ബസ് ഡ്രൈവറെ ആക്രമിച്ച പ്രതി അറസ്റ്റില്‍

പടന്നക്കാടു മുതല്‍ പുതിയകോട്ട വരെയുള്ള നൂറോളം സിസിടിവി ക്യാമറകള്‍ പരിശോധിച്ചതില്‍ നിന്നും 15 ക്യാമറകളില്‍ നിന്നുള്ള ദൃശ്യങ്ങള്‍ അടിസ്ഥാനപ്പെടുത്തി നടത്തിയ അന്വേഷണത്തിലാണ് കാറിനെ കുറിച്ച് സൂചന ലഭിച്ചത്
Published on 09 August 2023 IST

കാഞ്ഞങ്ങാട്: സ്വകാര്യ ബസ് കാറില്‍ തട്ടിയതിനെ ചൊല്ലി ബസ്‌ഡ്രൈവറെ കയ്യേറ്റം ചെയ്യുകയും താക്കോലും മൊബൈല്‍ഫോണും തട്ടിപ്പറിച്ച് രക്ഷപ്പെടുകയും ചെയ്ത കാര്‍ ഡ്രൈവര്‍ അറസ്റ്റില്‍.
അജാനൂര്‍ കൊളവയലിലെ പി.കെ ജാസിറിനെ(38)യാണ് ഹൊസ്ദുര്‍ഗ് ഇന്‍സ്‌പെക്ടര്‍ കെ.പി ഷൈനും സംഘവും അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. പടന്നക്കാടു മുതല്‍ പുതിയകോട്ട വരെയുള്ള നൂറോളം സിസിടിവി ക്യാമറകള്‍ പരിശോധിച്ചതില്‍ നിന്നും 15 ക്യാമറകളില്‍ നിന്നുള്ള ദൃശ്യങ്ങള്‍ അടിസ്ഥാനപ്പെടുത്തി നടത്തിയ അന്വേഷണത്തിലാണ് കാറിനെ കുറിച്ച് സൂചന ലഭിച്ചത്. തുടര്‍ന്ന് കാറിന്റെ ഉടമ അജാനൂര്‍ സ്വദേശി നാസറാണെന്ന് കണ്ടെത്തി. നാസറിനെ ചോദ്യം ചെയ്തപ്പോഴാണ് കാര്‍ ഓടിച്ചതും ബസ് ഡ്രൈവറെ അക്രമിച്ചതും ജാസിറാണെന്ന് വെളിപ്പെടുത്തിയത്.
കഴിഞ്ഞ വ്യാഴാഴ്ച പടന്നക്കാട് മേല്‍പ്പാലത്തില്‍ വച്ചാണ് കേസിനാസ്പദമായ സംഭവം നടന്നത്.
കാഞ്ഞങ്ങാട് നിന്ന് പയ്യന്നൂരിലേക്ക് പോവുകയായിരുന്ന കെ.എല്‍ 58 എന്‍ 2537 നമ്പര്‍ ബസ് കാറില്‍ ഉരസിയെന്ന് ആരോപിച്ചാണ് ജാസിര്‍ കാര്‍ കുറുകെയിട്ട് ബസ് തടഞ്ഞുനിര്‍ത്തി ബസ് ഡ്രൈവര്‍ തൃക്കരിപ്പൂര്‍ മെട്ടമ്മല്‍ സൗത്ത് സ്വദേശി പി.പി പ്രവീണ്‍ കുമാറിനെ മര്‍ദ്ദിക്കുകയും ബസിന്റെ താക്കോലും മൊബൈല്‍ ഫോണും തട്ടിയെടുത്ത് സ്ഥലം വിട്ടത്. ബസ് സ്റ്റാര്‍ട്ട് ചെയ്യാന്‍ കഴിയാതെ ദേശീയപാതയില്‍ വാഹനകുരുക്കുണ്ടാവുകയും ചെയ്തു. തുടര്‍ന്ന് പോലിസെത്തി ഗ്യാരേജ് ജീവനക്കാരനെ വരുത്തിച്ച് ബസ് സ്റ്റാര്‍ട്ട് ചെയ്ത് റോഡില്‍ നിന്നും നീക്കിയാണ് ദേശീയപാതയിലെ ഗതാഗതകുരുക്ക് ഒഴിവാക്കിയത്.

 






സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Latest News

Loading...please wait