ആശുപത്രികളില്‍ വേഷം മാറിയെത്തി സ്ഥിരം മോഷണം; ഇല്ലിപ്പുറം സ്വദേശി പിടിയില്‍

കഴിഞ്ഞ ദിവസമാണ് പ്രസവ ശുശ്രൂഷക്ക് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന യുവതിയുടെ മുറിയില്‍ സൂക്ഷിച്ച സ്വര്‍ണ്ണവും പണവുമടങ്ങിയ ബാഗ് പ്രതി കവര്‍ന്നത്
Published on 07 August 2023 IST

കണ്ണൂര്‍: ആശുപത്രികളില്‍ വേഷം മാറിയെത്തി സ്ഥിരം മോഷണം നടത്തുന്നയാള്‍ പിടിയില്‍. പാപ്പിനിശേരി ഇല്ലിപ്പുറം സ്വദേശി ഷാംല മന്‍സിലില്‍ ഷൗക്കത്തലിയെ (47)യാണ് ടൗണ്‍ സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ പി.എ ബിനു മോഹന്റെ നേതൃത്വത്തില്‍ എസ്.ഐമാരായ സി.എച്ച് നസീബ്, സബിയ സച്ചി, എ.എസ്.ഐ നാസര്‍,ക്രൈം സ്‌ക്വാഡ് അംഗങ്ങളും ചേര്‍ന്ന് പിടികൂടിയത്. കഴിഞ്ഞ ദിവസമാണ് പ്രസവ ശുശ്രൂഷക്ക് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന യുവതിയുടെ മുറിയില്‍ സൂക്ഷിച്ച സ്വര്‍ണ്ണവും പണവുമടങ്ങിയ ബാഗ് പ്രതി കവര്‍ന്നത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ കണ്ണൂര്‍ കൊയിലി ആശുപത്രിയിലെ 404 നമ്പര്‍ മുറിയിലായിരുന്നു സംഭവം. കണ്ണൂര്‍ തയ്യില്‍ മൈതാനപ്പള്ളിയിലെ ഐ ക്കൊടിച്ചി ഹൗസില്‍ നാസറിന്റെ മകളുടെ ഒന്നരപവന്റെ ആഭരണവും 11,000 രൂപയും ആധാര്‍ കാര്‍ഡുമടങ്ങിയ ബാഗ് ആണ് കവര്‍ന്നത്.  കഴുത്തിലും കൈക്കും ബാന്‍ഡേജ് കെട്ടി മറച്ച മോഷ്ടാവാണ് മുറിയില്‍ കയറി മോഷണം നടത്തി മുങ്ങിയത്. രാവിലെ ബാഗ് നഷ്ടപ്പെട്ട വിവരം യുവതി ബന്ധുക്കളെ അറിയിക്കുകയും തുടര്‍ന്ന് ടൗണ്‍ പോലിസില്‍ പരാതി നല്‍കുകയുമായിരുന്നു. ആശുപത്രിയിലെ നിരീക്ഷണ ക്യാമറ പരിശോധിച്ചപ്പോഴാണ് ബാന്‍ഡേജ് കെട്ടി വേഷം മാറിയെത്തിയ മോഷ്ടാവിന്റെ ദൃശ്യം ലഭിച്ചത്. തുടര്‍ന്നാണ് പ്രതിയെ തിരിച്ചറിഞ്ഞത്. ദിവസങ്ങള്‍ക്ക് മുമ്പ് ഇയാള്‍ എ.കെ.ജി ആശുപത്രിയിലും സമാനമായ രീതിയില്‍ മോഷണം നടത്തി രക്ഷപ്പെട്ടിരുന്നു.

 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Latest News

Loading...please wait