182 കിലോ കഞ്ചാവും ഹാഷിഷ് ഓയിലും കടത്തിയ കേസ്: 15 വര്‍ഷത്തേക്ക് ശിക്ഷ

182 കിലോ കഞ്ചാവും ഒരു കിലോ ഹാഷിഷ് ഓയിലും കടത്തികൊണ്ട് വന്ന കേസില്‍ മുഴുവന്‍ പ്രതികളെയും മഞ്ചേരി എന്‍.ഡി.പി.എസ് സ്‌പെഷ്യല്‍ കോടതി 15 വര്‍ഷത്തേക്ക് ശിക്ഷിച്ചു
Published on 05 August 2023 IST

നിലമ്പൂര്‍: കൂറ്റമ്പാറയില്‍ 182 കിലോ കഞ്ചാവും ഒരു കിലോ ഹാഷിഷ് ഓയിലും കടത്തികൊണ്ട് വന്ന കേസില്‍ മുഴുവന്‍ പ്രതികളെയും മഞ്ചേരി എന്‍.ഡി.പി.എസ് സ്‌പെഷ്യല്‍ കോടതി 15 വര്‍ഷത്തേക്ക് ശിക്ഷിച്ചു. 2021 സെപ്റ്റംബര്‍ 17നു നിലമ്പൂര്‍ കൂറ്റമ്പാറയില്‍ വച്ച് എക്‌സൈസ് കമ്മീഷണറുടെ ഉത്തരമേഖല സ്‌ക്വാഡ്, എക്സൈസ് ഇന്റലിജന്‍സ്, നിലമ്പൂര്‍ എക്‌സൈസ് സര്‍ക്കിള്‍, റെയിഞ്ച് ഓഫീസുകള്‍ എന്നിവിടങ്ങളിലെ ഇരുപതോളം ജീവനക്കാര്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരായ മുഹമ്മദ് ഷഫീഖ്, കെ വി നിതിന്‍, ഷിജു മോന്‍ നേതൃത്വത്തില്‍ കൂറ്റമ്പറായില്‍ സംയുക്തമായി നടത്തിയ പരിശോധനയിലാണ് കഞ്ചാവും ഹാഷിഷ് ഓയിലും സഹിതം പിടികൂടിയത്. കൂറ്റമ്പാറ സ്വദേശികളായ വടക്കുമ്പാടം അബ്ദുല്‍ ഹമീദ്, ഓടയ്ക്കല്‍ വീട്ടില്‍ അലി, കല്ലുടുംബന്‍ വീട്ടില്‍ ജംഷാദ്,ഗൂഡല്ലൂര്‍ സ്വദേശി ഷറഫുദ്ദീന്‍ എന്നിവരെ പിടികൂടിയത്. തുടര്‍ന്ന് എക്‌സൈസ് ക്രൈം ബ്രാഞ്ച് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ആര്‍.എല്‍ ബൈജുവിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ അന്വേഷണത്തില്‍ ആന്ധ്രയില്‍ നിന്നു കഞ്ചാവ് കൊണ്ടുവന്ന സംഘത്തിലെ അമരമ്പലം പൊടിയാട്ടു വീട്ടില്‍ വിഷ്ണു,ഗൂഡല്ലൂര്‍ സ്വദേശികളായ ഷാഫിര്‍ അഹമ്മദ്, ശിഹാബ്,പോത്തുകല്ല് സ്വദേശി പുള്ളിമാന്‍ എന്ന് വിളിക്കുന്ന മഠത്തില്‍ റഫീഖ് എന്നിവരെയും ഇവര്‍ക്ക് സ്ഥിരമായി കഞ്ചാവ് കടത്താന്‍ വാഹനം നല്‍കി സഹായിച്ചിരുന്ന ഗുഡല്ലൂര്‍ സ്വദേശി നിസാര്‍, പണം നല്‍കി കഞ്ചാവിന് കാത്തിരുന്ന കാളികാവ് ചാഴിയോട് സ്വദേശി കുണ്ടറാവു മുത്തു എന്ന സൈഫുദ്ദീന്‍ എന്നിവരെയും അറസ്റ്റ് ചെയ്തു.വിചാരണയില്‍ ഇരിക്കുമ്പോള്‍ കുറ്റപത്രം തയ്യാറാക്കി സമര്‍പ്പിക്കുകയായിരുന്നു. കുറ്റകൃത്യത്തില്‍ എല്ലാവര്‍ക്കും തുല്യ പങ്കാളിത്തം നിരീക്ഷിച്ച കോടതി പ്രതികള്‍ക്കെല്ലാം 15 വര്‍ഷം കഠിന തടവും രണ്ട് ലക്ഷംരൂപ പിഴയും ശിക്ഷ വിധിക്കുകയായിരുന്നു. ഒളിവിലായിരുന്ന ഒന്നാംപ്രതി സല്‍മാനെ കഴിഞ്ഞ മാസമാണ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ പ്രത്യേക കുറ്റപത്രം തയ്യാറാക്കിയ സമര്‍പ്പിക്കും. എന്‍ഡിപിഎസ് കേസില്‍ ശിക്ഷ കഴിഞ്ഞു പുറത്തിറങ്ങി. ഇനിയും ഇത്തരത്തിലുള്ള ഒരു കൊമേഴ്‌സില്‍ ക്വാണ്ടിറ്റി മയക്കുമരുന്ന് കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ടാല്‍ വധശിക്ഷ വരെ നല്‍കാന്‍ എന്‍ ഡി പി എസ് നിയമം വകുപ്പ് 31(എ) പ്രകാരം സാധിക്കും. ക്രൈംബ്രാഞ്ച് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറോടൊപ്പം കെ. സുധീര്‍, സുഗന്ധകുമാര്‍, പി. സജീവ്, എ. ജിബില്‍, എന്‍. രാജേഷ്, എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍മാരായ അഡ്വ. അബ്ദുല്‍ സത്താര്‍ തലാപ്പില്‍, അഡ്വ. ടോം കെ. തോമസ്  ഹാജരായി. ലൈസണ്‍ ഓഫീസര്‍മാരായ പ്രിവേന്റീവ് ഓഫീസര്‍മാര്‍ ആസിഫ് ഇക്ബാല്‍,കെ. ശങ്കരനാരായണന്‍ എന്നിവര്‍ കേസ് നടത്തിപ്പുകളുടെ ചുമതല വഹിച്ചു.

 

 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Latest News

Loading...please wait