ഗോദയില്‍ തിളങ്ങാന്‍ അച്ഛനും മകനും

ഡാര്‍ജിലിങ്ങില്‍ നടക്കുന്ന നാഷനല്‍ ചെസ് ബോക്സിങ് ചാംപ്യന്‍ഷിപ്പില്‍ ഒരുമിച്ച് നേട്ടം കൊയ്യാന്‍ അച്ഛനും മകനും
Published on 04 August 2023 IST

കണ്ണൂര്‍: ഡാര്‍ജിലിങ്ങില്‍ നടക്കുന്ന നാഷനല്‍ ചെസ് ബോക്സിങ് ചാംപ്യന്‍ഷിപ്പില്‍ ഒരുമിച്ച് നേട്ടം കൊയ്യാന്‍ അച്ഛനും മകനും ഒരുങ്ങുകയാണ്. കണ്ണൂര്‍ അഴീക്കോട് സ്വദേശിയായ ടി.പി അര്‍ഷാദും മകന്‍ അസം അര്‍ഷാദുമാണ് ചെസ് ബോക്സിങ് ചാംപ്യന്‍ഷിപ്പില്‍ കേരളത്തിനുവേണ്ടി ഗോദയിലെത്തിയത്. കേരളത്തില്‍ നിന്നു ആകെ ഏഴുപേരാണ് ഡാര്‍ജലിങില്‍ നടക്കുന്ന മത്സരത്തില്‍ പങ്കെടുക്കാന്‍ യോഗ്യത നേടിയത്. അതില്‍ രണ്ടുപേരായാണ് അച്ഛനും മകനും തിളങ്ങാന്‍ അവസരം ലഭിച്ചത്.
ചെസ്, ബോക്‌സിങ് എന്നിവ സംയോജിപ്പിച്ചുള്ള മത്സരമാണിത്. ഇടവിട്ടുള്ള മത്സരമാണ് നടക്കുക. മൂന്ന് മിനിറ്റ് വീതമുള്ള മൂന്ന് റൗണ്ട് ചെസും രണ്ട് റൗണ്ട് ബോക്‌സിങ്ങും ചേര്‍ന്നതാണ് ഒരു റൗണ്ട്. മത്സരത്തില്‍ ഒരാള്‍ ചെക്ക് മേറ്റ് ആവുകയോ റിങ്ങില്‍ നോക്കൗട്ട്  ആവുകയോ ചെയ്താല്‍ വിജയിയെ പ്രഖ്യാപിക്കും.
ജൂനിയര്‍ 55 കിലോഗ്രാം വിഭാഗത്തില്‍ മത്സരിക്കാനാണ് അസം അര്‍ഷാദ് ആദ്യമായി ഗോദയിലെത്തിയത്. ഇതിന്റെ ആദ്യറൗണ്ട് ഇന്നലെ പൂര്‍ത്തിയായി. അതില്‍ വിജയിച്ച് അസം രണ്ടാം റൗണ്ടിലേക്ക് കടന്നു. പള്ളിക്കുന്ന് ശ്രീപുരം ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിയാണ് അസം. വിവിധ ക്ലബ്ബുകള്‍ക്കായി നേരത്തെ മത്സരങ്ങളില്‍ പങ്കെടുത്ത് വിജയിച്ചിട്ടുണ്ട്. പിതാവ് അര്‍ഷാദ് തന്നെയാണ് അസമിന്റെ പരിശീലകന്‍.അര്‍ഷാദിന്റെ ആദ്യറൗണ്ട് മത്സരം ഇന്നു നടക്കും. സീനിയര്‍ 85 കിലോഗ്രാം വിഭാഗത്തിലാണ് അര്‍ഷാദ് മത്സരിക്കുന്നത്. വ്യാഴായ്ചയാണ് മത്സരം അവസാനിക്കുന്നത്. അഴീക്കോട് സ്വദേശിയായ അര്‍ഷാദ് പാപ്പിനിശേരിയില്‍ ഡ്രൈ ഫ്രൂട്ട്സ് വ്യാപാരിയാണ്. 2006 മുതല്‍ അര്‍ഷാദ് ബോക്സിങ് പരിശീലിക്കുന്നുണ്ട്. കരാട്ടെ ബോക്സിങ് ചാംപ്യന്‍ഷിപ്പിലും പങ്കെടുത്തിട്ടുണ്ട്. 2009 മുതലാണ് ഇന്ത്യയില്‍ ചെസ് ബോക്സിങ് തുടങ്ങിയത്. അന്നുമുതല്‍ ഈ വിഭാഗത്തിലും പരീശീലനം തേടി മത്സരങ്ങളില്‍ പങ്കെടുക്കുന്നുണ്ട്. 2020, 2022 വര്‍ഷങ്ങളില്‍ നാഷനല്‍ ചാംപ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടിയിട്ടുണ്ട്. 2022 വര്‍ഷം തന്നെ ഇന്ത്യയെ പ്രതിനിധീകരിച്ച് ചെസ് ബോക്‌സിങ് വേള്‍ഡ് ചാപ്യന്‍ഷിപ്പില്‍ സ്വര്‍ണമെഡല്‍ നേടിയിട്ടുണ്ട്. കൂടാതെ സ്റ്റേറ്റ്, ജില്ലാ ചാപ്യന്‍ഷിപ്പുകളില്‍ ഓരാ തവണ വീതവും സ്വര്‍ണം നേടി. ചെസ് ബോക്‌സിങ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറിയും വുഷു അസോസിയേഷന്‍ ജില്ലാ സെക്രട്ടറിയുമായാണ്. എം.പി ഫര്‍മിനയാണ് ഭാര്യ. അസം അര്‍ഷാദിനെ കൂടതെ രണ്ടുമക്കള്‍ കൂടിയുണ്ട്.

 

 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Latest News

Loading...please wait