ചുംബിച്ചതില്‍ ക്ഷമ ചോദിച്ച് ലൂയിസ് റൂബിയാലെസ്

പ്രസിഡന്റിന്റെ പ്രവൃത്തിയോടുള്ള നീരസം പ്രകടമാക്കിയെങ്കിലും റൂബിയാലെസിന് താനുള്‍പ്പെടെയുള്ള വനിതാ താരങ്ങളുമായി നല്ല ബന്ധമാണുള്ളതെന്നും ആ നീക്കം അപ്രതീക്ഷിതമായിരുന്നെങ്കിലും അത് വിജയനിമിഷത്തില്‍ സ്വാഭാവികമായി സംഭവിച്ചതാണെന്നും ജെന്നിഫര്‍ വ്യക്തമാക്കി
Published on 22 August 2023 IST

മാഡ്രിഡ്: സ്പാനിഷ് താരം ജെന്നിഫര്‍ ഹെര്‍മോസോയെ ചുംബിച്ചതില്‍ താരത്തോട് ക്ഷമ ചോദിച്ച് സ്പാനിഷ് ഫുട്ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് ലൂയിസ് റൂബിയാലെസ്. ഞായറാഴ്ച വനിതാ ലോകകപ്പില്‍ സ്പെയ്ന്‍ കിരീടമുയര്‍ത്തിയതിനു പിന്നാലെ നടന്ന സമ്മാനദാന ചടങ്ങില്‍ വച്ചായിരുന്നു റൂബിയാലെസ് സ്പാനിഷ് താരത്തെ കെട്ടിപ്പിടിക്കുകയും ചുണ്ടില്‍ ചുംബിക്കുകയും ചെയ്തത്. മറ്റുതാരങ്ങളെ കവിളില്‍ ചുംബിക്കുകയും ചെയ്തിരുന്നു. പിന്നാലെ റൂബിയാലെസിന്റെ പെരുമാറ്റം ഇഷ്ടമായില്ലെന്ന് ഹെര്‍മോസോ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചതോടെ സംഭവം വിവാദമായി. ഇതോടെ ഹെര്‍മോസോ തന്നെ വിശദീകരണവുമായി രംഗത്തെത്തി. പ്രസിഡന്റിന്റെ പ്രവൃത്തിയോടുള്ള നീരസം പ്രകടമാക്കിയെങ്കിലും റൂബിയാലെസിന് താനുള്‍പ്പെടെയുള്ള വനിതാ താരങ്ങളുമായി നല്ല ബന്ധമാണുള്ളതെന്നും ആ നീക്കം അപ്രതീക്ഷിതമായിരുന്നെങ്കിലും അത് വിജയനിമിഷത്തില്‍ സ്വാഭാവികമായി സംഭവിച്ചതാണെന്നും ജെന്നിഫര്‍ വ്യക്തമാക്കി. എങ്കിലും മാധ്യമങ്ങളടക്കം റൂബിയാലെസിനെതിരേ കടുത്ത വിമര്‍ശനം അഴിച്ചുവിട്ടു. സ്ത്രീകള്‍ അനുദിനം അനുഭവിക്കുന്ന ലൈംഗിക അതിക്രമത്തിന്റെ ഉദാഹരണമാണിതെന്ന് സ്പെയിനിലെ മന്ത്രി ഐറിന്‍ മൊണ്ടെറോ പ്രതികരിച്ചു. റൂബിയാലെസിന്റെ പ്രവൃത്തി സ്പെയിനിന്റെ കിരീടനേട്ടത്തിന്റെ ശോഭകെടുത്തിയെന്നും വിമര്‍ശനമുയര്‍ന്നു.
ഇതിനു പിന്നാലെയാണ് റൂബിയാലെസ് ക്ഷമാപണവുമായി രംഗത്തെത്തിയത്. താന്‍ ചെയ്തത് പൂര്‍ണമായും തെറ്റാണെന്നും അത് താന്‍ സമ്മതിക്കുന്നുവെന്നും അദ്ദേഹം പ്രതികരിച്ചു. യാതൊരു ദുരുദ്ദേശത്തോടെയും ആയിരുന്നില്ല ആ പ്രവൃത്തിയെന്നും മറിച്ച് ആ നിമിഷത്തെ ആവേശത്തില്‍ ചെയ്തതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആ നിമിഷത്തില്‍ അതൊരു സ്വാഭാവിക സംഗതിയായിരുന്നെങ്കിലും പുറത്ത് അങ്ങനെയായിരുന്നില്ലെന്നും റൂബിയാലെസ് വ്യക്തമാക്കി.

 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Latest News

Loading...please wait