വ്യാജ വിമാനടിക്കറ്റ് ഉടമയായ യുവതിക്കെതിരേ വീണ്ടും കേസ്

പേരാവൂരിലെ ഫോര്‍ച്യൂണ്‍ ടൂര്‍സ് ആന്റ് ട്രാവല്‍സ് ഉടമ മുരിങ്ങോടിയിലെ നീതു അനില്‍കുമാറിനെ (32)തിരെ പോലീസ് കേസെടുത്തത്
Published on 08 August 2023 IST

ചിറ്റാരിക്കാല്‍: വ്യാജ വിമാന ടിക്കറ്റ് നല്‍കി തട്ടിപ്പ് നടത്തിയ പേരാവൂരിലെ  ട്രാവല്‍സ് ഉടമയായ യുവതിക്കെതിരെ ചിറ്റാരിക്കാല്‍ കേസെടുത്തു.ചിറ്റാരിക്കാല്‍ പാലാവയല്‍ നിരത്തുംതട്ട് സ്വദേശിനിയും  നഴ്‌സുമായ യുവതിയുടെ പരാതിയിലാണ് പേരാവൂരിലെ ഫോര്‍ച്യൂണ്‍ ടൂര്‍സ് ആന്റ് ട്രാവല്‍സ് ഉടമ മുരിങ്ങോടിയിലെ നീതു അനില്‍കുമാറിനെ (32)തിരെ പോലീസ് കേസെടുത്തത്. ന്യൂസ്ലാന്റില്‍ ജോലിചെയ്യുന്ന യുവതി നാട്ടിലേക്ക് വരാനായി ഇക്കഴിഞ്ഞ മാര്‍ച്ച് 21 ന് പേരാവൂരിലെ ഫോര്‍ച്യൂണ്‍ ടൂര്‍സ് ആന്റ് ട്രാവല്‍സില്‍ 2,95,000 രൂപക്ക് വിമാനടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. എന്നാല്‍ വിമാനതാവളത്തിലെത്തിയപ്പോഴാണ് ടിക്കറ്റ് വ്യാജമാണെന്ന് മനസ്സിലായത്. തുടര്‍ന്ന് പരാതിക്കാരി മറ്റൊരു ടിക്കറ്റെടുത്താണ്  നാട്ടിലെത്തിയത്.  നാട്ടിലെത്തിയ ഇവര്‍ ചിറ്റാരിക്കാല്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. സുഹൃത്തുക്കള്‍ മുഖേന പരിചയപ്പെട്ട നീതുവില്‍ നിന്നും ഇതിന് മുമ്പും പലതവണ യുവതി വിമാനടിക്കറ്റ് വാങ്ങിയിട്ടുണ്ടെന്ന് പറയുന്നു. അന്ന് യുവതി മറ്റൊരു സ്ഥാപനത്തിലെ ജീവനക്കാരിയായിരുന്നു. പിന്നീടാണ് സ്വന്തമായി പേരാവൂരില്‍ ഫോര്‍ച്യൂണ്‍ ടൂര്‍സ് ആന്റ് ട്രാവല്‍സ് ആരംഭിച്ചത്. അതേസമയം നീതു സമാനരീതിയില്‍ വ്യാജ വിമാനടിക്കറ്റ് നല്‍കി നിരവധിപേരില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയെടുത്തിട്ടുണ്ട്. പേരാവൂര്‍ സ്റ്റേഷനില്‍ മാത്രം ഇവര്‍ക്കെതിരെ 80 ലക്ഷത്തിന്റെ തട്ടിപ്പ് കേസ് നിലവിലുണ്ട്. കേസില്‍ അറസ്റ്റിലായ യുവതി റിമാന്റില്‍ കഴിയുകയാണ്.പലരില്‍ നിന്നുമായി ന്യൂസ്ലാന്റിലേക്ക് ടിക്കറ്റ് വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്തുവെന്ന കേസില്‍ പേരാവൂര്‍ ഇന്‍സ്‌പെക്ടര്‍ എം.എന്‍.ബിജോയി കഴിഞ്ഞ മാസം നീതുവിനെ അറസ്ററുചെയ്തിരുന്നു. ഈ കേസില്‍ റിമാന്റ് ചെയ്ത നീതുവിനെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തപ്പോഴാണ് കൂടുതല്‍ തട്ടിപ്പ് പുറത്തുവന്നത്. കസ്റ്റഡിയില്‍ ചോദ്യം ചെയ്യുന്നതിനിടയില്‍ കക്കയങ്ങാട് കണ്ടന്‍വീട്ടില്‍ പി.എം.ആര്യയേയും സഹോദരിയേയും മറ്റ് 11 പേരെയും മോസ്‌കോയില്‍ നിന്നും കണ്ണൂരിലേക്കുള്ള വിമാനടിക്കറ്റ് വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്തുവെന്ന പരാതിയും പോലീസില്‍ ലഭിച്ചു.  പാലാവയലിലെ യുവതിയുടെ പരാതിയില്‍ കേസെടുത്ത ചിറ്റാരിക്കാല്‍, പേരാവൂര്‍ സ്‌റ്റേഷനില്‍ അറസ്റ്റുചെയ്ത് റിമാന്റില്‍ കഴിയുന്ന നീതുവിനെ കോടതി മുഖാന്തിരം കസ്റ്റഡിയില്‍ വാങ്ങും.

 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Latest News

Loading...please wait