിക്കറ്റ് വീഴ്ത്തിയിരുന്നു മുഹമ്മദ് ഷമി, ദീപക് ചാഹര്‍ എന്നിവരാണ് ടീമിലെ മറ്റ് പേസര്‍മാര്‍. ടി-20 പരമ്പര 2-1 ന് ജയിച്ചാണ് ടീം ഇന്ത്യ ഏകദിന പരമ്പരയ്ക്കിറങ്ങുക. 18-ന് വിശാഖപ്പട്ടണത്തും 22-ന് കട്ടക്കിലുമാണ് മറ്റ് രണ്ട് ഏകദിനങ്ങള്‍.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait