വ്യാപക മണൽ വേട്ട

നീണ്ട ഒരിടവേളയ്ക്ക് ശേഷം കണ്ണൂരില്‍ വിവിധ പേലിസ് സ്റ്റേഷന് കീഴില്‍ വ്യാപക മണല്‍വേട്ട.
Published on 11 August 2023 IST

നീണ്ട ഒരിടവേളയ്ക്ക് ശേഷം കണ്ണൂരില്‍ വിവിധ പേലിസ് സ്റ്റേഷന് കീഴില്‍ വ്യാപക മണല്‍വേട്ട. മയ്യില്‍, വളപട്ടണം, കണ്ണപുരം എന്നീ പോലിസ് സ്‌റ്റേഷന്‍ പരിധിയില്‍ നടത്തിയ പരിശോധനയിലാണ് വാഹനമടക്കം മണല്‍കടത്തുകാരെ പിടികൂടിയത്. നാലു ലോറിയും ഡ്രൈവറെയും കസ്റ്റഡിയിലെടുത്തു. ലോറി ഉപേക്ഷിച്ചു മൂന്നു ഡ്രൈവര്‍മാര്‍ ഓടി രക്ഷപ്പെട്ടു. മയ്യിലില്‍ അനധികൃത മണല്‍കടത്ത് ലോറിയും ഡ്രൈവറും പിടിയില്‍. നാറാത്ത് ടി.സി ഗെയിറ്റിന് സമീപത്തെ പി.ശിഹാബിനെ (29)യാണ് മയ്യില്‍ എസ്.ഐ പ്രശോഭ്, ശ്രീജിത്ത് എന്നിവരടങ്ങിയ സംഘം പിടികൂടിയത്. ചേലേരിമുക്ക് കയ്യംകോട് വച്ചാണ് കെഎല്‍.58.2698 നമ്പര്‍ ടിപ്പര്‍ ലോറിയില്‍ കടത്തുകയായിരുന്ന മണലുമായി ഡ്രൈവര്‍ പിടിയിലായത്. മണലും ലോറിയും പോലിസ് കസ്റ്റഡിയിലെടുത്തു. വളപട്ടണത്ത് അനധികൃത മണല്‍കടത്തിയ രണ്ടു ടിപ്പര്‍ ലോറികള്‍ പോലിസ് പിടികൂടി. പുതിയതെരുവില്‍ വച്ച് മണല്‍ കടത്തിവരികയായിരുന്ന കെ.എല്‍.02.എ.സി. 6139 നമ്പര്‍ ടിപ്പര്‍ ലോറിയും വളപട്ടണം പഴയ ടോള്‍ ബൂത്തിന് സമീപത്ത്‌വച്ച് കെഎല്‍.58. ഇ.147 നമ്പര്‍ ടിപ്പര്‍ ലോറിയുമാണ് വളപട്ടണം എസ്.ഐ പി.ജി സാംസണും സംഘവും പിടികൂടിയത്. ഡ്രൈവര്‍മാര്‍ ഓടി രക്ഷപ്പെട്ടു. ലോറികള്‍ പോലിസ് കസ്റ്റഡിയിലെടുത്തു. കണ്ണപുരം പോലിസിന്റെ നേതൃത്വത്തില്‍ അനധികൃത മണല്‍കടത്ത് ടിപ്പര്‍ ലോറി പിടികൂടി. ഡ്രൈവറും സഹായിയും ഓടി രക്ഷപ്പെട്ടു. ഇന്ന് പുലര്‍ച്ചെ 5.30 ഓടെ അയ്യോത്ത് വച്ചാണ് കെ.എല്‍.59. ബി. 1430 നമ്പര്‍ ടിപ്പര്‍ ലോറി എസ്.ഐ കെ.കെ രേഷ്മയും സംഘവും പിടികൂടിയത്. ലോറി പോലിസ് കസ്റ്റഡിയിലെടുത്തു. ഓടി രക്ഷപ്പെട്ട ഡ്രൈവര്‍മാര്‍ക്കായി വ്യാപക തിരച്ചില്‍ നടത്തി. വളപട്ടണം പോലിസ് സ്‌റ്റേഷനില്‍ വ്യാപകമായി മണല്‍കടത്തുണ്ടായിരുന്നു. മഴ മാറിയതോടെ വീണ്ടും അനധികൃത മണല്‍കടത്ത് കൂടുകയാണെന്ന് പോലിസ് അറിയിച്ചു.


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Latest News

Loading...please wait