ഭാര്യയും ഭര്‍ത്താവും ചേര്‍ന്ന് ജ്വല്ലറി ഉടമയെ കബളിപ്പിച്ച് 10 ലക്ഷം തട്ടിയെടുത്തു

ഷൗക്കത്തലിയും ഭാര്യയും തുടര്‍ച്ചയായി പരാതിക്കാരന്റെ ജ്വല്ലറിയിലെത്തി ബാങ്കില്‍ പണയപ്പെടുത്തിയ സ്വര്‍ണാഭരണങ്ങള്‍ എടുത്തു നല്‍കാമെന്ന് വിശ്വസിപ്പിച്ച് പണം ആവശ്യപ്പെടുകയായിരുന്നു
Published on 07 August 2023 IST

ബേക്കല്‍: ബാങ്കില്‍ പണയപ്പെടുത്തിയ സ്വര്‍ണാഭരണങ്ങള്‍ തിരിച്ചെടുത്ത് നല്‍കാമെന്നും വിശ്വസിപ്പിച്ച് ജ്വല്ലറി ഉടമയില്‍ നിന്നും ദമ്പതികള്‍ 10 ലക്ഷം തട്ടിയെടുത്തു. കാസര്‍കോട് എംജി റോഡിലെ സില്‍വര്‍ ആന്റ് ഗോള്‍ഡ് ജ്വല്ലറി ഉടമ കുഡ്ലു മീപ്പുഗിരിയിലെ മുറിഞ്ഞകല്ലില്‍ വീട്ടില്‍ പ്രദീപ് ജോയിയാണ് തട്ടിപ്പിനിരയായത്. തുടര്‍ന്ന് ബേക്കല്‍ പോലിസില്‍ നല്‍കിയ പരാതിയില്‍ പൂച്ചക്കാട് കീക്കാനിലെ ഷൗക്കത്ത് അലിക്കും ഭാര്യക്കുമെതിരെ കേസെടുത്തു. ഷൗക്കത്തലിയും ഭാര്യയും തുടര്‍ച്ചയായി പരാതിക്കാരന്റെ ജ്വല്ലറിയിലെത്തി ബാങ്കില്‍ പണയപ്പെടുത്തിയ സ്വര്‍ണാഭരണങ്ങള്‍ എടുത്തു നല്‍കാമെന്ന് വിശ്വസിപ്പിച്ച് പണം ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ശനിയാഴ്ച കാറില്‍ വന്ന ഷൗക്കത്തിനും ഭാര്യക്കുമൊപ്പം 10 ലക്ഷം രൂപയുമായി പണയ സ്വര്‍ണം എടുക്കാനായി ജ്വല്ലറിയിലെ ജീവനക്കാരനെ പറഞ്ഞു വിടുകയായിരുന്നു. പൂച്ചക്കാട്ട് കീക്കാനിലെ സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ മുന്നില്‍ കാര്‍ നിര്‍ത്തിയശേഷം പണവുമായി ഷൗക്കത്തിന്റെ ഭാര്യ ബാങ്കിലേക്ക് പോയി. അല്‍പ്പസമയം കഴിഞ്ഞ് തിരിച്ചുവന്ന് പലിശയിനത്തില്‍ 15,000 രൂപകൂടി വേണമെന്ന് ആവശ്യപ്പെടുകയായിരുന്നു. കാറിലുണ്ടായിരുന്ന ജ്വല്ലറി ജീവനക്കാരന്‍ പുറത്തിറങ്ങി പാന്റിന്റെ പോക്കറ്റില്‍ നിന്നും പണം എടുക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ യുവതി ഓടിമറഞ്ഞു. ഇതിനിടയില്‍ ഷൗക്കത്ത് കാര്‍ എടുത്ത് രക്ഷപ്പെട്ടു. കബളിപ്പിക്കപ്പെട്ടതായി മനസിലാക്കിയ ജ്വല്ലറി ഉടമ ബേക്കല്‍ പോലിസില്‍ പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഷൗക്കത്തലി സമാനമായ നിരവധി കേസുകളില്‍ പ്രതിയാണെന്ന് ബേക്കല്‍ പോലിസ് പറഞ്ഞു. നേരത്തെ കാസര്‍കോട് എമറാള്‍ഡ് ജ്വല്ലറിയില്‍ നിന്നും സമാനരീതിയില്‍ തട്ടിപ്പ് നടത്തിയതിന് ഇയാള്‍ക്കെതിരെ കേസ് നിലവിലുണ്ട്.

 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Latest News

Loading...please wait