സൗരവ് ഗാംഗുലി ബി.സി.സി.ഐ പ്രസിഡന്റായി ചുമതലയേറ്റു

Published on 23 October 2019 3:48 pm IST

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റിന് ഇനി പുതിയ മുഖം. ബി.സി.സി.ഐയുടെ പുതിയ പ്രസിഡന്റായി മുന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി ചുമതലയേറ്റു. മുംബൈയില്‍ നടക്കുന്ന വാര്‍ഷിക ജനറല്‍ ബോഡി യോഗത്തിലാണ് ഗാംഗുലി അധികാരമേറ്റത്. ഇക്കാര്യം ബി.സി.സി.ഐ ട്വിറ്ററിലൂടെ ഔദ്യോഗികമായി പുറത്തുവിട്ടു. 

ബി.സി.സി.ഐയുടെ 39-ാം പ്രസിഡന്റാണ് ഗാംഗുലി. പത്ത് മാസമായിരിക്കും ഗാംഗുലിയുടെ കാലാവധി. കേരള ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് ജയേഷ് ജോര്‍ജ്ജ് ജോയിന്റ് സെക്രട്ടറിയായും ചുമതലയേറ്റു. ബി.സി.സി.ഐയുടെ ഭാരവാഹിയാകുന്ന മൂന്നാമത്തെ മലയാളിയാണ് ജയേഷ് ജോര്‍ജ്ജ്. ആഭ്യന്തര മന്ത്രി അമിത് ഷായുടെ മകന്‍ ജയ് ഷാ സെക്രട്ടറിയായും ധനകാര്യ സഹമന്ത്രിയും മുന്‍ ബി.സി.സി.ഐ പ്രസിഡന്റുമായ അനുരാഗ് ഠാക്കൂറിന്റെ ഇളയ സഹോദരനായ അരുണ്‍ ധുമല്‍ ട്രഷററായും പദവിയേറ്റെടുത്തു. 

മുന്‍ ക്രിക്കറ്റ് താരം ബ്രിജേഷ് പട്ടേല്‍ ലക്ഷ്യം വെച്ചിരുന്ന പ്രസിഡന്റ് സ്ഥാനം അപ്രതീക്ഷമായാണ് ഗാംഗുലിയിലേക്കെത്തിയത്. മുംബൈയില്‍ ഞായറാഴ്ച രാത്രി ചേര്‍ന്ന ബി.സി.സി.ഐ യോഗമാണ് പൊതു സമ്മതനായി ഗാംഗുലിയെ പ്രസിഡന്റാക്കാന്‍ തീരുമാനിച്ചതെന്നാണ് റിപ്പോര്‍ട്ട്. നിലവില്‍ ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റാണ് ഗാംഗുലി. എന്‍. ശ്രീനിവാസന്റെ പിന്തുണയുള്ള ബ്രിജേഷ് പട്ടേല്‍ അധ്യക്ഷനാകുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ശ്രീനിവാസന്റെ ലോബിക്കെതിരെ പല സംസ്ഥാന ക്രിക്കറ്റ് ബോര്‍ഡുകളും ശക്തമായ എതിര്‍പ്പ് അറിയിച്ചതോടെയാണ് ഗാംഗുലിക്ക് വഴി തുറന്നത്. സമവായ സ്ഥാനാര്‍ഥിയായണ് ഗാംഗുലിയുടെ പേര് ഉയര്‍ന്നുവന്നത്. ബ്രിജേഷ് പട്ടേലിനെ ഐ.പി.എല്‍ ചെയര്‍മാനായി തിരഞ്ഞെടുത്തിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait